2025ലെ ജിഡിപി (പിപിപി) പ്രകാരമുള്ള ആദ്യ 11 രാജ്യങ്ങൾ
Wednesday, December 11, 2024 11:25 PM IST
2025ലെ ജിഡിപി (പിപിപി) പ്രകാരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ചൈനയാണ് ഒന്നാമത്. ജിഡിപി കണക്കിൽ ഒന്നാം സ്ഥാനത്തുളള യുഎസ്, പിപിപി അടിസ്ഥാനമാക്കുന്പോൾ ചൈനയ്ക്കു പിന്നിലാണ്.
പിപിപി (പർച്ചേസിംഗ് പവർ പാരിറ്റി) എന്നത് ചരക്കുകൾക്കും സേവനങ്ങൾക്കുമായി സന്പദ്വ്യവസ്ഥയ്ക്കുള്ളിലെ ആഭ്യന്തര കറൻസിയുടെ വാങ്ങൽ ശേഷിയെ നിർണിക്കുന്നതാണ്. ഒരേ തുകയ്ക്ക് യുഎസിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ ഉത്പന്നം, സേവനം ചൈനയിൽ കിട്ടുമെന്നാണു സൂചന.
ജിഡിപി (പിപിപി) അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാന്പത്തിക ശക്തി ഇന്ത്യയാണ്. ഐഎംഎഫിന്റെ ഏറ്റവും പുതിയ ഒക്ടോബർ മാസത്തെ വേൾഡ് ഇക്കണോമിക് ഒൗട്ട്ലുക്കിന്റെ പതിപ്പ് അനുസരിച്ച് യുഎസിന്റെ ജിഡിപി (പിപിപി) 2025ൽ ഇന്ത്യയുടേതിനേക്കാൾ 1.75 അധികമായിരിക്കും.
ചൈന
2025ലെ ഏറ്റവും ഉയർന്ന ജിഡിപി (പിപിപി) ഉള്ള ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ചൈന ഒന്നാമതാണ്. ഐഎംഎഫിന്റെ പുതിയ കണക്കുകൾ പ്രകാരം ചൈനയുടെ ജിഡിപി (പിപിപി) 2025ൽ 39,438 ബില്യണ്‍ ഡോളറാകും. ഇത് യുഎസിന്റെ ജിഡിപി (പിപിപി)യെക്കാൾ 1.3 മടങ്ങ് വരും. 2029 ഓടെ ചൈനയുടെ ജിഡിപി (പിപിപി) 48,836 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎസ്എ
ജിഡിപിയുടെ അടിസ്ഥാനത്തിൽ ഒന്നാമതുള്ള യുഎസ്എ 2025ൽ ജിഡിപി (പിപിപി) പ്രകാരം രണ്ടാമതാണ്. ഐഎംഎഫിന്റെ കണക്കുപ്രകാരം യുഎസിന്റെ ജിഡിപി (പിപിപി) 30,337 ബില്യണ്‍ ഡോളറാകും. ഇത് 2029ലെത്തുന്പോൾ 35,458 ബില്യണായി ഉയരും.
ഇന്ത്യ
ജിഡിപി (പിപിപി) പട്ടിക പ്രകാരം ഇന്ത്യ കുറെ വർഷങ്ങളായി മൂന്നാം സ്ഥാനത്തുതന്നെയാണ്. ജിഡിപിയുടെ അടിസ്ഥാനത്തിൽ അഞ്ചാം സ്ഥാനവുമാണ്. 2025ൽ ജിഡിപി (പിപിപി) 17,365 ബില്യണ്‍ ഡോളറെന്നാണ് ഐഎംഎഫ് കണക്കുകൂട്ടുന്നത്. 2029ൽ ഇത് 24,015 ബില്യണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിഡിപി വളർച്ച 6-7 ശതമാനത്തിൽ ഇന്ത്യക്കു തുടരാനായാൽ അടുത്ത പതിറ്റാണ്ടുകളിൽതന്നെ ഇന്ത്യക്ക് ജിഡിപി (പിപിപി)യിൽ യുഎസിനെ മറികടന്ന് രണ്ടാമതെത്താൻ സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
റഷ്യ
ജിഡിപി (പിപിപി) അടിസ്ഥാനത്തിൽ ലോകത്തെ നാലാമത്തെ സാന്പത്തിക ശക്തിയാണ് റഷ്യ. പുതിയ കണക്കുകളിൽ 2025ൽ റഷ്യയുടെ ജിഡിപി (പിപിപി) 7,130 ബില്യണ്‍ ഡോളറിലെത്തും. 2029ൽ ഇത് 8,044 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കരുതുന്നത്.
ജപ്പാൻ
ജിഡിപിയുടെ അടിസ്ഥാനത്തിൽ നാലാമെത്ത സാന്പത്തിക ശക്തിയായ ജപ്പാൻ ജിഡിപി (പിപിപി) പ്രകാരം അഞ്ചാമതാണ്. ഐഎംഎഫിന്റെ കണക്കുകളിൽ 2025ൽ ജിഡിപി (പിപിപി) 6,768 ബില്യണ്‍ ഡോളറിലെത്തും. ഇത് ഉയർന്ന് 2029ൽ 7,474 ബില്യണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജർമനി
ജിഡിപി (പിപിപി) അടിസ്ഥാനത്തിൽ ജർമനി ആറാം സ്ഥാനത്താണ്. ഐഎംഎഫിന്റെ കണക്കുപ്രകാരം ജർമനിയുടെ ജിഡിപി (പിപിപി) അടുത്ത വർഷം 6,175 ബില്യണ്‍ ഡോളറിലെത്തും. 2029 ഇത് 6,921 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് കരുതുന്നത്.
ഇന്തോനേഷ്യ
ഇന്തോനേഷ്യ ഏഴാം സ്ഥാനത്തെത്തും. പുതിയ കണക്കുകൾ പ്രകാരം 2025ൽ 4,983 ബില്യണ്‍ ഡോളറിലെത്തും. 2029ലെത്തുന്പോൾ 6,531 ബില്യണ്‍ ഡോളറായി ഉയരും.
ബ്രസീൽ
ജിഡിപി (പിപിപി) പ്രകാരം ബ്രസീൽ എട്ടാം സ്ഥാനത്താണ്. 2025ൽ ബ്രസീലിന്റെ ജിഡിപി (പിപിപി) 4,891 ബില്യണ്‍ ഡോളറാകും. 2029ലെത്തുന്പോൾ ഇത് ഉയർന്ന് 5,780 ബില്യണ്‍ ഡോളറാകുമെന്നാണ് കരുതുന്നത്.
ഫ്രാൻസ്
പട്ടികയിൽ ഫ്രാൻസാണ് ഒന്‍പതാമത്. 2025ൽ ഫ്രാൻസിന്റെ ജിഡിപി (പിപിപി) 4,485 ബില്യണ്‍ ഡോളറിലെത്തും. 2029ൽ ഇത് 5099 ബില്യണ്‍ ഡോളറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുകെ
2025ൽ 4,425 ബില്യണ്‍ ഡോളറുമായി യുണൈറ്റഡ് കിംഗ്ഡം പത്താമതെത്തും. 2029ൽ യുകെയുടെ ജിഡിപി (പിപിപി) 5,037 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് ഐഎംഎഫിന്റെ കണക്കുകൾ പറയുന്നത്.
ഇറ്റലി
2025ൽ ജിഡിപി (പിപിപി)അടിസ്ഥാനത്തിൽ 11-ാമത്തെ രാജ്യമാണ് ഇറ്റലി. 3,691 ബില്യണ്‍ ഡോളറാകും ഇറ്റലിയുടെ ജിഡിപി (പിപിപി). 2029ൽ 4078 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.