ബ്രൂക്ക് നയിക്കും
Tuesday, April 8, 2025 1:19 AM IST
ലണ്ടന്‍: ഏകദിന, ട്വന്റി-20 പോരാട്ടങ്ങളില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിനെ ഇനി ഹാരി ബ്രൂക്ക് നയിക്കും. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ൽസ് ക്രിക്കറ്റ് ബോര്‍ഡാണ് (ഇസിബി) ഇക്കാര്യം അറിയിച്ചത്.
ഐസിസി 2024 ഏകദിന ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിനു പിന്നാലെ ജോസ് ബട്ലര് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ഹാരി ബ്രൂക്ക് എത്തുന്നത്.
2022 ജനുവരിയിലാണ് ബ്രൂക്ക് രാജ്യാന്തര അരങ്ങേറ്റം നടത്തിയത്. ഇംഗ്ലണ്ടിനായി ഇതുവരെ 26 ഏകദിനങ്ങള്‍ കളിച്ചു. 34.00 ശരാശരിയില്‍ 816 റണ്‍സ് നേടി. 110 ആണ് ഉയര്‍ന്ന സ്കോര്‍. 2022ല്‍ ട്വന്റി-20 ലോകകപ്പ് കിരീടം നേടിയ ഇംഗ്ലീഷ് ടീമില്‍ അംഗമായിരുന്നു. 44 ട്വന്റി-20യും 24 ടെസ്റ്റും ഇംഗ്ലണ്ടിനായി ഈ ഇരുപത്താറുകാരന് കളിച്ചു.
ഐപിഎല്‍ വേണ്ടെന്നുവച്ചു
ഐപിഎല്ലില്‍ 2025 മെഗാ താര ലേലത്തില്‍ 6.25 കോടി രൂപ മുടക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഹാരി ബ്രൂക്കിനെ സ്വന്തമാക്കിയിരുന്നു. എന്നാല്‍, 2025 ഐപിഎല്‍ സീസണ് ആരംഭിക്കുന്നതിനു മുമ്പ് പിന്മാറുന്നതായി ഹാരി ബ്രൂക്ക് അറിയിച്ചു. അകാരണമായി പിന്മാറിയതിനെത്തുടര്ന്ന് ബ്രൂക്കിനെ രണ്ടു വര്‍ഷത്തേക്ക് ഐപിഎല്ലില്‍നിന്ന് വിലക്കിയിരിക്കുകയാണ്.
വിദേശ താരങ്ങള്‍ പരിക്കിന്റെ പേരില്‍ അല്ലാതെ ടൂര്‍ണമെന്റില്‍നിന്നു പിന്മാറിയാല് വിലക്ക് ഏര്‍പ്പെടുത്താമെന്ന നിയമപ്രകാരമാണിത്. ദേശീയ ടീമില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഐപിഎല്ലില്‍നിന്ന് പിന്മാറിയത് എന്നായിരുന്നു ബ്രൂക്ക് അന്നു പറഞ്ഞത്. ഐപിഎല്‍ വേണ്ടെന്നുവച്ച ബ്രൂക്ക് ഇപ്പോള്‍ ഇംഗ്ലീഷ് ക്യാപ്റ്റനായിരിക്കുന്നു.