യെമനിലെ ഹൂതി ശക്തികേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം
Monday, April 7, 2025 1:12 AM IST
ദുബായ്: യുഎസ് വ്യോമാക്രമണത്തിൽ യെമനിലെ ഹൂതി ശക്തികേന്ദ്രങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഹൂതി വിമതരാണ് ഇക്കാര്യം അറിയിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പോസ്റ്റ് ചെയ്ത ബോംബ് സ്ഫോടന വീഡിയോയിൽ കാണുന്നതു പ്രകാരം, കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത.
രണ്ടുനില കെട്ടിടം തകർന്നു വീഴുന്ന രംഗം ആൽ-മസിറാ സാറ്റലൈറ്റ് ചാനൽ സംപ്രേഷണം ചെയ്തു. രണ്ടു പേർ മരിച്ചതിനു പുറമേ ഒൻപത് പേർക്ക് പരിക്കേറ്റതായും കരുതപ്പെടുന്നു. വൈറ്റ്ഹൗസ് നല്കുന്ന വിവരമനുസരിച്ച് ഇതുവരെ ഹൂതികളെ ഉന്നംവച്ച് 200 ആക്രമണങ്ങളാണു യുഎസ് നടത്തിയത്.
ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, തുരങ്ക ശൃംഖലകൾ എന്നിവയൊക്കെ ആക്രമിക്കപ്പെടുന്നുണ്ട്. ഗാസയിലേക്കുള്ള ജീവകാരുണ്യസഹായങ്ങൾ ഇസ്രയേൽ തടഞ്ഞതിനു ശേഷം ഹൂതികൾ ഇസ്രയേലി കപ്പലുകളെ ആക്രമിക്കുമെന്നു ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, ഇസ്രേലി കപ്പലുകൾ എന്നതിന്റെ നിർവചനം അവർ വ്യക്തമാക്കിയിരുന്നില്ല. ഇതേത്തുടർന്നാണ് യുഎസ് വ്യോമാക്രമണങ്ങൾ ആരംഭിച്ചത്.