ന്യൂയോർക്കിൽ ഹെലികോപ്റ്റർ നദിയിൽ പതിച്ച് ബിസിനസ് പ്രമുഖനും കുടുംബവും മരിച്ചു
Saturday, April 12, 2025 12:17 AM IST
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ ടൂറിസ്റ്റ് ഹെലികോപ്റ്റർ ഹഡ്സൺ നദിയിൽ പതിച്ച് സ്പാനിഷ് ബിസിനസ് പ്രമുഖനും കുടുംബവും അടക്കം ആറു പേർ മരിച്ചു.
ജർമനിയിലെ സീമെൻസ് കന്പനിയുടെ ട്രെയിൻ ഗതാഗത വിഭാഗമായ റെയിൽ ഇൻഫ്രസ്ട്രക്ചറിന്റെ സിഇഒ അഗസ്റ്റിൻ എസ്കോബാർ, സീമെൻസിൽ ജോലി ചെയ്യുന്ന ഭാര്യ മേഴ്സി, ദന്പതികളുടെ നാല്, അഞ്ച്, 11 വയസ് പ്രായമുള്ള മക്കൾ, പൈലറ്റ് എന്നിവരാണു മരിച്ചത്.
വ്യാഴാഴ്ച അപകടമുണ്ടായയുടൻ മുങ്ങൽവിദഗ്ധർ നദിയിലിറങ്ങി എല്ലാവരെയും പുറത്തെടുത്തെങ്കിലും നാലു പേർ മരിച്ചിരുന്നു. രണ്ടു പേർ ആശുപത്രിയിലാണു മരിച്ചത്. അപകട കാരണം വ്യക്തമല്ല. നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റർ തലകീഴായി നദിയിൽ പതിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു.
സ്പെയിനിലെ ബാഴ്സലോണയിൽ താമസിച്ചിരുന്ന കുടുംബം വിനോദസഞ്ചാരത്തിന് അമേരിക്കയിലെത്തിയതാണെന്നു കരുതുന്നു.
‘ന്യൂയോർക്ക് ഹെലികോപ്റ്റർ ടൂർസ്’ എന്ന സ്ഥാപനത്തിന്റെ ബെൽ 206 ഇനം ഹെലികോപ്റ്ററിൽ നഗരം കാണാൻ പറക്കവേയാണ് അപകടമുണ്ടായത്.