രോഗനിർണയരംഗത്ത് ഫ്യൂജിറെബിയോ-അഗാപ്പെ സഹകരണം
Friday, January 19, 2024 11:34 PM IST
കൊച്ചി: അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ് രോഗനിർണയത്തിന് ഇന്ത്യയിൽ ആദ്യമായി ഇമ്യൂണോളോജി ക്ലിയാ റിയേജന്റുകൾ നിർമിക്കും. ഡയഗ്നോസ്റ്റിക്സ് ടെസ്റ്റിംഗ് സാങ്കേതികവിദ്യയിലും ഗവേഷണത്തിലും പ്രമുഖരായ ജാപ്പനീസ് കമ്പനി ഫ്യൂജിറെബിയോ ഹോൾഡിംഗ്സുമായി ചേർന്നാണ് പുതിയ സംരംഭം.
കോൺട്രാക്ട് ഡെവലപ്മെന്റ് ആൻഡ് മാനുഫാക്ചറിംഗ് ഓർഗനൈസേഷന്റെ (സിഡിഎംഒ) മാതൃകയിലുള്ള ഈ പങ്കാളിത്തം ഇമ്യൂണോളജി മേഖലയിൽ, പ്രത്യേകിച്ച് മിസ്പ ഐ 60, ഐ 121 എന്നീ ഉപകരണങ്ങളുടെ നിർമാണത്തിന് സഹായിക്കുമെന്ന് അഗാപ്പെ മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ പറഞ്ഞു.
ഓങ്കോളജി, തൈറോയ്ഡ്, കാർഡിയാക്, ഫെർട്ടിലിറ്റി, സാംക്രമിക രോഗങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലെ സേവനങ്ങളാണ് ലഭ്യമാക്കുക. പദ്ധതിപ്രകാരം ഫ്യൂജിറെബിയോ സാങ്കേതികവിദ്യയും റിയേജന്റ് അസംസ്കൃത വസ്തുക്കളും ലഭ്യമാക്കും. റിയേജന്റുകൾ വികസിപ്പിക്കുന്നതും നിർമിക്കുന്നതും അഗാപ്പെയാണ്.