ഓട്ടോപൈലറ്റ് സംവിധാനത്തില്‍ പിഴവ്; ടെസ്ല 20 ലക്ഷം കാറുകൾ മടക്കിവിളിക്കും
Thursday, December 14, 2023 12:24 AM IST
കലിഫോർണിയ: ഇലോണ്‍ മസ്കിന്റെ കന്പനിയായ ടെസ്ല അമേരിക്കയിൽ 20 ലക്ഷം കാറുകൾ തിരികെവിളിക്കുന്നു.
വാഹനത്തിന്റെ ഓട്ടോപൈലറ്റ് സംവിധാനത്തിൽ, നിരീക്ഷണസമിതിയായ യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എൻഎച്ച്ടിഎസ്എ) പിഴവ് കണ്ടെത്തിയതിനു പിന്നാലെയാണു നടപടി. രണ്ടു വർഷത്തെ അന്വേഷണത്തിനുശേഷമാണു നിരീക്ഷണസമിതി റിപ്പോർട്ട് സമർപ്പിച്ചത്.
ഓട്ടോപൈലറ്റ് സംവിധാനത്തിൽ കണ്ടെത്തിയ പിഴവ് സോഫ്റ്റ്വേർ അപ്ഡേറ്റിലൂടെ പരിഹരിക്കുമെന്ന് ടെസ്ല അറിയിച്ചു. സ്റ്റിയറിംഗ്, വേഗനിയന്ത്രണം, ബ്രേക്കിംഗ് എന്നിവയിൽ ഡ്രൈവറെ സഹായിക്കുന്നതാണ് ഓട്ടോപൈലറ്റ് സംവിധാനം. പേരിതാണെങ്കിലും ഡ്രൈവറുടെ സഹായമില്ലാതെ വാഹനമോടിക്കാൻ കഴിയില്ലെന്നതു പോരായ്മയാണ്.
ടെസ്ല സോഫ്റ്റ്വേർ അപ്ഡേറ്റ് ചെയ്തശേഷവും വാഹനങ്ങൾ നിരീക്ഷിക്കുമെന്ന് എൻഎച്ച്ടിഎസ്എ അറിയിച്ചു. ടെസ്ലയിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യ പൊതുവഴികൾക്കു യോജിച്ചവയല്ലെന്നു കന്പനിയിലെ ഒരു മുൻ ജീവനക്കാരൻ ബിബിസിയോടു വെളിപ്പെടുത്തിയതിനു പിന്നാലെയാണു പിഴവു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവരുന്നത്.