ആഗോള ഓഹരി വിപണികളിൽ വൻ ചലനം
ഓഹരി അവലോകനം / സോണിയ ഭാനു
Monday, September 23, 2024 12:26 AM IST
കേന്ദ്ര ബാങ്കുകൾ സാമ്പത്തിക നില ഭദ്രമാക്കാൻ പലിശ നിരക്കുകളിൽ വരുത്തിയ ഭേദഗതികൾ ആഗോള ഓഹരി വിപണികളിൽ വൻ ചലനം സൃഷ്ടിച്ചു. അമേരിക്ക നാലര വർഷത്തെ ഇടവേളയ്ക്ക് ശേഷം പലിശ കുറച്ചത് യൂറോപ്യൻ മാർക്കറ്റിനെ പിടിച്ചുലച്ചു. യൂറോപ്യൻ കേന്ദ്ര ബാങ്ക് പലിശ സ്റ്റെഡിയായി നിലനിർത്തിയത് മേഖലയിൽ ആശങ്കപരത്തുന്നു. ഇതിനിടയിൽ പലിശനിരക്കുകളിൽ തത്കാലം ഭേദഗതികൾക്കില്ലെന്ന ചൈനീസ് കേന്ദ്ര ബാങ്കിന്റെ വെളിപ്പെടുത്തലും ശ്രദ്ധയമായി.
പലിശ കുറച്ച് അമേരിക്ക
2020ന് ശേഷം ആദ്യമായി യുഎസ് ഫെഡ് റിസർവ് പലിശ നിരക്കിൽ 50 ബേസീസ് പോയിന്റ് കുറവ് പ്രഖ്യാപിച്ചു. നീണ്ട ഇടവേളയ്ക്കു ശേഷം പലിശയിൽ അവർ വരുത്തിയ മാറ്റം ആഗോള തലത്തിൽ പ്രമുഖ നാണയങ്ങളിൽ വൻ സ്വാധീനം ഉളവാക്കി.
ഈ വർഷം രണ്ട് തവണ കൂടി ബാങ്ക് നിരക്കിൽ അമേരിക്ക കുറവ് പ്രഖ്യാപിക്കാം. അതേസമയം ബാങ്ക് ഓഫ് ഇംഗ്ലണ്ടും നോർവേ കേന്ദ്ര ബാങ്കും തത്കാലം മാറ്റങ്ങൾക്ക് താത്പര്യമില്ലെന്ന് വ്യക്തമാക്കി. വാരാന്ത്യം യോഗം ചേർന്ന ബാങ്ക് ഓഫ് ജപ്പാൻ 2008 മുതലുള്ള 0.25 ശതമാനത്തിൽ പലിശ നിലനിർത്താൻ തീരുമാനിച്ചു. ഈ അവസരത്തിൽ ചൈനയും പലിശ 3.35 ശതമാനത്തിൽ നിലനിർത്തുമെന്ന് വ്യക്തമാക്കി.
കരുത്തുകാട്ടി രൂപ
സാമ്പത്തികരംഗത്തെ പുതിയ ചലനങ്ങൾക്കിടയിൽ ഫോറെക്സ് മാർക്കറ്റിൽ യുഎസ് ഡോളറിന് മുന്നിൽ രൂപ കരുത്തു കാണിച്ചു. രൂപയുടെ മൂല്യം 83.90ൽനിന്നും 83.46ലേയ്ക്ക് ശക്തിപ്രാപിച്ചു, വാരാന്ത്യം വിനിമയ നിരക്ക് 83.55ലാണ്. പിന്നിട്ടവാരം ഇടപാടുകൾ നടന്ന അഞ്ച് ദിവസങ്ങളിലും രൂപ നേട്ടത്തിലായിരുന്നു.
ഈ വർഷത്തെ ഏറ്റവും മികച്ച പ്രതിവാര മികവിൽ നീങ്ങുന്ന രൂപയുടെ പ്രകടനങ്ങൾ വിലയിരുത്തിയാൽ 83.16ലേയ്ക്കും തുടർന്ന് 83.01ലേയ്ക്കും മികവിന് സാധ്യത. തിരിച്ചടിനേരിട്ടാൽ 83.80ലേയ്ക്ക് ദുർബലമാകാനും ഇടയുണ്ട്. രൂപയുടെ മികവിനിടയിൽ വിദേശ ഓപ്പറേറ്റർമാർ 15,700.25 കോടി രൂപയുടെ നിക്ഷേപം ഇന്ത്യൻ മാർക്കറ്റിൽ നടത്തി. രണ്ട് ദിവസങ്ങളിലായി അവർ 4182.51 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 3793.41 കോടി രൂപയുടെ നിക്ഷേപവും 4427.08 കോടി രൂപയുടെ വിൽപ്പനയും കഴിഞ്ഞവാരം നടത്തി.
പ്രതീക്ഷയോടെ നിഫ്റ്റി
നിഫ്റ്റി 434 പോയിന്റ് മികവിലാണ് പോയവാരം വ്യാപാരം അവസാനിപ്പിച്ചത്, സൂചിക അഞ്ച് ദിവസങ്ങളിൽ 1.71 ശതമാനം മുന്നേറ്റം കാഴ്ചവച്ചു. താഴ്ന്ന നിലവാരമായ 25,309ൽ നിന്ന് സർവകാല റിക്കാർഡായ 25,849.25 പോയിന്റ് വരെ ഉയർന്ന ശേഷം വാരാന്ത്യം 25,790 ലാണ്. ഡെയ്ലി ചാർട്ടിൽ ബുള്ളിഷായി നീങ്ങുന്ന നിഫ്റ്റിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഈവാരം 25,989ൽ ആദ്യ പ്രതിരോധമുണ്ട്.
സെപ്റ്റംബർ സീരീസ് സെറ്റിൽമെന്റ് കൂടി കണക്കിലെടുത്താൽ 26,189ലേയ്ക്ക് സഞ്ചരിച്ചാൽ ഒക്ടോബറിൽ സൂചിക 26,729 വരെ മുന്നേറാം. ദീപാവലിക്ക് മുന്നോടിയായുള്ള വെടിക്കെട്ടും സൂചികയ്ക്ക് ഉത്തേജകം പകരാം. ഇതിനിടയിൽ ഉയർന്ന റേഞ്ചിൽ ഫണ്ടുകൾ ലാഭമെടുപ്പിന് നീക്കം നടന്നാൽ 25,449ലും 25,109 പോയിന്റിലും സപ്പോർട്ട് പ്രതീക്ഷിക്കാം.
നിഫ്റ്റി ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻ നൽകുന്ന സൂചന ബുള്ളിഷ് ട്രന്റ് തുടരുമെന്നാണ്. വാരാന്ത്യം സൂചിക 25,767ലാണ്. നിഫ്റ്റി ഫ്യൂച്ചേഴ്സ് ഓപ്പൺ ഇന്ററസ്റ്റ് തൊട്ട് മുൻവാരത്തിലെ 164 ലക്ഷം കരാറുകളിൽനിന്നും 182 ലക്ഷം കരാറുകളായി ഉയർന്നു. ബുൾ ഓപ്പറേറ്റർമാരുടെ ശക്തമായ സാന്നിധ്യമാണ് ഇത് വ്യക്തമാക്കുന്നത്. വ്യഴാഴ്ചത്തെ സെറ്റിൽമെന്റിനു മുന്നോടിയായി ഊഹക്കച്ചവടക്കാർ സ്വീകരിക്കുന്ന നിലപാടിനെ ആസ്പദമാക്കിയാകും അടുത്ത ചുവട്വയ്പ്പ്. ഷോട്ട് കവറിംഗിന് ഓപ്പറേറ്റർമാർ മുതിർന്നാൽ 26,000 കൈയെത്താവുന്ന ദൂരത്തിലാകും.
റിക്കാർഡിൽ സെൻസെക്സ്
സെൻസെക്സ് 1653 പോയിന്റിന്റെ ശക്തമായ കുതിച്ചുചാട്ടമാണ് കാഴ്ചവച്ചത്. 83,000 റേഞ്ചിൽനിന്നുള്ള ആദ്യ കുതിപ്പിൽ 83,300 വരെ മാത്രമേ ഉയരാനായുള്ളു. സൂചിക 82,772 ലേയ്ക്ക് വീണ്ടും തിരുത്തൽ നടത്തിയ അവസരത്തിൽ കൈവരിച്ച അധിക ഊർജവും ഫണ്ടുകളിൽനിന്നുള്ള ശക്തമായ പിന്തുണയും ഒത്തുചേർന്നതോടെ ഇരട്ടി വീര്യത്തിൽ റിക്കാർഡ് പ്രകടനത്തിലൂടെ സെൻസെക്സ് 84,696.46 പോയിന്റ് വരെ കയറിയെങ്കിലും വ്യാപാരാന്ത്യം 84,544ലാണ്.
ഈവാരം വീണ്ടും റിക്കാർഡ് പുതുക്കാനുള്ള ശ്രമം തുടർന്നാൽ 85,234ൽ ആദ്യ തടസം നേരിടാം. ഇത് മറികടക്കാനായാൽ 85,924 റേഞ്ചിലേയ്ക്ക് വിപണി തിരിയും. ഉയർന്നതലത്തിൽ ലാഭമെടുപ്പ് വിൽപ്പന സമ്മർദമായി മാറിയാൽ 83,314ലും 82,084ലും താങ്ങുണ്ട്.
രാജ്യാന്തര സ്വർണ വിപണി ബുള്ളിഷ് ട്രന്റ് നിലനിർത്തി. ട്രോയ് ഔൺസിന് 2590 റേഞ്ചിൽ ഇടപാടുകൾ പുനരാരംഭിച്ച സ്വർണം ഒരവസരത്തിൽ 2546 ഡോളറിലെ സപ്പോർട്ടിൽ പരീക്ഷണം നടത്തി. ഇതിനിടയിൽ ഫെഡ് റിസർവ് പലിശ പുതുക്കിയതോടെ മഞ്ഞലോഹം ചരിത്രത്തിൽ ആദ്യമായി 2600 ഡോളറിലെ പ്രതിരോധം തകർത്ത് 2626 വരെ മുന്നേറി, ക്ലോസിംഗിൽ നിരക്ക് 2621 ഡോളറിലാണ്. വിപണിയുടെ ചലനങ്ങൾ കണക്കിലെടുത്താൽ 2649ലെ ആദ്യ തടസം മറികടന്നാൽ 2677നെ ലക്ഷ്യമാക്കി മുന്നേറും. ഉയർന്ന റേഞ്ചിൽ ലാഭമെടുപ്പിന് ഫണ്ടുകൾ രംഗത്തിറങ്ങിയാൽ 2569-2517 ഡോളറിൽ താങ്ങ് പ്രതീക്ഷിക്കാം.