മുഖംമിനുക്കി കാമ്രി
Saturday, December 14, 2024 1:17 AM IST
ഓട്ടോസ്പോട്ട് / അരുൺ ടോം
കഴിഞ്ഞ ബുധനാഴ്ച ഒമ്പതാം തലമുറ കാമ്രിയെ ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഒരുവര്‍ഷം മുമ്പ് അന്താരാഷ്ട്ര വിപണികളില്‍ അരങ്ങേറ്റം കുറിച്ച പ്രീമിയം സെഡാന്റെ അതേ പതിപ്പാണ് ഇന്ത്യൻ വിപണിയിലും എത്തിയിരിക്കുന്നത്.
ഹൈറൈഡറിനും ഹൈക്രോസിനും മുമ്പേ ടൊയോട്ട ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യത്തെ സ്ട്രോംഗ് പെട്രോള്‍-ഹൈബ്രിഡ് കാറായിരുന്നു കാമ്രി. ആഡംബര വാഹനമായി മുദ്ര കുത്തപ്പെട്ട സെഡാന് വില അല്പം കൂടുതലായിരുന്നതിനാല്‍ സാധാരണക്കാര്‍ക്കിടയില്‍ ഹിറ്റായില്ല. പക്ഷേ പണമുള്ളവരുടെ ശ്രദ്ധാകേന്ദ്രമായിരുന്നു കാമ്രി.
സ്കോഡ സൂപ്പര്‍ബ്, മെഴ്സിഡസ് ബെന്‍സ് എ ക്ലാസ് ലിമോസിന്, ഔഡി എ4, ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍കൂപ്പെ തുടങ്ങിയ ആഡംബര സെഡാനുകളാണ് പുതിയ കാമ്രിയുടെ എതിരാളികള്‍. മുന്‍പതിപ്പിന് 46.17 ലക്ഷം രൂപയായിരുന്നു വിലയെങ്കില്‍, പുതിയ കാമ്രിക്ക് 1.83 ലക്ഷം രൂപ കൂടുതലാണ്. വില കൂടിയെങ്കിലും പ്രധാന എതിരാളിയായ സ്കോഡ സൂപ്പര്‍ബിനേക്കാള്‍ ആറ് ലക്ഷം രൂപ കുറവാണെന്നതാണ് ഐലൈറ്റ്.
കാമ്രിയുടെ വജ്രായുധം
പെട്രോള്‍-ഹൈബ്രിഡ് എന്ജിന് തന്നെയാണ് കാമ്രിയുടെ വജ്രായുധം. 237 ബിഎച്ച്പിയും 221 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ടൊയോട്ട കാമ്രിക്ക് കരുത്തേകുന്നത്. അഞ്ചാം തലമുറ ഹൈബ്രിഡ് സാങ്കേതികവിദ്യയും ഉയർന്ന ശേഷിയുള്ള ലിഥിയം അയൺ ബാറ്ററിയുമുണ്ട്. സ്പോര്‍ട്സ്, ഇക്കോ, നോർമൽ എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളുള്ള ഇ-സിവിടി ട്രാന്‍സ്മിഷനാണുള്ളത്. ടിഎന്ജിഎകെ പ്ലാറ്റ്ഫോമിലാണ് ഈ കാര്‍ നിര്‍മിച്ചിരിക്കുന്നത്.
ഡിസൈനിന്റെ കാര്യത്തില്‍ ഉയര്‍ന്ന എയ്റോഡൈനാമിക് ശേഷി ഉറപ്പാക്കിയുള്ള രൂപമാണ് പുതിയ കാമ്രിയിലുള്ളത്. വീതി കുറഞ്ഞ എല്‍ഇഡി ഹെഡ്ലാമ്പ്, സി ഷേപ്പ് ഡിആര്‍എല്‍, ബോണറ്റിലേക്ക് മാറിയ ടൊയോട്ട ലോഗോ, ഹൊറിസോണ്ടല്‍ സ്ലോട്ടുകള്‍ നല്കി ഡിസൈന്‍ ചെയ്തിട്ടുള്ള കനംകുറഞ്ഞ ഗ്രില്ല്, വിശാലമായ എയര്‍ ഡാം, മുന്‍ ബമ്പറിന്റെ ഇരുവശത്തും എയര്‍ വെന്റുകള്‍ തുടങ്ങിയ മാറ്റങ്ങളാണ് വാഹനത്തിന്റെ മുന്‍വശത്തുള്ളത്. വശക്കാഴ്ചകളില്‍ 19 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍, സി ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ലാമ്പുകള്‍, പനോരമിക് സണ്‍റൂഫ്, ബൂട്ടില്‍ നല്‍കിയിട്ടുള്ള സ്പോയിലര്‍ ലിപ്, കണക്ടഡ് സ്ട്രിപ്പില്‍ നല്‍കിയിട്ടുള്ള ബാഡ്ജിങ് എന്നിവ വാഹനത്തിന്റെ പ്രീമിയം ഭാവം വര്‍ധിപ്പിക്കുന്നു.
പുതുക്കിപ്പണിത അകത്തളം
കാമ്രിയുടെ അകത്തളത്തില്‍ ഡാഷ്ബോര്‍ഡ് ലേഔട്ട് പൂര്‍ണമായും പുതുക്കിപണിതിട്ടുണ്ട്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും വാഗ്ദാനം ചെയ്യുന്ന 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററോട് കൂടിയ നവീകരിച്ച ഡാഷ്ബോര്‍ഡ്, ഒമ്പത് സ്പീക്കറുകളുള്ള ജെബിഎല്‍ സൗണ്ട് സിസ്റ്റം, 10 ഇഞ്ച് ഹെഡ്അപ്പ് ഡിസ്പ്ലേ, ഡിജിറ്റല്‍ കീ, വയര്‍ലെസ് മൊബൈല്‍ ചാര്‍ജര്‍, പിന് സീറ്റിലിരിക്കുന്നവര്‍ക്ക് റിയര്‍ സെന്റർ കണ്‍സോളില്‍ റിക്ലൈന്‍ വെന്റിലേഷന് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ സുഖസൗകര്യങ്ങള്‍ക്കായി ടൊയോട്ട ഹീറ്റഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ഓട്ടോ ക്ലൈമറ്റ് കണ്ട്രോള് എന്നിവയുമുണ്ട്.
പുതുതലമുറ സുരക്ഷ
പുതുതലമുറ സുരക്ഷാ സംവിധാനങ്ങളാണ് പുതിയ കാമ്രിയില്‍ ഒരുങ്ങിയിരിക്കുന്നത്. ടൊയേട്ടയുടെ സേഫ്റ്റി സെന്‍സ് 3.0 സ്യൂട്ട് സംവിധാനത്തെ അധിഷ്ഠിതമായി ഒരുങ്ങിയിട്ടുള്ള അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, റോഡ് സൈന്‍ അസിസ്റ്റ്, ലെയ്ന്‍ ഡിപാര്‍ച്ചര്‍ അസിസ്റ്റ്, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിങ്, റിയര്‍ ക്രോസ് ട്രാഫിക്, പെഡസ്ട്രിയന്‍ ഡിറ്റക്ഷന്‍, ട്രാഫിക് ജാം അസിസ്റ്റ്, ഓട്ടോമാറ്റിക് ബ്രേക്കിങ്, ഓട്ടോ ഹൈ ബീം തുടങ്ങിയ സുരക്ഷാ ഫീച്ചറുകളാണ് വാഹനത്തില്‍ ഉള്ളത്. ഒപ്പം ഒന്‍പത് എയര്‍ബാഗുകള്‍, മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍, 360 ഡിഗ്രി കാമറ എന്നിവയുമുണ്ട്.
കളര്‍ ഓപ്ഷനുകൾ
പ്രെഷ്യസ് മെറ്റല്‍, ഡാര്‍ക്ക് ബ്ലൂ, സിമന്റ് ഗ്രേ, ഇമോഷണല്‍ റെഡ്, ആറ്റിറ്റ്യൂഡ് ബ്ലാക്ക്, പ്ലാറ്റിനം വൈറ്റ് പേള്‍ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. വീല്‍ബേസ് പഴയപടി തുടരുകയും മൊത്തത്തിലുള്ള നീളം 35 എംഎം കൂട്ടി 4,920 എംഎം ആയി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഭാരം 20 കിലോ കുറഞ്ഞ് 1,645 കിലോയായി. ടേണിംഗ് റേഡിയസ് 100 എംഎം കുറഞ്ഞ് 5700 എംഎം ആയി.
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന കാമ്രി കര്‍ണാടകയിലെ ബിദാദിയിലുള്ള പ്ലാന്റില്‍ നിന്നാണ് നിരത്തുകളിലേക്കിറങ്ങുന്നത്.