ഒഡീഷയെ തോൽപ്പിച്ച് കേരളം സന്തോഷ് ട്രോഫി സെമി ഫൈനൽ സാധ്യത നിലനിർത്തി
Friday, February 17, 2023 11:46 PM IST
ഭുവനേശ്വർ: 76-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ സെമിഫൈനൽ സാധ്യത സജീവമാക്കി കേരളം. നിലവിലെ ചാന്പ്യന്മാരായ കേരളം ഗ്രൂപ്പ് എയിലെ നിർണായക മത്സരത്തിൽ ആതിഥേയരായ ഒഡീഷയെ തോൽപ്പിച്ചതോടെയാണിത്. നിജൊ ഗിൽബർട്ട് നേടിയ ഗോളിൽ 1-0നായിരുന്നു കേരളത്തിന്റെ ജയം.
15-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്കിൽനിന്നായിരുന്നു കേരളത്തിന്റെ വിജയഗോൾ. കേരളത്തിന്റെ ക്രോസിന് ഒഡീഷ താരം കൈവച്ചതിനായിരുന്നു പെനാൽറ്റി. കിക്കെടുത്ത നിജൊ ഗിൽബർട്ടിന് തെറ്റിയില്ല. ഫൈനൽ റൗണ്ടിൽ നിജൊയുടെ മൂന്നാം ഗോൾ കൂടിയാണിത്.
സെമി സാധ്യത ഇങ്ങനെ
ജയത്തോടെ നാല് മത്സരങ്ങളിൽനിന്ന് ഏഴ് പോയിന്റുമായി കേരളം ഗ്രൂപ്പ് എയിൽ മൂന്നാമതാണ്. 10 പോയിന്റുള്ള പഞ്ചാബും എട്ട് പോയിന്റുമായി കർണാടകയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ഞായറാഴ്ച പഞ്ചാബിനെതിരേയാണ് കേരളത്തിന്റെ അവസാന ഗ്രൂപ്പ് മത്സരം.
പഞ്ചാബിനെ തോൽപ്പിക്കുകയും കർണാടക അവസാന മത്സരത്തിൽ ഒഡീഷയോട് തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്യുകയാണെങ്കിൽ കേരളത്തിന് സെമിയിൽ പ്രവേശിക്കാം. മറിച്ച് എന്ത് സംഭവിച്ചാലും കേരളം പുറത്താകും. കാരണം, ഗോൾ വ്യത്യാസത്തിൽ കർണാടകയ്ക്ക് മുൻതൂക്കമുണ്ട്.