ബാങ്ക് ഓഫ് മഹാരാഷ്ട്ര: ലാഭത്തിൽ 34 ശതമാനം വർധന
Wednesday, January 17, 2024 11:31 PM IST
കൊച്ചി: ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 33.61 ശതമാനം കുതിപ്പോടെ 1,036 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 775 കോടി രൂപയായിരുന്നു.
മൊത്ത വരുമാനം 4,770 കോടി രൂപയില്‍നിന്ന് 5,851 കോടി രൂപയായും വര്‍ധിച്ചു. പ്രവര്‍ത്തനലാഭം 1,580 കോടി രൂപയില്‍നിന്ന് 27.32 ശതമാനം ഉയര്‍ന്ന് 2,012 കോടി രൂപയായി. കഴിഞ്ഞ പാദത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ അറ്റ പലിശ വരുമാനം 24.6 ശതമാനം മെച്ചപ്പെട്ട് 2,465 കോടി രൂപയായി.
മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ഇത് 1,980 കോടി രൂപയായിരുന്നു. ലാഭം ആയിരം കോടി രൂപയും പ്രവര്‍ത്തനലാഭം 2,000 കോടി രൂപയും കടന്നത് നിര്‍ണായക നാഴികക്കല്ലാണെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എ.എസ്. രാജീവ് പറഞ്ഞു.