ആണവകരാർ: ഇറാനും യുഎസും ചർച്ച തുടങ്ങി
Sunday, April 13, 2025 1:05 AM IST
മസ്കറ്റ്: ഇറാനും അമേരിക്കയും ഒമാനിൽ ആണവചർച്ച ആരംഭിച്ചു. ഇറാന്റെ ആണവപദ്ധതിക്കു നിയന്ത്രണം ഏർപ്പെടുത്താൻ ലക്ഷ്യമിട്ട് അമേരിക്കയിലെ ട്രംപ് ഭരണകൂടമാണ് ചർച്ചയ്ക്കു മുൻകൈയെടുത്തത്.
പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ആണ് അമേരിക്കൻ സംഘത്തെ നയിക്കുന്നത്. വിദേശകാര്യമന്ത്രിയും നയതന്ത്ര വിദഗ്ധനുമായ അബ്ബാസ് അരാഗ്ചിയാണ് ഇറേനിയൻ സംഘത്തിനു നേതൃത്വം നല്കുന്നത്.
അനുകൂലമായ കരാറാണ് ഇറാൻ പ്രതീക്ഷിക്കുന്നതെന്ന് ഇന്നലെ ചർച്ചയ്ക്കു മുന്പായി അരാഗ്ചി പറഞ്ഞു.
അരാഗ്ചിയും വിറ്റ്കോഫും ഒമാനിൽ മുഖത്തോടു മുഖം ചർച്ച നടത്തുമോയെന്നതിൽ വ്യക്തതയില്ല. പരോക്ഷ ചർച്ചയ്ക്കാണ് അരാഗ്ചി താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. നേരിട്ടു ചർച്ച നടത്താമെന്നാണ് വിറ്റ്കോഫ് മുന്പ് അഭിപ്രായപ്പെട്ടിട്ടുള്ളത്.
പ്രസിഡന്റ് ട്രംപ് ഇറേനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയ്ക്ക് അയച്ച കത്തിലാണ് ചർച്ചയ്ക്കു താത്പര്യമറിയിച്ചത്. ഇറാൻ അണ്വായുധം സ്വന്തമാക്കുന്നതു തടയുക, അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിക്കാനുള്ള സാധ്യത ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളാണ് തനിക്കുള്ളതെന്ന് ട്രംപ് വ്യക്തമാക്കി.
പശ്ചിമേഷ്യാ സംഘർഷം ലഘൂകരിക്കുന്നതും തടവുകാരുടെ കൈമാറ്റവും ഒമാനിൽ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.
2015ൽ അമേരിക്കയടക്കമുള്ള വൻ ശക്തികൾ ഇറാനുമായി ആണവകരാർ ഉണ്ടാക്കിയതാണ്. 2018ൽ ഒന്നാം ട്രംപ് ഭരണകൂടം കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറുകയായിരുന്നു.