കിരീടപോരാട്ടത്തില്‍ ഗോകുലം x ഡെംപോ
Saturday, April 5, 2025 1:36 AM IST
കോഴിക്കോട്: ഐലീഗ് സീസണിലെ ആവേശകരമായ പോരാട്ടത്തിനു കോഴിക്കോട് വേദിയാകുന്നു. നാളെ വൈകുന്നേരം നാലിനു കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്സി ഡെംപോ എസ്സി ഗോവയെ നേരിടും.
ഗോകുലത്തിന്റെ കിരീടമോഹത്തിന് ഈ മത്സരം നിര്‍ണായകമാണ്. മൂന്നാം ലീഗ് കിരീടവും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കുള്ള സ്ഥാനക്കയറ്റവുമാണു ഗോകുലം ലക്ഷ്യമിടുന്നത്.
21 മത്സരങ്ങളില്‍ 37 പോയിന്റുമായി ഗോകുലം നിലവില്‍ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ചര്‍ച്ചില്‍ ബ്രദേഴ്സിന് 39 പോയിന്റുണ്ട്. കിരീടത്തിനായുള്ള പോരാട്ടത്തിനത്തുന്ന മൂന്നാം സ്ഥാനക്കാരായ കശ്മീര്‍ എഫ്സിക്ക് 36 പോയിന്റാണുള്ളത്.
കോഴിക്കോട് സ്റ്റേഡിയം ഗ്രൗണ്ടില്‍ മത്സരം നടക്കുന്ന അതേസമയത്തുതന്നെ ശ്രീനഗറില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്സി ഗോവയും റിയല്‍ കശ്മീര്‍ എഫ്സിയും ഏറ്റുമുട്ടും.
ഗോകുലം കേരള എഫ്സിക്ക് കിരീടം നേടണമെങ്കില്‍ ഡെംപോ എസ്സി ഗോവയെ ഗോകുലം പരാജയപ്പെടുത്തുകയും ചര്‍ച്ചില്‍ ബ്രദേഴ്സ് റിയല്‍ കശ്മീര്‍ എഫ്സിയോടു തോല്‍ക്കുകയും വേണം. റിയല്‍ കശ്മീര്‍ എഫ്സി ചര്‍ച്ചില്‍ ബ്രദേഴ്സിനെ 3-0 എന്ന മാര്‍ജിനില്‍ തോല്‍പ്പിക്കുകയും ഡെംപോ എസ്സി ഗോവയോടു ഗോകുലം തോല്‍ക്കുകയും ചെയ്താല്‍ കിരീടം റിയല്‍ കാഷ്മീരിനു നേടാനായേക്കും.
അതേസമയം, റിയല്‍ കാഷ്മീര്‍ എഫ്സിക്കെതിരായ ഒരു സമനിലയോ വിജയമോ മാത്രം മതി ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്സി ഗോവയ്ക്കു കിരീടം ഉറപ്പിക്കാന്‍. ഇതു ചാമ്പ്യന്മാരെ നിര്‍ണയിക്കുന്നതില്‍ അവരുടെ മത്സരത്തെ നിര്‍ണായകമാക്കുന്നു. അതിനാല്‍ത്തന്നെ ഈ രണ്ടു മത്സരങ്ങളും ലീഗിലെതന്നെ ഏറ്റവും നിര്‍ണായക മത്സരമായി മാറുകയാണ്.
ലീഗില്‍ മുന്‍പ് ഡെംപോ എസ്സിയെ നേരിട്ട ഗോകുലം 1 -0 മാര്‍ജിനില്‍ ജയിച്ചിരുന്നു. പോയിന്റ് ടേബിളില്‍ ഒന്‍പതാം സ്ഥാനത്താണ് അവരിപ്പോള്‍. ഗോകുലം മുമ്പ് രണ്ടുതവണ ഐലീഗ് ട്രോഫി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ആ സമയത്ത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കുള്ള (ഐഎസ്എല്‍) സ്ഥാനക്കയറ്റം നിലവില്‍ വന്നിട്ടില്ലായിരുന്നു.