ട്രംപിനെതിരേ ‘ഹാൻഡ്സ് ഓഫ്’ പ്രതിഷേധവുമായി പതിനായിരങ്ങൾ
Monday, April 7, 2025 1:12 AM IST
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ രാജ്യത്ത് വ്യാപക പ്രതിഷേധം. ട്രംപിന്റെ ഭരണ-സാന്പത്തിക-വ്യാപാര പരിഷ്കാരങ്ങൾക്കെതിരേ ന്യൂയോർക്ക്, ഹൂസ്റ്റൺ, ഫ്ലോറിഡ, കൊളറാഡോ, ലോസ് ആഞ്ചലസ് എന്നിവിടങ്ങളിൽ ഉൾപ്പെടെ പതിനായിരങ്ങൾ തെരുവിലിറങ്ങി.
‘ഹാൻഡ്സ് ഓഫ്’ (രാജ്യത്തിന്റെ അടിസ്ഥാനശിലകളെ തകിടംമറിക്കുന്ന തീരുമാനങ്ങളിൽനിന്നു പിന്മാറുക) എന്നു പേരിട്ട പ്രതിഷേധപ്രകടനങ്ങളിൽ അഞ്ചു ലക്ഷം പേർ പങ്കെടുത്തുവെന്നാണു കണക്ക്. പടിഞ്ഞാറൻ തീരം മുതൽ കിഴക്കൻ തീരം വരെയുള്ള 1300 നഗരങ്ങളിലാണ് പ്രതിഷേധം അലയടിച്ചത്. 150 സംഘടനകളുടെ നേതൃത്വത്തിൽ ട്രംപിനെതിരേ നടക്കുന്ന പ്രതിഷേധപരിപാടിയാണ് ‘ഹാൻഡ്സ് ഓഫ്’ പ്രക്ഷോഭം.
യുഎസ് വിദേശനയത്തിലെ മാറ്റങ്ങൾക്കെതിരേയുള്ള എതിർപ്പ് രേഖപ്പെടുത്താനായി ഹാൻഡ്സ് ഓഫ് കാനഡ, ഹാൻഡ്സ് ഓഫ് ഗ്രീൻലാൻഡ് എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും മുഴങ്ങി.
യുഎസിനു പുറത്ത് ലണ്ടൻ, ബെർലിൻ എന്നീ നഗരങ്ങളിലും പ്രതിഷേധം അരങ്ങേറി. റിട്ടയർമെന്റ്, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നഷ്ടമാകുമെന്നു തങ്ങൾ ഭയക്കുന്നതായി പ്രക്ഷോഭകരിൽ ചിലർ പറഞ്ഞപ്പോൾ, മറ്റു ചിലർ അമേരിക്കൻ ജനതയ്ക്ക് ജനാധിപത്യ അവകാശങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു.
എന്നാൽ, പ്രതിഷേധങ്ങൾ തള്ളിക്കളയുന്നുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. നയങ്ങൾ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നു ട്രംപും വ്യക്തമാക്കിയിട്ടുണ്ട്.