കൊടുങ്കാറ്റ്: ചൈനയിൽ വിമാന സർവീസുകൾ റദ്ദാക്കി
Sunday, April 13, 2025 1:05 AM IST
ബെയ്ജിംഗ്: കൊടുങ്കാറ്റിനെത്തുടർന്ന് ചൈനയുടെ വടക്കൻ മേഖലയിൽ വ്യോമ, റെയിൽ ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച തലസ്ഥാനമായ ബെയ്ജിംഗിലെ രണ്ടു പ്രധാന വിമാനത്താവളങ്ങളിൽ മാത്രം 838 സർവീസുകൾ റദ്ദാക്കി.
മംഗോളിയയിൽനിന്നു വരുന്ന, മണിക്കൂറിൽ 150 കിലോമീറ്റർ വേഗമുള്ള കൊടുങ്കാറ്റാണ് വടക്കൻ ചൈന നേരിടുന്നത്. വലിയ തോതിൽ മുൻകരുതലുകൾ സ്വീകരിച്ചിരുന്നതിനാൽ ആളപായവും വലിയതോതിലുള്ള നഷ്ടവും റിപ്പോർട്ട് ചെയ്തിട്ടില്ല.
50 കിലോഗ്രാമിൽ താഴെ ഭാരമുള്ളവർ പറന്നുപോകാൻ സാധ്യതയുണ്ടെന്ന് ചൈനീസ് മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ മുന്നറിയിപ്പു നല്കിയിരുന്നു. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദേശിച്ചു. സ്കൂളുകൾക്കും പാർക്കുകൾ പോലുള്ള പൊതുസ്ഥലങ്ങൾക്കും അവധി നല്കി.
ബെയ്ജിംഗിലെ തിരക്കേറിയ നിരത്തുകൾ പലതും ഇന്നലെ വിജനമായിരുന്നു. നഗരത്തിൽ മുന്നൂറിലധികം മരങ്ങൾ കടപുഴകി. കൊടുങ്കാറ്റ് ഇന്നും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.