വാഹന ഘടക വ്യവസായം വളർച്ചയിൽ
Sunday, December 15, 2024 12:30 AM IST
ന്യൂഡൽഹി: ഇന്ത്യൻ വാഹന ഘടക വ്യവസായം 2025 സാന്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ശക്തമായ വളർച്ച കൈവരിച്ചു. അതിന്റെ വിപണി വലുപ്പത്തിൽ 11.3 ശതമാനം വർധനവുണ്ടായതായി ഓട്ടോമോട്ടീവ് കോംപോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (എസിഎംഎ) റിപ്പോർട്ട്.
ഈ വ്യവസായത്തിന്റെ മൂല്യം 2024 സാന്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 36.1 ബില്യണ്‍ ഡോളറായിരുന്നു. ഇത് 2025 സാന്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 39.6 ബില്യണ്‍ ഡോളറായി ഉയർന്നു. വിപണിയിൽ നിരവധി ട്രെൻഡുകൾ ഉയർന്നുവന്നിട്ടുണ്ട്, ഉപഭോക്താക്കൾ എല്ലാ സെഗ്മെന്റുകളിലും വലുതും ശക്തവുമായ വാഹനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.
പാസഞ്ചർ വെഹിക്കിൾ (പിവി) വിഭാഗത്തിലെ യൂട്ടിലിറ്റി വെഹിക്കിളുകളുടെ (യുവി) ഡിമാൻഡ് 13 ശതമാനം വർധിച്ചു. യുവി1 മോഡലുകളുടെ (4000 മുതൽ 4400 മില്ലിമീറ്റർ വരെ നീളവും 20 ലക്ഷം രൂപയിൽ താഴെ വിലയും) വിൽപ്പനയിൽ 25 ശതമാനം വർധനയുണ്ടായി. ഇരുചക്രവാഹന വിപണിയിലും -350 സിസിക്കും 500 സിസിക്കും ഇടയിൽ എൻജിൻ ശേഷിയുള്ള മോട്ടോർസൈക്കിളുകളുടെ വിൽപ്പനയിൽ 74 ശതമാനം വർധനയുണ്ടായി.
ഇലക്ട്രിക് വാഹനങ്ങൾ (ഇവികൾ) ഗണ്യമായ വളർച്ച നേടിയിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 2025 സാന്പത്തിക വർഷത്തന്റെ ആദ്യപകുതിയിൽ വിൽപ്പന 22 ശതമാനം വർധിച്ചു. ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ 26 ശതമാനം വളർച്ച നേടിയപ്പോൾ, ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങൾ 19 ശതമാനം ഇടിവ് രേഖപ്പെടുത്തി.
വാഹന ഘടകങ്ങളുടെ കയറ്റുമതിയിൽ ഏഴു ശതമാനം വളർച്ചയുണ്ടായി. യുഎസ്എ, ജർമനി, തുർക്കി എന്നിവ ഇന്ത്യൻ വാഹന ഘടക കയറ്റുമതിയുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളായി ഉയർന്നു. അതേസമയം ചൈന, ജർമനി, ജപ്പാൻ, കൊറിയ എന്നിവയിരുന്നു ഇറക്കുമതിയുടെ മുൻനിര രാജ്യങ്ങൾ.