ചെന്പടയോട്ടം 18
Wednesday, February 26, 2020 12:31 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടത്തിനായുള്ള ലിവർപൂളിന്റെ യാത്ര സഫലമാകാൻ ഇനി വേണ്ടത് 11 മത്സരങ്ങളിൽ 12 പോയിന്റ് മാത്രം. നിലവിലെ ഫോം അനുസരിച്ച് ഒരു പക്ഷേ വെറും നാല് മത്സരങ്ങളിൽനിന്ന് അത് അവർ സ്വന്തമാക്കിയാലും അദ്ഭുതമില്ല. കാരണം, പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു ടീമിന്റെ തുടർച്ചയായ വിജയ റിക്കാർഡിനൊപ്പമെത്തിയിരിക്കുകയാണ് ലിവർപൂൾ.
വെസ്റ്റ് ഹാം യുണൈറ്റഡിനെതിരേ സ്വന്തം തട്ടകമായ ആൻഫീൽഡിൽ ലിവർപൂൾ 3-2ന്റെ ജയം സ്വന്തമാക്കിയതോടെയാണിത്. പ്രീമിയർ ലീഗിൽ ചെന്പടയുടെ തുടർച്ചയായ 18-ാം ജയമായിരുന്നു വെസ്റ്റ് ഹാമിനെതിരേ നേടിയത്. ഇതോടെ ലീഗ് ചരിത്രത്തിൽ തുടർച്ചയായ ഏറ്റവും അധികം ജയമെന്ന മാഞ്ചസ്റ്റർ സിറ്റിയുടെ റിക്കാർഡിനൊപ്പവും ചെന്പടയെത്തി. 2017ൽ ഓഗസ്റ്റ് മുതൽ ഡിസംബർവരെയായിരുന്നു സിറ്റി തുടർച്ചയായ 18 ജയത്തിലൂടെ റിക്കാർഡ് കുറിച്ചത്.
തട്ടകത്തിൽ റിക്കാർഡ്
ഇംഗ്ലീഷ് ഒന്നാം നന്പർ ലീഗിൽ ഹോം ഗ്രൗണ്ടിൽ ഏറ്റവും അധികം തുടർച്ചയായ ജയം നേടുന്ന റിക്കാർഡിനൊപ്പവും ലിവർപൂൾ എത്തി. വെസ്റ്റ് ഹാമിനെതിരേ നേടിയത് ലിവർപൂളിന്റെ തുടർച്ചയായ 21-ാം ഹോം ജയമായിരുന്നു. 1972ൽ ബിൽ ഷാങ്ക്ളിയുടെ കീഴിൽ ലിവർപൂൾ കുറിച്ച 21 തുടർ ഹോം ജയത്തിനൊപ്പമാണ് യെർഗൻ ക്ലോപ്പിന്റെ കുട്ടികൾ ഇപ്പോൾ എത്തിയിരിക്കുന്നത്. യൂറോപ്പിലെ മുൻനിര ലീഗുകളിൽ ഈ സീസണിൽ ലിവർപൂൾ മാത്രമാണ് ഇതുവരെ തോൽവി അറിയാത്തത്. 21-ാം നൂറ്റാണ്ടിൽ തോൽവി അറിയാതെ ലീഗ് കിരീടം സ്വന്തമാക്കുന്ന 34-ാം യൂറോപ്യൻ ക്ലബ് എന്ന നേട്ടം കുറിക്കാൻ ലിവർപൂളിനാകുമോ എന്നതിനാണ് ആരാധകരുടെ കാത്തിരിപ്പ്. പ്രീമിയർ ലീഗിൽ ആഴ്സണൽ (2003/04) മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത്. ആഴ്സണലിന്റെ റിക്കാർഡിനൊപ്പവും ലിവർപൂൾ എത്തുമോ എന്നതിനും ഫുട്ബോൾ ലോകം കാത്തിരിക്കുന്നു.
പിന്നിൽനിന്നെത്തി
വെസ്റ്റ് ഹാമിനെതിരേ പിന്നിൽനിന്നെത്തിയായിരുന്നു ലിവർപൂളിന്റെ ജയം. ഒന്പതാം മിനിറ്റിൽ ജോർജീഞ്ഞോ വിജ്നൽഡമിലൂടെ ലിവർപൂൾ മുന്നിൽ കടന്നെങ്കിലും ഇസ ഡിയോപ് (12), പാബ്ലോ ഫോർനൽസ് (54) എന്നിവരിലൂടെ വെസ്റ്റ് ഹാം മുന്നിലെത്തി. എന്നാൽ, സൂപ്പർ താരങ്ങളായ മുഹമ്മദ് സല (68), സാദിയോ മാനെ (81) എന്നിവർ ചെന്പടയ്ക്കായി വലകുലുക്കിയതോടെ ക്ലോപ്പിന്റെ കുട്ടികൾ 27-ാം മത്സരത്തിലും തോൽവി അറിയാതെ തലയുയർത്തി മടങ്ങി. 86-ാം മിനിറ്റിൽ മാനെ വീണ്ടും വലകുലുക്കിയെങ്കിലും വിഎആറിലൂടെ അത് ഓഫ് സൈഡ് ആയി റഫറി വിധിയെഴുതി.
27 മത്സരങ്ങളിൽ 26 ജയവും ഒരു സമനിലയും ഉൾപ്പെടെ 79 പോയിന്റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടരുന്നു. 57 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് ലീഗിൽ രണ്ടാമത്.