പാലക്കാട് ലുലു മാൾ തുറന്നു
Tuesday, December 19, 2023 12:00 AM IST
പാലക്കാട്: കൊച്ചിക്കും തിരുവനന്തപുരത്തിനും പിന്നാലെ ലോകോത്തര ഷോപ്പിംഗ് വാതിൽ പാലക്കാടും തുറന്ന് ലുലു ഗ്രൂപ്പ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിംഗ് വിസ്മയവുമായി ദേശീയപാതയോടു ചേർന്ന് കണ്ണാടിയിലാണ് പുതിയ ലുലു മാൾ.
ഷാഫി പറന്പിൽ എംഎൽഎ, കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫ് അലി ഉദ്ഘാടനം നിർവഹിച്ചു. ശിലാഫലകം ഷാഫി പറന്പിൽ എംഎൽഎ അനാച്ഛാദനം ചെയ്തു.
പാലക്കാട് കാർഷിക മേഖലയിൽനിന്നുള്ള ഉത്പന്നങ്ങളും കല്പാത്തിയിൽനിന്നുള്ള ഭക്ഷണവിഭവങ്ങളുംവരെ ലുലുവിൽ ലഭ്യമാണ്. 1400 പേർക്കാണ് തൊഴിലവസരം ഉറപ്പാക്കിയിരിക്കുന്നത്. ഇതിൽ എഴുപതു ശതമാനം പേരും പാലക്കാടു നിന്നുള്ളവരാണ്.
കോഴിക്കോട്, തൃശൂർ, കോട്ടയം, പെരിന്തൽമണ്ണ, തിരൂർ എന്നിവിടങ്ങളിലും പുതിയ മാളുകളും ഹൈപ്പർമാർക്കറ്റുകളും ഉടൻ തുറക്കുമെന്ന് എം.എ. യൂസഫലി വ്യക്തമാക്കി.
രണ്ടുലക്ഷം സ്ക്വയർഫീറ്റിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് ലുലു മാൾ. രണ്ടുനിലയുള്ള മാളിൽ, ഒരു ലക്ഷം സ്ക്വയർഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് തന്നെയാണ് ഏറ്റവും ആകർഷണം. അഞ്ഞൂറോളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ലുലു ഗ്രൂപ്പ് ഡയറക്ടർമാരായ എം.എ. സലിം, മുഹമ്മദ് അൽത്താഫ്, ലുലു ഇന്ത്യ ഡയറക്ടർ ആൻഡ് സിഇഒ എം.എ. നിഷാദ്, ലുലു ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണൻ, ലുലു ഗ്രൂപ്പ് സിഎഫ്ഒ സതീഷ് കുറുപ്പത്ത്, ലുലു ഇന്ത്യ ഷോപ്പിംഗ് മാൾസ് ഡയറക്ടർ ഷിബു ഫിലിപ്സ് തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.