ആളില്ലാ ദ്വീപിനും ട്രംപിന്റെ ചുങ്കം
Tuesday, April 8, 2025 1:20 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ട്രംപ് ചുങ്കം ചുമത്തിയ പ്രദേശങ്ങളിൽ ആൾപാർപ്പില്ലാത്ത ദ്വീപുസമൂഹവും.
പെൻഗ്വിനുകളും സീലുകളും മാത്രമുള്ള ഹേർഡ് ആൻഡ് മക്ഡൊണാൾഡ് ദ്വീപുകളാണ് ട്രംപിന്റെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ ദ്വീപ് സമൂഹം ഓസ്ട്രേലിയയുടെ കീഴിലാണുള്ളത്. ഓസ്ട്രേലിയയിൽനിന്ന് നാലായിരം കിലോമീറ്റർ അകലെയുമാണ്.
ചുങ്കം ചുമത്താനുള്ള പട്ടിക തിടുക്കത്തിൽ തയാറാക്കിയപ്പോൾ ദ്വീപുകളും ഉൾപ്പെട്ടതായിരിക്കാമെന്നാണ് ഓസ്ട്രേലിയൻ വാണിജ്യമന്ത്രി ഡോൺ ഫെറൽ പ്രതികരിച്ചത്.
എന്നാൽ, മറ്റു രാജ്യങ്ങൾ അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ വെട്ടിപ്പു നടത്തുന്നതു തടയാൻ ലക്ഷ്യമിട്ടാണ് നടപടിയെന്നു യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്ട്നിക് വിശദീകരിച്ചു.
ആളില്ലാത്ത ദ്വീപിൽനിന്ന് 2022ൽ അമേരിക്കയിലേക്ക് 14 ലക്ഷം ഡോളറിന്റെ മെഷീനുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കയറ്റുമതി ചെയ്തിരുന്നത്രേ. ഇറക്കുമതിച്ചുങ്കം വെട്ടിക്കാൻ വേണ്ടിയാണ് ഇത്തരം നടപടികളെന്നും പറയുന്നു.