നോർക്ക ഇൻസ്റ്റിറ്റ്യൂട്ടിന് സാറ്റലൈറ്റ് സെന്ററുകൾ പരിഗണനയിലെന്ന്
Sunday, August 25, 2024 2:00 AM IST
തിരുവനന്തപുരം: രണ്ടാംവർഷത്തിലേക്കു കടക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻഐഎഫ്എൽ) വാർഷികാഘോഷം തിരുവനന്തപുരത്ത് സംഘടിപ്പിച്ചു.
സാധാരണക്കാർക്കും വിദേശ തൊഴിൽ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിച്ച എൻഐഎഫ്എൽ കൂടുതൽ സാറ്റലൈറ്റ് സെന്ററുകൾ ആരംഭിക്കുന്നത് പരിഗണിച്ചുവരികയാണെന്ന് വാർഷികാഘോഷം വീഡിയോസന്ദേശം വഴി ഉദ്ഘാടനം ചെയ്ത നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. എൻഐഎഫ്എലിനു നിലവിൽ തിരുവനന്തപുരത്തും കോഴിക്കോടുമാണ് സെന്ററുകൾ.
തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഒഇടി ചീഫ് കൊമേഴ്സ്യൽ ഓഫീസർ ആദം ഫിലിപ്സ് മുഖ്യാതിഥിയായിരുന്നു. ഒഇടി (സിബിഎൽഎ) ഏഷ്യാ- പസഫിക് റീജണൽ ഡയറക്ടർ ടോം കീനൻ മുഖ്യപ്രഭാഷണം നടത്തി. നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജർ പ്രകാശ് പി. ജോസഫ് പ്രസംഗിച്ചു.
ഒഇടി, ഐഇഎൽടിഎസ് (ഓണ്‍ലൈൻ, ഓഫ് ലൈൻ), ജർമൻ ഭാഷയിൽ എ 1, എ2, ബി1, ബി2 ലെവൽ വരെയുളള കോഴ്സുകളാണ് എൻഐഎഫ്എലിൽനിന്നും ലഭ്യമാകുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നന്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്ന് മിസ്ഡ്കോൾ സർവീസ്) ബന്ധപ്പെടാം.