ഖലീലിനെ നാടു കടത്താൻ കോടതിയുടെ അനുമതി
Sunday, April 13, 2025 1:05 AM IST
വാഷിംഗ്ടൺ ഡിസി: കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഇസ്രേലിവിരുദ്ധ പ്രക്ഷോഭം നടത്തിയതിന് അറസ്റ്റിലായ പലസ്തീൻ വംശജൻ മുഹമ്മദ് ഖലീലിനെ നാടുകടത്താമെന്ന് അമേരിക്കൻ കുടിയേറ്റ കോടതി വിധിച്ചു. ഖലീലനെ നാടുകടത്താനുള്ള അധികാരം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് ഉണ്ടെന്ന് കോടതി വ്യക്തമാക്കി.
ഗാസ യുദ്ധത്തിന്റെ പേരിൽ ഇസ്രയേലിനെതിരേ യൂണിവേഴ്സിറ്റിയിൽ നടന്ന പ്രതിഷേധങ്ങൾക്കു നേതൃത്വം നല്കിയ ഖലീലിനെ മാർച്ച് എട്ടിന് യൂണിവേഴ്സിറ്റി കാന്പസിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതിനു പിന്നാലെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഖലീലിനെ അമേരിക്കയിൽനിന്ന് പുറത്താക്കാൻ ഉത്തരവിട്ടു. അമേരിക്കയുടെ വിദേശനയ താത്പര്യങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്നവരെ നാടു കടത്താൻ സ്റ്റേറ്റ് സെക്രട്ടറിക്കുള്ള അധികാരം ഉപയോഗിച്ചായിരുന്നു നടപടി.
ലൂയിസിയാന സംസ്ഥാനത്ത്, അനധികൃത കുടിയേറ്റക്കാർക്കായുള്ള ജയിലിലാണ് ഖലീലിനെ പാർപ്പിച്ചിരിക്കുന്നത്. ജയിലിനുള്ളിൽ പ്രവർത്തിക്കുന്ന കോടതിയാണ് അദ്ദേഹത്തിനെതിരേ വിധി പ്രസ്താവിച്ചത്.
ഖലീലിനെ നാടു കടത്തുന്നതിൽ ഈ കോടതിവിധി അന്തിമതീരുമാനമല്ലെങ്കിലും, ഇസ്രേലിവിരുദ്ധത പുലർത്തുന്ന വിദേശവിദ്യാർഥികളെ പുറത്താക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾക്ക് ഊർജം പകരുന്നതാണ്.
സിറിയയിലെ പലസ്തീൻ അഭയാർഥി കാന്പിൽ ജനിച്ച ഖലീലിന് അൾജീരിയൻ പൗരത്വമാണുള്ളത്. ഭാര്യ അമേരിക്കൻ പൗരയാണ്.