ഭാര്യക്കൊപ്പം അന്റാർട്ടിക്കയിലേക്ക് ആഡംബര യാത്ര; ഇറാൻ വൈസ് പ്രസിഡന്റിനെ പുറത്താക്കി
Monday, April 7, 2025 1:12 AM IST
ടെഹ്റാൻ: ഭാര്യക്കൊപ്പം അന്റാർട്ടിക്കയിലേക്ക് ആഡംബരയാത്ര നടത്തിയ ഇറേനിയൻ വൈസ് പ്രസിഡന്റ് ഷാഹ്റം ദാബിരിയെ പ്രസിഡന്റ് മസൗദ് പെസെഷ്കിയാൻ പുറത്താക്കി.
ഇറാൻ നേരിടുന്ന സാന്പത്തിക വെല്ലുവിളിക്കിടെ ദാബിരിയുടെ ആഡംബര യാത്ര നീതികരിക്കാനാകാത്തതും അസ്വീകാര്യവുമാണെന്ന് പ്രസിഡന്റിന്റെ ഓഫീസ് കുറ്റപ്പെടുത്തി. അന്റാർട്ടിക്കയിലേക്കു യാത്ര പോകുന്ന ആഡംബര കപ്പൽ എംവി പ്ലാൻസിയൂസിന്റെ മുന്നിൽനിന്ന് ദാബിരിയും ഭാര്യയും എടുത്ത ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദാബിരിയെ പുറത്താക്കണമെന്ന് പ്രസിഡന്റിന്റെ അനുയായികൾ ആവശ്യപ്പെട്ടിരുന്നു.
ഹമാസിനെയും ഹിസ്ബുള്ളയെയും പിന്തുണയ്ക്കുന്നതിന്റെ പേരിൽ പാശ്ചാത്യരാജ്യങ്ങൾ ഏർപ്പെടുത്തുന്ന ഉപരോധം മൂലം ഇറാൻ രൂക്ഷ സാന്പത്തിക പ്രതിസന്ധിയിലാണ്. പണപ്പെരുപ്പം 29.5 ശതമാനമാണ്.