285 കോടിയുടെ തട്ടിപ്പ്: ഹൈറിച്ച് ഉടമകളുള്‍പ്പെടെ 80 പേര്‍ക്കെതിരേ കേസ്
Wednesday, May 8, 2024 1:06 AM IST
കണ്ണൂര്‍: മണിച്ചെയിന്‍ തട്ടിപ്പിലൂടെ ജനങ്ങളെ കബളിപ്പിച്ച ഹൈറിച്ചിന്റെ ഉടമകള്‍ക്കും ഇടനിലക്കാര്‍ക്കും എതിരേ കാസര്‍ഗോഡ് പോലീസും കേസെടുത്തു. മുന്‍ പോലീസ് മേധാവി വടകരയിലെ പി.എ. വത്സന് നല്കിയ പരാതിയിലാണു പ്രൈസ് ചിറ്റ്സ് ആൻഡ് മണി സര്‍ക്കുലേഷന്‍ സ്കീംസ് (ബാനിംഗ്) ആക്ട് പ്രകാരം 80 പേര്‍ക്കെതിരേ കേസെടുത്തത്.
സ്ഥാപനയുടമകളായ തൃശൂരിലെ കോലാട്ട് ദാസന് പ്രതാപന്, ഭാര്യ ശ്രീന, പ്രമോട്ടര്‍മാരായ ജിനില്‍ ജോസഫ്, വിദ്യാനഗര്‍ മധൂരിലെ എ.ആര്. അബ്ദുള്‍ സത്താര്‍, ചെറുവത്തൂരിലെ ദിവാകരന്,അരീക്കാടിയിലെ ഷസ്മിന, ബെല്ലയിലെ പി.വി. വിജിത്ത്, കുഞ്ഞിമംഗലത്തെ സുമി അനില്‍, ഉപ്പള കൊളങ്ങരയിലെ അബ്ദുള്‍ ഖാദര്‍, മധൂരിലെ കെ. അനുഷ, മഞ്ചേശ്വരത്തെ പി.വി. അഷ്റഫ്, തുടങ്ങിയ 80 പേര്‍ക്കെതിരേയാണ് കേസെടുത്തത്.
ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥരും പ്രമോട്ടര്‍മാരുമായ പ്രതികള്‍ നിലവിലുള്ള നിയമത്തിന് വിരുദ്ധമായി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും വസ്തുതകള്‍ മറച്ചുവച്ചും വിവിധ പേരുകളിലുള്ള പദ്ധതികളിലൂടെ നിക്ഷേപങ്ങള്‍ സ്വീകരിച്ചതായി പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഉടന്‍ പണം സമ്പാദിക്കാമെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആളുകളെ ചേര്‍ത്ത് പിരമിഡ് മാതൃകയില്‍ പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചതിലൂടെ 284,89,05,663 രൂപ അന്യായമായ നേട്ടമുണ്ടാക്കിയതായുള്ള പരാതിയിലാണ് പോലീസ് കേസെടുത്തത്.
ഇതിനേക്കാള്‍ ഭീകരമായ തട്ടിപ്പാണ് കോഴിക്കോട് ജില്ലയില്‍ നടന്നിട്ടുള്ളതെന്നും ഓരോ ജില്ലയും തിരിച്ചുള്ള കണക്കുകള്‍ ശേഖരിച്ച് പരാതികള്‍ നല്‍കുമെന്നും പരാതിക്കാരനായ മുന്‍ പോലീസുദ്യോഗസ്ഥന് വത്സന് ദീപികയോട് പറഞ്ഞു.
മണിചെയിന്‍ മാതൃകയിലുള്ള വിവിധ വ്യാപാരങ്ങളുടെ മറവില്‍ നേരിട്ടും ഓണ്‍ലൈനായും ആളുകളെ ചേര്‍ത്ത് കോടികള്‍ കമ്മീഷന് പറ്റുന്നതായും നിയമപരമായ അനുമതിയില്ലാതെ ആളുകളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നതായുമുള്ള ഇദ്ദേഹത്തിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ ടൗണ്‍ പോലീസ് ഇടനിലക്കാരായ 39 പേര്‍ക്കെതിരേ കേസെടുത്തതിന്റെ പിന്നാലെയാണ് കാസര്‍ഗോഡ് പോലീസും കേസെടുത്തത്.