സജൻ സുവർണപ്രകാശം
Thursday, October 6, 2022 11:59 PM IST
അഹമ്മദാബാദ്: കേരളത്തിന്റെ സ്വർണമത്സ്യം സജൻ പ്രകാശിന് 36-ാം ദേശീയ ഗെയിംസിൽ മൂന്നാം സ്വർണം. ഇതോടെ സജൻ പ്രകാശ് കേരളത്തിനായി നീന്തി സ്വന്തമാക്കിയ മെഡലുകളുടെ എണ്ണം ആറ് ആയി.
പുരുഷൻമാരുടെ 50 മീറ്റർ ബട്ടർ ഫ്ളൈയിലാണ് സാജൻ സ്വർണം നേടിയത്. 25.10 സെക്കൻഡിലായിരുന്നു താരത്തിന്റെ ഫിനിഷ്. തമിഴ്നാടിന്റെ ബെനഡിക്റ്റ് രോഹിത് വെള്ളിയും ഹരിയാനയുടെ ഹർഷ സരോഹ വെങ്കലവും സ്വന്തമാക്കി.
800 മീറ്റർ ഫ്രീസ്റ്റൈലിൽ 8:12.55 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സജൻ വെങ്കലം സ്വന്തമാക്കിയിരുന്നു. ഇതോടെ മൂന്ന് സ്വർണം രണ്ട് വെള്ളി ഒരു വെങ്കലം എന്നിങ്ങനെ ആറ് മെഡൽ ഗുജറാത്ത് ദേശീയ ഗെയിംസിൽ സജൻ സ്വന്തമാക്കി.
ബാഡ്മിന്റണിൽ സ്വർണം
പുരുഷ ഡബിൾസ് ബാഡ്മിന്റണിൽ കേരളത്തിന് സ്വർണം. പി.എസ്. രവിശങ്കർ - ശങ്കർപ്രസാദ് ഉദയകുമാർ സഖ്യമായിരുന്നു കേരളത്തിനായി ബാഡ്മിന്റണിൽ സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ തമിഴ്നാട് സഖ്യത്തിനെ 21-19, 21-19ന് കേരള സഖ്യം കീഴടക്കി.
ബാസ്കറ്റിൽ വെങ്കലം
മധ്യപ്രദേശിനെ കീഴടക്കി കേരള വനിതകൾ ബാസ്കറ്റ്ബോളിൽ വെങ്കലം സ്വന്തമാക്കി. 75-62ന് ആയിരുന്നു കേരളത്തിന്റെ ജയം. കേരളത്തിനായി പി.എസ്. ജീന, അനീഷ ക്ലീറ്റസ് എന്നിവർ 23 പോയിന്റ് വീതം സ്വന്തമാക്കി. നേരത്തേ 3x3 ബാസ്കറ്റിൽ കേരള വനിതകൾ വെള്ളി നേടിയിരുന്നു.