ജർമനിയിൽ സഖ്യകക്ഷി സർക്കാർ രൂപീകരിക്കാൻ ധാരണ
Wednesday, April 9, 2025 11:43 PM IST
ബെർലിൻ: ജർമനിയിൽ നിർദിഷ്ട ചാൻസലർ ഫ്രീഡ്രിക് മെർസിന്റെ യാഥാസ്ഥിതിക ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) പാർട്ടിയും മധ്യ-ഇടതു നിലപാടുകൾ പുലർത്തുന്ന സോഷ്യൽ ഡെമോക്രാറ്റിക് (എസ്പിഡി) പാർട്ടിയും സഖ്യകക്ഷി സർക്കാർ രൂപവത്കരിക്കാൻ ധാരണയായി.
കാവൽ സർക്കാരിനെ നയിക്കുന്ന ചാൻസലർ ഒലാഫ് ഷോൾസിന്റെ പാർട്ടിയാണ് എസ്പിഡി.ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പിൽ സിഡിയു ഒന്നാമതെത്തിയിരുന്നെങ്കിലും സർക്കാരുണ്ടാക്കാൻ വേണ്ട സീറ്റുകളുണ്ടായിരുന്നില്ല. തീവ്ര നിലപാടുകൾ പുലർത്തുന്ന ഓൾട്ടർനേറ്റീവ് പാർട്ടി രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാപാരയുദ്ധം ആരംഭിച്ച പശ്ചാത്തലത്തിൽ സർക്കാർ രൂപവത്കരണത്തിനായുള്ള ചർച്ചകൾ അടുത്ത ദിവസങ്ങളിൽ ഊർജിതമായിരുന്നു.
മെർസ് ചാൻസലറായി അധികാരമേറ്റാൽ ട്രംപിനോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും സ്വീകരിക്കുകയെന്നാണ് സൂചന. ട്രംപ് വിശ്വാസയോഗ്യനായ മിത്രമല്ലെന്ന് അദ്ദേഹം മുന്പ് പറഞ്ഞിട്ടുണ്ട്.
യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധവിഹിതം വർധിപ്പിക്കുമെന്നും മെർസ് വ്യക്തമാക്കിയിട്ടുണ്ട്.
സിഡിയു നേതാവും മുൻ ചാൻസലറുമായ ആംഗല മെർക്കൽ തുടങ്ങിവച്ച കുടിയേറ്റക്കാരോടുള്ള ഉദാരമനോഭാവവും മെർസ് അവസാനിപ്പിക്കും.