തുർക്കിയിൽ റഷ്യ-യുഎസ് ചർച്ച
Friday, April 11, 2025 1:06 AM IST
ഇസ്താംബൂൾ: നയതന്ത്രബന്ധത്തിലെ വിള്ളൽ പരിഹരിക്കുന്നതിനായി റഷ്യയും അമേരിക്കയും തുർക്കിയിൽ ചർച്ച നടത്തി.
ഇസ്താംബൂളിലെ റഷ്യൻ കോൺസുലേറ്റിലായിരുന്നു ചർച്ച. റഷ്യൻ സംഘത്തെ അമേരിക്കയിലെ പുതിയ റഷ്യൻ അംബാസഡർ അലക്സാണ്ടർ ദാർച്ചീവും അമേരിക്കൻ സംഘത്തെ യുഎസ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് സൊണാറ്റ കൂൾട്ടറും നയിച്ചു.
നയതന്ത്ര കാര്യാലയങ്ങൾക്കു തടസം കൂടാതെ പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കുന്നതിനെക്കുറിച്ചായിരിക്കും ചർച്ചയെന്ന് ഇരു രാജ്യങ്ങളും നേരത്തേ വ്യക്തമാക്കിയിരുന്നു. യുക്രെയ്ൻ യുദ്ധം അജൻഡയിൽ ഇല്ലെന്നും കൂട്ടിച്ചേർത്തു.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും നയതന്ത്ര കാര്യാലയങ്ങൾക്കു വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
പാശ്ചാത്യ ഉപരോധം മൂലം കാര്യാലയങ്ങളിലെ ജീവനക്കാർക്കു ശന്പളം കൊടുക്കാൻ പോലും പറ്റുന്നില്ലെന്ന് റഷ്യ മുന്പ് പരാതിപ്പെട്ടിട്ടുണ്ട്. നയതന്ത്ര ജീവനക്കാർക്കു റഷ്യയിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന് അമേരിക്കയും ആരോപിച്ചിരുന്നു.