ചലഞ്ചേഴ്സ് ഒട്ടും റോയലല്ല...
Wednesday, April 17, 2019 12:55 AM IST
മുംബൈ: ആറ് തോൽവിക്കുശേഷം ഒരു ജയം നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു രണ്ടാം ജയത്തിനായുള്ള കാത്തിരിപ്പിൽ. മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ ട്വന്റി-20 പോരാട്ടത്തിൽ വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് അഞ്ച് വിക്കറ്റിനു പരാജയപ്പെട്ടു. ആഭ്യന്തര ഏകദിനത്തിനായി ശ്രീലങ്കയിലേക്ക് മടങ്ങിയ പേസ് ബൗളർ ലസിത് മലിംഗ തിരിച്ചെത്തിയതായിരുന്നു മുംബൈ ഇന്ത്യൻസിന്റെ കരുത്ത്. മടങ്ങി വരവ് മാൻ ഓഫ് ദ മാച്ച് നേടിക്കൊണ്ടാണ് ലങ്കൻ ബൗളർ ആഘോഷിച്ചത്.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ റോയൽ ചലഞ്ചേഴ്സിന് മൂന്നാം ഓവറിന്റെ ആദ്യ പന്തിൽത്തന്നെ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ (എട്ട് റണ്‍സ്) നഷ്ടപ്പെട്ടു. ജെസണ്‍ ബെഹ്റെൻഡോഫിന്റെ പന്തിൽ വിക്കറ്റിനു പിന്നിൽ ക്വിന്റൻ ഡി കോക്ക് പിടിച്ചായിരുന്നു കോഹ്ലി പുറത്തായത്. അവസാന രണ്ട് ഓവറിൽ 22 റണ്‍സ് ജയിക്കാൻ വേണ്ടിയിരുന്ന മുംബൈ 19-ാം ഓവർ പൂർത്തിയായപ്പോൾ ലക്ഷ്യം സ്വന്തമാക്കി.
പവൻ നെഗി എറിഞ്ഞ 19-ാം ഓവറിൽ ഹാർദിക് പാണ്ഡ്യ രണ്ട് സിക്സും രണ്ട് ഫോറും സ്വന്തമാക്കിയതോടെയായിരുന്നു അത്. അവസാന ഓവറുകളിൽ പാണ്ഡ്യയുടെ കടന്നാക്രമണമാണ് മുംബൈയെ ജയത്തിലെത്തിച്ചത്.
പരിശീലകനായ ആശിഷ് നെഹ്റയാണ് നെഗിയെക്കൊണ്ട് പന്ത് എറിയിക്കാൻ നിർദേശം നല്‍കിയത്. നെഹ്റയുടെ മണ്ടൻ തീരുമാനം സമൂഹമാധ്യമങ്ങളിൽ ചിരിക്ക് വകയുണ്ടാക്കി.