ഇന്‍ഡെക്സ് 2025 അങ്കമാലിയില്‍
Tuesday, April 22, 2025 2:23 AM IST
കൊച്ചി: നാഷണല്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് കൗണ്‍സില്‍ കമ്മിറ്റി (എന്‍ഐഡിസിസി) സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് എക്സിബിഷന് (ഇന്‍ഡെക്സ് 2025) മേയ് രണ്ടു മുതല്‍ അഞ്ചു വരെ അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ നടക്കും.
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുളള നാല് മന്ത്രാലയങ്ങളുടെയും, 20 വിദേശ എംബസികളുടെയും പങ്കാളിത്തത്തോടെ നടത്തുന്ന പരിപാടി കേന്ദ്ര മന്ത്രി ജിതിന് റാം മാഞ്ചി ഉദ്ഘാടനം ചെയ്യും.
മിനിസ്ട്രി ഓഫ് മൈക്രോ സ്മോള്‍ ആൻഡ് മീഡിയം എൻര്പ്രൈസസ് (എംഎസ്എംഇ), മിനിസ്ട്രി ഓഫ് ഫുഡ് പ്രോസസിംഗ് ഇന്‍ഡസ്ട്രി (എംഒഎഫ്പിഐ), വാണിജ്യ മന്ത്രാലയം, മിനിസ്ട്രി ഓഫ് ഫിഷറീസ്, അനിമല്‍ ഹസ്ബന്‍ട്രി ആൻഡ് ഡയറിയിംഗ് എന്നീ മന്ത്രാലയങ്ങളാണ് എക്സിബിഷനില്‍ പങ്കെടുക്കുന്നത്.
രാജ്യത്തെ വ്യവസായ പുരോഗതിക്കായി നൂതന സാങ്കേതിക വിദ്യയോടെ രൂപീകരിച്ച ഇന്‍ഡ് ആപ്പിന്റെ ലോഞ്ചും ലിസ്റ്റിംഗും എക്സിബിഷനില്‍ നടക്കും.
നാല് ദിവസങ്ങളിലായി നടക്കുന്ന എക്സിബിഷനില്‍ 450ലധികം സ്റ്റാളുകള്‍ ഉണ്ടാകുമെന്ന് എന്‍ഐഡിസിസി ദേശീയ വൈസ് ചെയര്‍പേഴ്സണ്‍ ഗൗരി വത്സ, എന്‍ഐഡിസിസി നാഷണല്‍ ലെന്‍ഡിംഗ് പാര്‍ട്ണറും ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡിയുമായ അഡ്വ. കെ.ജി. അനില്‍ കുമാര്‍, ഐസിഎല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജശ്രീ അജിത്, വെമ്പള്ളി അമാനുള്ള, ഹരീഷ് ബാലകൃഷ്ണന് നായര്‍ എന്നിവര്‍ അറിയിച്ചു. ലെന്‍ഡിംഗ് പാര്‍ട്ണറായി ഐസിഎല്‍ ഫിന്‍കോര്‍പ്പിനെ അംഗീകരിച്ചുള്ള ധാരണാപത്രം ഗൗരി വത്സ, അഡ്വ. കെ.ജി. അനില്‍ കുമാറിന് കൈമാറി.