ആണവപദ്ധതി; ഒമാനിൽ ഇറാൻ-അമേരിക്ക ചർച്ച
Wednesday, April 9, 2025 1:05 AM IST
ടെഹ്റാൻ: ആണവപദ്ധതി വിഷയത്തിൽ ഇറാനുമായി നേരിട്ടു ചർച്ച നടത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം ശരിവച്ച് ടെഹ്റാൻ.
അമേരിക്കയുമായി നേരിട്ടു ചർച്ച നടത്തുമെന്ന് ഇറാൻ അറിയിച്ചു. ശനിയാഴ്ച ഒമാനിൽ ഇരു രാഷ്ട്രങ്ങളും പരോക്ഷ ചർച്ച നടത്തുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി സമൂഹമാധ്യമത്തിൽ പറഞ്ഞു. ചർച്ചയിൽ ഒമാൻ മധ്യസ്ഥത വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരീക്ഷണം എന്നപോലെതന്നെ ഇതൊരു അവസരവുമാണെന്ന് അരഗ്ചി എക്സിൽ കുറിച്ചു. ഒമാനിൽ അരഗ്ചി പശ്ചിമേഷ്യയിലെ അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനെ കാണുമെന്ന് പിന്നീട് ഇറാന്റെ ഔദ്യോഗിക വാർത്താ മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ വിറ്റ്കോഫായിരിക്കുമോ ചർച്ചയിൽ യുഎസ് സംഘത്തെ നയിക്കുകയെന്ന് അമേരിക്കയുടെ ഭാഗത്തുനിന്നും സ്ഥിരീകരണമുണ്ടായിട്ടില്ല.
നേരത്തേ ഇറാനുമായി നേരിട്ടുള്ള ചർച്ച ആരംഭിക്കുമെന്ന് ട്രംപ് വെളിപ്പെടുത്തിയിരുന്നു. ചർച്ച പരാജയപ്പെട്ടാൽ ഇറാന്റെ സ്ഥിതി അപകടത്തിലെന്നും ട്രംപ് മുന്നറിയിപ്പു നൽകുകയും ചെയ്തു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണു ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി നേരിട്ട് ചർച്ച നടത്തുന്നുണ്ട്. ശനിയാഴ്ച ചർച്ച ആരംഭിക്കും. എന്താണ് സംഭവിക്കുകയെന്നു കാണാമെന്നും ട്രംപ് വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ചർച്ച വിജയിച്ചില്ലെങ്കിൽ ഇറാനെ അത് വലിയ അപകടത്തിലാക്കുമെന്നു ട്രംപ് പിന്നീട് പറഞ്ഞു. ഇറാന് ആണവായുധം ഉണ്ടാകാൻ സമ്മതിക്കില്ല. ചർച്ച പരാജയമായാൽ ഇറാന് അതു മോശം ദിവസമാകും- ട്രംപ് പറഞ്ഞു.