ഗെയിം ഓഫ് ത്രോൺ ചെന്നായകൾക്ക് പുനർജന്മം
Wednesday, April 9, 2025 11:43 PM IST
ന്യൂയോർക്ക്: നിരൂപകപ്രശംസ നേടിയ ഗെയിം ഓഫ് ത്രോൺ ടെലിവിഷൻ പരന്പരയിലൂടെ ശ്രദ്ധേയമായ ഡയർ വൂൾഫ് എന്നയിനം ചെന്നായകളെ ക്ലോണിംഗ് സാങ്കേതിവിദ്യയിലൂടെ പുനഃസൃഷ്ടിച്ചതായി അമേരിക്കയിലെ കൊളോസൽ ബയോസയൻസസ് എന്ന കന്പനി അവകാശപ്പെട്ടു. പതിനായിരം വർഷം മുന്പ് അന്യംനിന്നുപോയ ഇവയ്ക്ക് ക്ലോണിംഗ് സാങ്കേതികവിദ്യയിലൂടെയാണ് പുനർജന്മം ലഭിച്ചത്.
മൂന്നു കുഞ്ഞുങ്ങളെയാണു സൃഷ്ടിച്ചിരിക്കുന്നത്; രണ്ടാണും ഒരു പെണ്ണും. ഐതിഹ്യ പ്രകാരം റോമിന്റെ സ്ഥാപകരും ചെന്നായയുടെ മുലകുടിച്ചു വളർന്ന ഇരട്ടകളുമായ റെമുസ്, റോമുലസ് എന്നിവരുടെ പേരാണ് ആൺകുഞ്ഞുങ്ങൾക്ക് നല്കിയിരിക്കുന്നത്. പെൺകുഞ്ഞിനു ഗെയിം ഓഫ് ത്രോണിലെ ഖലീസി എന്ന കഥാപാത്രത്തിന്റെ പേരാണ്.
ഒരു മാസം പ്രായമുള്ള കുഞ്ഞുങ്ങൾ അമേരിക്കയിലെ രണ്ടായിരം ഏക്കർ വരുന്ന അജ്ഞാത സ്ഥലത്താണു വളരുന്നത്. സുരക്ഷാ ജീവനക്കാരും ഡ്രോണുകളും കാമറകളും സദാസമയവും നിരീക്ഷിക്കുന്നുണ്ട്.
ഡയർ വുൾഫുകൾ ഇപ്പോൾ കാണുന്നയിനം ചെന്നായകളേക്കാൾ വളരെ വലിപ്പംവയ്ക്കും. അമേരിക്കയിലുടനീളമുണ്ടായിരുന്ന ഇവ കുതിരകളെയും കാട്ടുപോത്തുകളെയും വേട്ടയാടിയാണു ജീവിച്ചിരുന്നത്.
അമേരിക്കയിലെ ഐഡഹോ, ഒഹായിയോ സംസ്ഥാനങ്ങളിൽനിന്നു ലഭിച്ച പതിനായിരക്കണക്കിനു വർഷം പഴക്കമുള്ള രണ്ടു ഫോസിലുകളിൽനിന്നു വേർപെടുത്തിയെടുത്ത ഡിഎൻഎ ഉപയോഗിച്ചാണ് ഡയർ വുൾഫിനെ പുനഃസൃഷ്ടിച്ചത്. വളർച്ച പൂർത്തിയാകുന്പോൾ ഇവയെ കാട്ടിൽ വിടുന്നതിനെക്കുറിച്ച് കന്പനി ആലോചിക്കുന്നു.