കോഹ്ലി നന്പർ 1
Friday, May 26, 2023 12:59 AM IST
മുംബൈ: ഇൻസ്റ്റഗ്രാം പിന്തുടർച്ചക്കാരുടെ എണ്ണത്തിൽ പുതിയ റിക്കാർഡ് കുറിച്ച് ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോഹ്ലി. പിന്തുടർച്ചക്കാരുടെ (ഫോളോവേഴ്സ്) എണ്ണത്തിൽ 250 മില്യണ്‍ (25 കോടി) കടക്കുന്ന ആദ്യ ഏഷ്യൻ കായിക താരം എന്ന നേട്ടം കോഹ്ലി സ്വന്തമാക്കി. ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ളതും കോഹ്ലിക്കാണ്.
കായിക താരങ്ങളുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് പട്ടികയിൽ ഫുട്ബോൾ സൂപ്പർ താരങ്ങളായ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും (58.5 കോടി) അർജന്റീനയുടെ ലയണൽ മെസിക്കും (46.2 കോടി) പിന്നിൽ മൂന്നാം സ്ഥാനത്താണ് കോഹ്ലി.
2023 സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ കോഹ്ലി മികച്ച ഫോമിലായിരുന്നു. രണ്ട് സെഞ്ചുറിയും ആറ് അർധസെഞ്ചുറിയുമടക്കം 14 മത്സരങ്ങളിൽ 639 റണ്‍സ് കോഹ്ലി നേടി. ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരം എന്ന റിക്കാർഡും കോഹ്ലി സ്വന്തമാക്കി.
@ ലണ്ടൻ
അടുത്ത മാസം ഏഴിന് ആരംഭിക്കാനിരിക്കുന്ന ഐസിസി ടെസ്റ്റ് ലോക ചാന്പ്യൻഷിപ്പ് ഫൈനലിനായി ലണ്ടനിലാണ് കോഹ്ലി ഇപ്പോൾ. ഐപിഎല്ലിൽ കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെ കോഹ്ലി ലണ്ടനിലേക്ക് പുറപ്പെട്ടിരുന്നു. ഇന്നു മുതൽ കോഹ്ലി പരിശീലനത്തിനിറങ്ങും. ഓസ്ട്രേലിയയാണ് ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി.