കൊടുങ്കാറ്റ് വരുന്നു; പറന്നുപോകാതെ നോക്കണമെന്ന് ചൈനക്കാർക്കു മുന്നറിയിപ്പ്
Saturday, April 12, 2025 12:17 AM IST
ബെയ്ജിംഗ്: ചൈനയിൽ തലസ്ഥാനമായ ബെയ്ജിംഗ് അടക്കമുള്ള വടക്കൻ പ്രദേശങ്ങളിൽ അതിശക്തമായ കാറ്റ് വീശാമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ.
മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം കാറ്റിനുണ്ടാകാമെന്നും 50 കിലോഗ്രാമിൽ താഴെ ഭാരമുള്ളവർ എളുപ്പത്തിൽ പറന്നുപോകാമെന്നും സർക്കാർ മാധ്യമങ്ങൾ മുന്നറിയിപ്പു നല്കി.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മംഗോളിയയിൽനിന്നുള്ള കാറ്റ് ബെയ്ജിംഗ്, ടിയാൻജിൻ, ഹെബെയ് പ്രദേശങ്ങളിൽ വീശാമെന്നാണ് അറിയിപ്പിൽ പറയുന്നത്.
മംഗോളിയയിൽനിന്നുള്ള കാറ്റ് സാധാരണമാണെങ്കിലും ഇക്കുറി ശക്തി കൂടുതലാണത്രേ. കാറ്റിന്റെ കാര്യത്തിൽ രണ്ടാമത്തെ വലിയ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടാണ് ബെയ്ജിംഗിൽ പുറപ്പെടുവിച്ചിരിക്കുന്നത്.
ഈ ദിവസങ്ങളിൽ ആരും വീടിനു പുറത്തിറങ്ങരുതെന്നാണു നിർദേശം. സ്കൂളുകൾക്ക് അവധി നല്കുകയും പൊതുപരിപാടികൾ റദ്ദാക്കുകയും ചെയ്തു.