ട്രംപിന്റെ വാണിജ്യയുദ്ധം നേരിടാൻ യൂറോപ്യൻ യൂണിയനെ ക്ഷണിച്ച് ഷി ചിൻപിംഗ്
Saturday, April 12, 2025 12:17 AM IST
ബെയ്ജിംഗ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാരയുദ്ധത്തെ നേരിടാൻ യൂറോപ്യൻ യൂണിയനെ ക്ഷണിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്. ഭീഷണികൾ നേരിടാൻ യൂറോപ്യൻ യൂണിയനും ചൈനയും ഒന്നിച്ചു നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബെയ്ജിംഗിലെത്തിയ സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു ഷി. അതേസമയം, ട്രംപിന്റെയോ യുഎസിന്റെയോ പേര് പരാമർശിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല.
വ്യാപാരയുദ്ധത്തിൽ ആരും ജയിക്കില്ലെന്നും ആഗോള സാന്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിൽ യൂറോപ്യൻ യൂണിയനു പ്രധാന പങ്കുണ്ടെന്നും ഷി ചൂണ്ടിക്കാട്ടി. വ്യാപാരയുദ്ധത്തിൽ ഷി ആദ്യമായാണ് പരസ്യമായി അഭിപ്രായം പറയുന്നത്.
പ്രശ്നപരിഹാരത്തിനു ചൈനയും യുഎസും ചർച്ച നടത്തണമെന്ന് സാഞ്ചസ് നിർദേശിച്ചു. യൂറോപ്യൻ യൂണിയനും ചൈനയും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ സംതുലനം കൈവരേണ്ടതുണ്ടെന്നും സ്പാനിഷ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ട്രംപിന്റെ ചുങ്കപ്രഖ്യാപനങ്ങളിൽ ആഗോള സാന്പത്തികമേഖല കടുത്ത അനിശ്ചിതത്വം നേരിടുന്ന പശ്ചാത്തലത്തിലാണ് സാഞ്ചസ് ബെയ്ജിംഗിലെത്തിയത്. യൂറോപ്യൻ യൂണിയനിലേക്കു കൂടുതൽ ചൈനീസ് നിക്ഷേപം ആകർഷിക്കുക ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്റെ സന്ദർശനമെന്നു സൂചനയുണ്ട്.
ചൈനയുമായി അടുക്കുന്നത് സ്വന്തം കഴുത്തുമുറിക്കുന്നതിനു തുല്യമാണെന്ന് അമേരിക്ക സ്പെയിനിനു മുന്നറിയിപ്പു നല്കിയിരുന്നു. വ്യാപാരബന്ധത്തിൽ സംതുലനം വേണമെന്ന യൂറോപ്യൻ ആവശ്യത്തോട് കുറച്ചുകൂടി അനുകൂലമായി പ്രതികരിക്കുന്നതു ചൈനയാണെന്ന് സാഞ്ചസ് ചൂണ്ടിക്കാട്ടി.