ഗാസയുടെ പാതിയും ഇസ്രേലി നിയന്ത്രണത്തിൽ
Tuesday, April 8, 2025 1:19 AM IST
കയ്റോ: ഗാസയുടെ അന്പതു ശതമാനത്തിലധികം ഭൂമിയും ഇസ്രേലി സേനയുടെ നിയന്ത്രണത്തിലായെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാർച്ച് പതിനെട്ടിന് ഇസ്രേലി സേന ഗാസയിൽ ആക്രമണം പുനരാരംഭിച്ചശേഷമാണു കൂടുതൽ ഭൂമി പിടിച്ചെടുത്തത്.
ഇസ്രേലി അതിർത്തിയോടു ചേർന്ന പ്രദേശങ്ങൾ ഏതാണ്ടു മുഴുവനായി സേനയുടെ നിയന്ത്രണത്തിലാണ്. ഇവിടെയുള്ള ഭവനങ്ങളും കൃഷിഭൂമിയും നശിപ്പിച്ചു. ഗാസയെ രണ്ടായി വിഭജിക്കുന്ന നെറ്റ്സരിം ഇടനാഴി അടക്കം ഇസ്രേലി സേനയുടെ നിയന്ത്രണത്തിലാണ്.
ബന്ദിമോചനത്തിനു ഹമാസിനുമേൽ സമ്മർദം ചെലുത്താനാണ് ഇത്തരം നടപടികളെന്നാണ് ഇസ്രയേൽ പറയുന്നത്. എന്നാൽ ദീർഘകാലത്തേക്കു ഗാസയുടെ നിയന്ത്രണം ലക്ഷ്യമിട്ടാണു ഭൂമി പിടിച്ചെടുക്കലെന്നു മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു.
പിടിച്ചെടുത്ത ഭൂമി ഗാസയ്ക്കും ഇസ്രയേലിനും ഇടയിൽ സുരക്ഷാ ബഫർസോണായി പ്രവർത്തിക്കുമെന്നാണ് ഇസ്രയേൽ പറയുന്നത്.
മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു
തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിൽ ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ ഒരു മാധ്യമപ്രവർത്തകൻ അടക്കം രണ്ടു പേർ കൊല്ലപ്പെടുകയും ഒന്പതു പേർക്കു പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക മാധ്യമപ്രവർത്തകർ ഉപയോഗിച്ചിരുന്ന ടെന്റിനു നേർക്കായിരുന്നു ആക്രമണം.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ 57 പേർ കൊല്ലപ്പെടുകയും 137 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഹമാസിന്റെ ആരോഗ്യവകുപ്പ് ഇന്നലെ അറിയിച്ചു.