മെറ്റയിൽ പിരിച്ചുവിടൽ
Thursday, October 17, 2024 11:29 PM IST
മെൻലോ പാർക്ക് (കലിഫോർണിയ): മാർക് സുക്കർബർഗിന്റെ മെറ്റ കന്പനി അതിന്റെ പ്രധാന ഡിവിഷനുകളിൽനിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നു. കന്പനി അതിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയിൽനിന്നും റിയാലിറ്റി ലാബ്സിൽനിന്നുമുള്ള ജീവനക്കാരെയാണ് പിരിച്ചുവിടാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
കന്പനികളിൽ വ്യാപകമായി നടക്കുന്ന വലിയ തോതിലുള്ള പിരിച്ചുവിടലിൽനിന്ന് വ്യത്യസ്തമായി, ഈ വെട്ടിക്കുറച്ചിലുകൾ പ്രത്യേക ടീമുകൾക്കുള്ളിലാണ് നടത്തുന്നത്. കന്പനിയുടെ പുനഃസംഘടനയുടെ ഭാഗമായാണ് പിരിച്ചുവിടലെന്ന് റിപ്പോർട്ടുകളുണ്ട്.
2023-ൽ മെറ്റയുടെ ത്രെഡ്സ് ടീമിൽ ചേർന്ന ജെയ്ൻ മഞ്ചൂൻ വോംഗ് പിരിച്ചുവിടൽ വാർത്ത പരസ്യമായി പങ്കുവച്ചു. മുന്പ് വോംഗ് പ്രഖ്യാപിക്കാത്ത ആപ്പ് ഫീച്ചറുകൾ കണ്ടെത്തുന്നതിൽ വിദഗ്ധയായിരുന്നു.
ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് പലരും ലിങ്ക്ഡ്-ഇൻ പ്ലാറ്റ്ഫോമുകളിലൂടെ പോസ്റ്റ് ചെയ്യാൻ തുടങ്ങി. ഇത് ആദ്യമായിട്ടല്ല മെറ്റ അവരുടെ ജീവനക്കാരെ പിരിച്ചു വിടുന്നത്.
കന്പനിയുടെ ദീർഘകാല ലക്ഷ്യങ്ങൾ നേടുന്നതിന് അതിന്റെ വിഭവങ്ങൾ പുനക്രമീകരിക്കുന്ന പദ്ധതിയുടെ ഭാഗമാണ് ഈ പിരിച്ചുവിടലുകളെന്ന് മെറ്റ വക്താവ് ഡേവ് അർനോൾഡ് പറഞ്ഞു.
പിരിച്ചുവിടലുകൾ ആദ്യമല്ല
ഇതിനു മുന്നേ ഒറ്റയടിക്ക് വലിയൊരു കൂട്ടം ആളുകളെ പിരിച്ചു വിട്ടിട്ടുണ്ട്. ഈ വർഷം ആദ്യം മെറ്റയുടെ റിയാലിറ്റി ലാബ്സ് ഡിവിഷനിൽ വെട്ടിക്കുറച്ചിലുകൾ നടത്തിയതിനു ശേഷമാണ് പുതിയ പിരിച്ചുവിടലുകൾ നടക്കുന്നത്.
2022 മുതൽ മെറ്റ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ്. കോവിഡ് മഹാമാരിയെത്തുടർന്നു തകർച്ച നേരിട്ടതിനാൽ 11,000 പേരെയാണ് പിരിച്ചുവിട്ടത്. 2023-ൽ, സിഇഒ മാർക് സക്കർബർഗിന്റെ ‘കാര്യക്ഷമതയുടെ വർഷം’ പദ്ധതി പ്രകാരം 10,000 ജോലികൾ വെട്ടിക്കുറച്ചു.