സ്മാർട്ട് ഗോൾഡ് ഓവർഡ്രാഫ്റ്റ് പദ്ധതിയുമായി കെഎസ്എഫ്ഇ
Wednesday, December 11, 2024 11:25 PM IST
തൃശൂർ: അന്പത്തഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് കെഎസ്എഫ്ഇ ഉപയോക്താക്കൾക്കായി സ്മാർട്ട് ഗോൾഡ് ഓവർഡ്രാഫ്റ്റ് എന്ന പുതിയ പദ്ധതിയും ചിട്ടി ഡോർ കളക്ഷൻ സംവിധാനം സുതാര്യവും സുഗമവുമാക്കുന്ന ഏജന്റ് ആപ്പും അവതരിപ്പിച്ചു.
കെഎസ്എഫ്ഇ ഹെഡ്ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർമാൻ കെ. വരദരാജൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഏജന്റ് ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഉപകരണം ഏജന്റുമാരുടെ പ്രതിനിധിയായ ഇ.കെ. സുനിൽകുമാറിനു കൈമാറി.
മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ. സനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എജിഎം (പ്ലാനിംഗ്) ഷാജു ഫ്രാൻസിസ്, ഡിജിഎം (ഐടി) എ.ബി. നിശ, ജനറൽ മാനേജർമാരായ എസ്. ശരത്ചന്ദ്രൻ, പി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
സ്വർണം ജാമ്യമായി സ്വീകരിച്ചുള്ള ഓവർഡ്രാഫ്റ്റ് പദ്ധതിയാണ് സ്മാർട്ട് ഗോൾഡ് ഓവർഡ്രാഫ്റ്റ്. കെഎസ്എഫ്ഇ പവർ ആപ്പ് ഉപയോഗിച്ച് ശാഖയിൽ എത്താതെതന്നെ പണം പിൻവലിക്കാനും തിരിച്ചടവു നടത്താനും കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഏജന്റ് ആപ്പ് വരുന്നതോടെ ചിട്ടികളിലേക്കുള്ള ദൈനംദിന പിരിവുസന്പ്രദായം ഡിജിറ്റൈസ് ചെയ്യപ്പെടും. ഉപഭോക്താക്കൾക്ക് അടച്ച തുകയെക്കുറിച്ചുള്ള വിവരങ്ങൾ എസ്എംഎസ് വഴി ലഭിക്കുകയും ചെയ്യുമെന്നു മാനേജിംഗ് ഡയറക്ടർ അറിയിച്ചു.