റബറിനു പ്രതീക്ഷ, വില മുന്നോട്ട്
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, June 3, 2024 1:20 AM IST
ഏഷ്യൻ റബർ പ്രതിമാസ നേട്ടത്തിൽ. വാരാന്ത്യത്തിലെ റബറിലെ ലാഭമെടുപ്പ് സാങ്കേതിക തിരുത്തലിനിടയാക്കി. ആഗോളതലത്തിൽ കുരുമുളക് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ ചരക്കിനായുള്ള നെട്ടോട്ടത്തിലാണ്. ഈ ഘട്ടത്തിൽ ഇന്ത്യൻ സുഗന്ധവ്യഞ്ജന രാജാവ് ആധിപത്യം നിലനിർത്തുന്നു. ആഫ്രിക്കൻരാജ്യങ്ങളിലെ കൊക്കോക്ഷാമം ഇതുവരെ വിട്ടുമാറിയില്ല. വാരാന്ത്യത്തോടെ തമിഴ്നാട് താങ്ങുവിലയ്ക്കുള്ള കൊപ്ര സംഭരണം നിർത്തും.
ജപ്പാനിലെ ഒസാക്ക എക്സ്ചേഞ്ചിൽ റബർവില മൂന്നു ശതമാനം ഉയർന്നു. ഇതോടെ റബറിലെ പ്രതിമാസക്കുതിപ്പ് 11 ശതമാനമായി. പിന്നിട്ട മുന്നു വർഷത്തിലെ ചരിത്രം വിലയിരുത്തിയാൽ ഇത്തരമൊരു കുതിപ്പ് ഇതാദ്യമാണ്. ഒസാക്കയിൽ ഇടപാടുകളുടെ വ്യാപ്തി ഉയർന്നുനിൽക്കുന്ന ഒക്ടോബറിലെ അവധിവില വാരാന്ത്യം 342 യെന്നിലെത്തി. ബുള്ളിഷ് ട്രെൻഡിൽ നീങ്ങുന്നതിനാൽ 359ലേക്കു ചുവടുവയ്ക്കാം. അതേസമയം, ഉയർന്ന തലത്തിൽ ലാഭമെടുപ്പിനു സാധ്യതയുമുണ്ട്.
വിലയുയരും
ചൈനീസ് നിർമാണമേഖലയിലെ മാന്ദ്യം വിട്ടുമാറിയില്ലെന്ന പുതിയ കണക്കുകൾ അവരുടെ മൊത്തം വളർച്ചയിൽ വിള്ളലുളവാക്കും. ബെയ്ജിംഗ് ആസ്ഥാനമായുള്ള ടയർ കന്പനികൾ ഈ മാസം രാജ്യാന്തരവിപണിയിൽ പുതിയ വാങ്ങലിനു താത്പര്യം പ്രകടിപ്പിച്ചാൽ, അതു റബറിനു നേട്ടമാകും. മഴ കാരണം മുൻനിര ഉത്പാദകരാജ്യങ്ങളിൽ ടാപ്പിംഗ് തളർന്നത് ഷീറ്റ് പ്രവാഹത്തെ തടയും. ഇതു റബർ വില ഉയർത്തിയേക്കാം.
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യത്തകർച്ച ടയർ വ്യവസായികളെ പിരിമുറുക്കത്തിലാക്കി. വിദേശ റബർ എത്തിക്കുമെന്നു ഭീഷണി മുഴക്കുന്ന ടയർ ലോബിക്കു രൂപയുടെ മൂല്യത്തകർച്ച വൻ തിരിച്ചടിയാണ്. ഏതാണ്ട് ഒന്നരമാസമായി തെക്കുകിഴക്കാൻ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള റബർ ഇറക്കുമതി മന്ദഗതിയിലാണ്. കപ്പൽഗതാഗതത്തിലെ പ്രതിസന്ധികളും കണ്ടെയ്നർക്ഷാമവും ദക്ഷിണേന്ത്യയിലേക്കുള്ള റബർ ഇറക്കുമതി കുറച്ചു. ചെന്നൈ, തൂത്തുക്കുടി, മുംബൈ തുറമുഖങ്ങളിലും റബർ ഇറക്കുമതി കുറഞ്ഞിട്ടുണ്ട്.
തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ വരവിനുമുന്പേ, തോട്ടങ്ങളിൽ റെയ്ൻഗാർഡ് ഇടാനുള്ള സാവകാശം ഉത്പാദകർക്കു ലഭിച്ചില്ല. മേയ് രണ്ടാം പകുതിയിലെ ശക്തമായ വേനൽമഴ കർഷകരുടെ കണക്കുകൂട്ടൽ തെറ്റിച്ചു. നിലവിലെ സ്ഥിതി വിലയിരുത്തിയാൽ, ജൂണ് ആദ്യപകുതിയിൽ റബർ ടാപ്പിംഗ് നടന്നാലും വിപണികളിൽ ഷീറ്റുവരവ് ഉയരില്ലെന്ന യാഥാർഥ്യം, ടയർ കന്പനികളെ അസ്വസ്ഥരാക്കും.
ഇറക്കുമതി ചെയ്യുന്ന ചരക്കിന്റെ വരവ് വൈകുന്നതും രാജ്യാന്തര വിലക്കയറ്റവും നമ്മുടെ ചരക്കിൽ പ്രതിഫലിക്കും. നാലാം ഗ്രേഡ് ഷീറ്റ് 18,800 രൂപയിൽനിന്ന് 19,300ലേക്ക് ഉയർന്നു. അഞ്ചാം ഗ്രേഡ് 600 രൂപ വർധിച്ച് 19,000 രൂപയായി. ഒട്ടുപാൽ 11,800ൽനിന്ന് 12,400 രൂപയായി. ലാറ്റക്സ് വില 12,800 രൂപയിലാണ്.
ആശങ്കയിൽ അമേരിക്ക
കുരുമുളകിന്റെ കാര്യത്തിൽ വിയറ്റ്നാമിനെ മാത്രം ആശ്രയിച്ചാൽ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും. ഉത്പാദനം കുറഞ്ഞതിനാൽ കയറ്റുമതി ആവശ്യങ്ങൾക്കു വേണ്ട ചരക്കിനായി വിയറ്റ്നാം ഇതിനകംതന്നെ മറ്റു രാജ്യങ്ങളെ ആശ്രയിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിൽ വരുംമാസങ്ങളിൽ സ്ഥിതി കൂടുതൽ ഗുരുതമാകുമോയെന്ന ഭീതിയിലാണ് ഇറക്കുമതി രാജ്യങ്ങൾ.
ക്രിസ്മസ് വരെയുള്ള ആവശ്യങ്ങൾക്കുവേണ്ട മുളകിനായി അവർ അന്വേഷണം തുടങ്ങി. വിയറ്റ്നാം വില 5700 ഡോളറിൽനിന്ന് 6300 വരെ എത്തിച്ചിട്ടുണ്ടെന്നാണു വിവരം.
സാൽമനോണ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിനാൽ ബ്രസീലിയൻ മുളകിനു വലിയ ഡിമാൻഡില്ല. വിദേശ ഓർഡറുകൾ മുന്നിൽക്കണ്ട് ഇന്തോനേഷ്യ വിലയുയർത്തി. നിലവിൽ വില 6000 ഡോളറാണെങ്കിലും ആ വിലയ്ക്കു ചരക്കു ലഭിക്കുന്നില്ലെന്നാണു തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ റീ സെല്ലർമാരിൽനിന്നുള്ള വിവരം. ഉത്തരേന്ത്യയിൽനിന്നും കുരുമുളകിനുള്ള ഡിമാൻഡിൽ ഉത്പന്നവില വീണ്ടും വർധിച്ചു. കർഷകരും മധ്യവർത്തികളും വരുംമാസങ്ങളിലെ ഉയർന്ന വില മുന്നിൽക്കണ്ട് ചരക്കു പിടിച്ചുവച്ചത്, വാങ്ങലുകാരുടെ ഹൃദയമിടിപ്പു കൂട്ടി. കൊച്ചിയിൽ മുളകുവില 1900 രൂപ വർധിച്ച് അണ്ഗാർബിൾഡ് മുളക് 60,900 രൂപയിലും ഗാർബിൾഡ് 62,900 രൂപയിലുമായി. ഇന്ത്യൻ വില 7700 ഡോളറാണ്.
തേങ്ങയ്ക്കും സമ്മർദം
നാളികേരോത്പന്നവിപണി സമ്മർദത്തിലാണ്. കഴിഞ്ഞ കുറേ മാസങ്ങളായി നടത്തുന്ന കൊപ്രാ സംഭരണം നിർത്താനുള്ള നീക്കത്തിലാണു തമിഴ്നാട്. 90,000 ടണ് കൊപ്ര അവർ കർഷകരിൽനിന്നു സംഭരിച്ചു. കൊച്ചിയിൽ കൊപ്ര 9800 രൂപയിലും വെളിച്ചെണ്ണ 15,000 രൂപയിലുമാണ്. കാലവർഷത്തിന്റെ വരവ് കൊപ്രയ്ക്കു താങ്ങുപകരാം. മാസാരംഭ ഡിമാൻഡ് കാരണം വെളിച്ചെണ്ണ വിൽപ്പനത്തോത് ഉയർത്താനുമിടയുണ്ട്.
കേരളത്തിൽ സ്വർണവില കയറിയിറങ്ങി. പവൻ 53,120 രൂപയിൽനിന്ന് തുടക്കത്തിൽ 53,680 വരെ ഉയർന്നശേഷം ശനിയാഴ്ച 53,200 രൂപയിലാണ്.
തളർന്ന് കൊക്കോ
സംസ്ഥാനത്തു കൊക്കോവിലയിൽ കാര്യമായ ചലനമില്ല. ഹൈറേഞ്ച് കൊക്കോ കിലോഗ്രാമിന് 500-550 റേഞ്ചിലാണ്. ആഫ്രിക്കൻ കർഷകർ ആഗോളവിപണിയുടെ നിയന്ത്രണം നിലനിർത്തി. മുഖ്യ ഉത്പാദകരാജ്യങ്ങളിലെ ചരക്കുക്ഷാമം വിട്ടുമാറാൻ കാലതാമസം നേരിടുമെന്നാണ് ബഹുരാഷ്ട്ര ചോക്ലേറ്റ് വ്യവസായികളുടെ വിലയിരുത്തൽ.

ഐവറി കോസ്റ്റും ഘാനയും കൊക്കോയ്ക്ക് ഉയർന്ന വിലയാണ് ആവശ്യപ്പെടുന്നത്. അതേസമയം, അവധി വ്യാപാരത്തിൽ മാർജിൻ തുക വർധിപ്പിച്ചതു നിക്ഷേപകരെ രംഗത്തുനിന്ന് അല്പം പിന്തിരിപ്പിച്ചു. കൊക്കോ സെപ്റ്റംബർ അവധി 11,115 ഡോളറിൽനിന്ന് 6418ലേക്ക് ഇടിഞ്ഞശേഷം 8820ലേക്ക് ഉയർന്നു. വ്യാപാരാന്ത്യം നിരക്ക് 8586ലാണ്. ഈ വാരം 8080 ഡോളറിലെ താങ്ങ് നിലനിർത്തിയാൽ വിപണിക്ക് 8980-9000 ഡോളറിനു മുകളിൽ ഇടംപിടിക്കാനാവും.