മിൽമയുടെ ഡെലിസ, ചോക്കോഫുൾ വിൽപന രണ്ടുമാസം കൊണ്ട് ഒരു കോടി കടന്നു
Sunday, January 7, 2024 2:22 AM IST
തിരുവനന്തപുരം: വിപണിയുടെ ആവശ്യവും പുത്തൻ പ്രവണതകളും തിരിച്ചറിഞ്ഞ് മിൽമ പുറത്തിറക്കിയ ഡെലിസ ഡാർക്ക് ചോക്ലേറ്റും ചോക്കോഫുൾ സ്നാക്ക്ബാറും തരംഗം തീർക്കുന്നു. രണ്ടു മാസം കൊണ്ട് വൻ ജനപ്രീതിയാണ് മിൽമയുടെ പുതിയ ചോക്ലേറ്റ് ഉത്പന്നങ്ങൾക്ക് ഉപഭോക്താക്കൾക്കിടയിൽ നേടാനായത്.
‘റീപൊസിഷനിംഗ് മിൽമ 2023’ പദ്ധതിയുടെ ഭാഗമായി ഇക്കഴിഞ്ഞ നവംബറിൽ പുറത്തിറക്കിയ ഡാർക്ക് ചോക്ലേറ്റ്, സ്നാക്ക്ബാർ ഉത്പന്നങ്ങളുടെ വിൽപന ഒരു കോടി രൂപ കടന്നു. ഡെലിസ എന്ന പേരിൽ മൂന്നു തരം ഡാർക്ക് ചോക്ലേറ്റുകളും ഒരു മിൽക്ക് ചോക്ലേറ്റും ചോക്കോഫുൾ എന്ന പേരിൽ രണ്ട് സ്നാക്ക് ബാറുകളുമാണ് മിൽമ പുറത്തിറക്കിയത്.
ഉപഭോക്താക്കളെ പരിഗണിച്ചുകൊണ്ട് താരതമ്യേന കുറഞ്ഞ വിലയാണ് മിൽമ ഡാർക്ക് ചോക്ലേറ്റിനുള്ളത്. 35 ഗ്രാം, 70 ഗ്രാം പ്ലെയിൻ ഡാർക്ക് ചോക്ലേറ്റിനും മിൽക്ക് ചോക്ലേറ്റിനും യഥാക്രമം 35, 70 എന്നിങ്ങനെയാണു വില.
35 ഗ്രാം, 70 ഗ്രാം ഓറഞ്ച് ബദാം, ഉണക്കമുന്തിരി ബദാം ചോക്ലേറ്റുകൾക്ക് യഥാക്രമം 40, 80 എന്നിങ്ങനെ വില വരും. ഡെലിസ ചോക്ലേറ്റ് ഉത്പന്നങ്ങൾ അടങ്ങിയ ഗിഫ്റ്റ് പാക്ക് ‘ലിറ്റിൽ മൊമന്റ്സ്’ എന്ന പേരിലും മിൽമ വിപണിയിൽ ഇറക്കിയിട്ടുണ്ട്.