എടികെ തോറ്റു; ബ്ലാസ്റ്റേഴ്സിന് ആശ്വാസം
Monday, February 6, 2023 12:13 AM IST
കോൽക്കത്ത: ഐഎസ്എൽ ഫുട്ബോളിൽ എടികെ മോഹൻ ബഗാന് ഹോം മത്സരത്തിൽ തോൽവി. ബംഗളൂരു എഫ്സി 2-1ന് എടികെ മോഹൻ ബഗാനെ തോൽപ്പിച്ചു. എടികെ മോഹൻ ബഗാന്റെ തോൽവി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ആശ്വാസമായി. ബ്ലാസ്റ്റേഴ്സിന് ഇതോടെ മൂന്നാം സ്ഥാനത്ത് തുടരാം. എടികെ മോഹൻ ബഗാൻ ജയിക്കുകയോ സമനില നേടുകയോ ചെയ്തിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്ക് ഇറങ്ങുമായിരുന്നു.
ബംഗളൂരു എഫ്സിക്കുവേണ്ടി ഹാവി ഹെർണാണ്ടസ് (78’), എടികെയുടെ മുൻ താരം റോയ് കൃഷ്ണ (90+1’) എന്നിവരാണ് ഗോൾ നേടിയത്. ദിമിത്രി പെട്രാറ്റോസിന്റെ (90+3’) വകയായിരുന്നു ആതിഥേയരുടെ ഗോൾ. 16 മത്സരങ്ങളിൽനിന്ന് 27 പോയിന്റുമായി എടികെ മോഹൻ ബഗാൻ നാലാം സ്ഥാനത്ത് തുടരുന്നു. 28 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്. ജയത്തോടെ 25 പോയിന്റുമായി ബംഗളൂരു ആറാം സ്ഥാനത്ത് എത്തി.