അഫ്ഗാനിസ്ഥാനിൽ നാലു പേർക്ക് പരസ്യവധശിക്ഷ
Saturday, April 12, 2025 12:17 AM IST
കാബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ഇന്നലെ നാലു പേരെ പൊതുജനമധ്യത്തിൽ വധശിക്ഷയ്ക്കു വിധേയമാക്കി. വെടിവയ്പുകുറ്റം തെളിഞ്ഞവരുടെ ശിക്ഷയാണു നടപ്പാക്കിയതെന്നു താലിബാൻ സുപ്രീംകോടതി അറിയിച്ചു.
ക്വാല ഇനാ, സാരംജ്, ഫറാ നഗരങ്ങളിലായിരുന്നു ശിക്ഷ നടപ്പാക്കൽ. ഇരകളുടെ ബന്ധുക്കൾ പ്രതികളെ വെടിവച്ചു കൊല്ലുകയായിരുന്നു. വധശിക്ഷയ്ക്കു സാക്ഷ്യം വഹിക്കാൻ ജനങ്ങളെ ക്ഷണിച്ച് നോട്ടീസ് ഇറക്കിയിരുന്നു.
ഇരകളുടെ ബന്ധുക്കൾ പ്രതികൾക്കു മാപ്പു കൊടുക്കാൻ തയാറാകാതിരുന്ന സാഹചര്യത്തിലാണു വധശിക്ഷ നടപ്പാക്കേണ്ടിവന്നതെന്നു സുപ്രീംകോടതിയുടെ അറിയിപ്പിൽ പറയുന്നു.
താലിബാൻ 2021ൽ അധികാരത്തിൽ തിരിച്ചെത്തിയശേഷം പത്തു പേർക്ക് പരസ്യ വധശിക്ഷ നല്കിയിട്ടുണ്ട്.