ഇന്ത്യ ഇന്റർനാഷണൽ വ്യാവസായിക എക്സ്പോയ്ക്കു തുടക്കം
Saturday, December 14, 2024 2:19 AM IST
കൊച്ചി: സംസ്ഥാനത്തെ വ്യാവസായിക മേഖലയുടെ നൂതന വികസനവും പരസ്പര സഹകരണവും ലക്ഷ്യമിടുന്ന ഇന്ത്യ ഇന്റർനാഷണൽ വ്യവസായിക എക്സ്പോയ്ക്ക് കൊച്ചിയിൽ തുടക്കമായി. ഇന്നലെ നടന്ന മീഡിയ കോൺക്ലേവിൽ കേരളത്തിലെ ചെറുകിട വ്യാപാരരംഗത്തിന്റെ വളർച്ചയിൽ ബാങ്കുകൾ വഹിക്കുന്ന നിർണായക പങ്ക് ചർച്ചയായി.
‘പ്രാദേശികതലത്തിൽ വ്യാപാര-വ്യവസായങ്ങൾ തുടങ്ങുന്നത് എങ്ങനെ കൂടുതൽ എളുപ്പമാക്കാം’ എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരുന്നു ചർച്ച. ചെറുകിട വ്യവസായങ്ങളുടെ സമഗ്രമായ വളർച്ചയ്ക്ക് ബാങ്കുകളുടെ പങ്ക് വളരെ വലുതാണെന്നും അതിനായി കൂടുതൽ ക്രിയാത്മകമായ നിലപാടുകൾ സ്വീകരിക്കാൻ എല്ലാ ബാങ്കുകളും തയാറാകണമെന്നും മീഡിയ കോൺക്ലേവ് അഭിപ്രായപ്പെട്ടു.
എക്സ്പോയുടെ ഉദ്ഘാടനം ഇന്നു മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ, കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവർ പങ്കെടുക്കും.