കുടിവെള്ളത്തിൽ ഫ്ളൂറൈഡ് ചേർക്കുന്നത് നിർത്തണമെന്ന് കെന്നഡി ജൂണിയർ
Wednesday, April 9, 2025 1:05 AM IST
സോൾട്ട് ലേക്ക് സിറ്റി: രാജ്യത്ത് കുടിവെള്ളത്തിൽ ഫ്ളൂറൈഡ് ചേർക്കുന്നതിന് ഇനി ജനങ്ങളോടു ശിപാർശ ചെയ്യരുതെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനോട് ആവശ്യപ്പെടാനൊരുങ്ങുകയാണെന്ന് യുഎസ് ആരോഗ്യ സെക്രട്ടറി റോബർട്ട് കെന്നഡി ജൂണിയർ. വിഷയം പഠിക്കാനും പുതിയ നിർദേശങ്ങൾ നൽകാനും ടാസ്ക് ഫോഴ്സ് രൂപവത്കരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുടിവെള്ളത്തിലെ ഫ്ളൂറൈഡിന്റെ ദോഷവശങ്ങളെക്കുറിച്ചുള്ള പുതിയ ശാസ്ത്രീയ കണ്ടെത്തലുകൾ പരിശോധിച്ചുവരികയാണെന്ന് യുഎസ് എൻവയൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി (ഇപിഎ) അറിയിച്ചിരുന്നു. ഇപിഎ അഡ്മിനിസ്ട്രേറ്റർ ലീ സെൽദിനുമായി നടത്തിയ വാർത്താസമ്മേളനത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ദന്തരോഗ വിദഗ്ധരുടെയും ദേശീയ ആരോഗ്യ സംഘടനകളുടെയും എതിർപ്പിനെ മറികടന്ന് യൂറ്റാ സംസ്ഥാനം കഴിഞ്ഞ മാസം ഫ്ളൂറൈഡ് കലർന്ന കുടിവെള്ളം നിരോധിച്ചിരുന്നു.
അമേരിക്കയെ വീണ്ടും ആരോഗ്യപൂർണമാക്കാൻ യൂറ്റാ നടത്തിയ നീക്കത്തെ കെന്നഡി അഭിന്ദിക്കുകയും ചെയ്തിരുന്നു.