ജിസ്മോന് ഏറ്റവും ഉയർന്ന ആർബിറ്റർ ടൈറ്റിൽ
Saturday, August 13, 2022 2:03 AM IST
മഹാബലിപുരം: ലോക ചെസ് ഒളിന്പ്യാഡിനോടനുബന്ധിച്ച് നടന്ന ഫിഡേ കോണ്‍ഗ്രസിന്റെ സമാപനത്തിൽ ലോക ചെസ് ഫെഡറേഷന്റെ അംഗീകാരം മലയാളിക്കും. ‘ഇന്റർനാഷണൽ ആർബിറ്റർ’ എന്ന ടൈറ്റിൽ മലയാളിയായ ജിസ്മോൻ മാത്യുവിനു നല്കാൻ ലോക ചെസ് ഫെഡറേഷൻ തീരുമാനിച്ചു.
എല്ലാ നോമുകളും ജിസ്മോൻ വിജയകരമായി പൂർത്തിയാക്കിയതായി ഫെഡറേഷൻ വിലയിരുത്തി. ഗ്രാൻഡ്മാസ്റ്റർ ടൂർണമെൻറുകൾ, ലോക ചാന്പ്യൻഷിപ്പുകൾ എന്നിവയിൽ ചീഫ് ആർബിറ്ററാകാനുള്ള യോഗ്യതയാണു ജിസ്മോനു ലഭിച്ചത്.
ലോക ചെസ് ഫെഡറേഷന്റെ ഫിഡേ ആർബിറ്റർ ടൈറ്റിൽ ആദ്യമായി കേരളത്തിൽ എത്തിയത് ജിസ്മോൻ വഴിയായിരുന്നു. ചെസ് അസോസിയേഷൻ കേരളയുടെ ആദ്യ ഫിഡേ ആർബിറ്റർ. ലോക യൂത്ത് ഒളിന്പ്യാഡ്, കോമണ്‍വെൽത്ത് ചെസ് ചാന്പ്യൻഷിപ്പ്, ഗീതം വിസാഗ് ഗ്രാൻഡ്മാസ്റ്റർ ചെസ് എന്നീ മത്സരവേദികളിൽ കഴിവ് തെളിയിച്ച് തനിക്കാവശ്യമായ നോമുകൾ കരഗതമാക്കാൻ ജിസ്മോനു പത്തു വർഷം നീക്കിവയ്ക്കേണ്ടിവന്നു.
പത്താം ക്ലാസിൽ പഠിക്കുന്പോഴാണു ജിസ്മോൻ യാദൃച്ഛികമായി ചെസ് ലോകത്ത് എത്തിയത്. വീടിന് സമീപത്തെ ചെറിയ കടയിൽനിന്നു തുടങ്ങിയ കരുനീക്കം ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ അന്താരാഷ് ട്ര റേറ്റിംഗ് നേടുന്ന കളിക്കാരനിൽ എത്തി.
ഇന്റർനാഷണൽ ഷോട്ടോക്കാൻ കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ് വരെ പഠിച്ച ജിസ്മോൻ കരാട്ടെ ചാന്പ്യൻഷിപ്പുകളിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
വലിയകുമാരമംഗലം (മൂന്നിലവ്) സെന്റ് പോൾസ് ഹയർ സെക്കന്ററി സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനാണ്. തുടങ്ങനാട് സെന്റ് തോമസ് ഹൈസ്കൂളിൽ അധ്യാപികയായ ഭാര്യ ജിനുമോൾ ചെസിൽ നാഷണൽ ആർബിറ്ററായത് അടുത്ത കാലത്താണ്. മകൻ: ഒലീവിയോ ജിസ്മോൻ.