ആശുപത്രി വിട്ടതിനുശേഷം മാർപാപ്പ ആദ്യമായി പൊതുവേദിയിൽ
Monday, April 7, 2025 1:12 AM IST
വത്തിക്കാൻ സിറ്റി: ആശുപത്രിയിൽനിന്നു ഡിസ്ചാർജായി വത്തിക്കാനിലെ താമസസ്ഥലത്ത് തുടർചികിത്സയും വിശ്രമവും തുടരുന്ന ഫ്രാൻസിസ് മാർപാപ്പ ഇന്നലെ അപ്രതീക്ഷിതമായി സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ബലിവേദിയിലെത്തി വിശ്വാസികളെ ആശീർവദിച്ചു.
പ്രാദേശികസമയം ഇന്നലെ രാവിലെ 11.45 ഓടെയാണ് സപ്ലിമെന്റൽ ഓക്സിജൻ നൽകുന്ന നേസൽ കാനുലകൾ ധരിച്ച് ഒരു മെയിൽ നഴ്സിനൊപ്പം മാർപാപ്പ ചക്രക്കസേരയിൽ എത്തിയത്.
രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും ജൂബിലി സമാപനത്തോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയ്ക്കിടെ ദിവ്യകാരുണ്യ സ്വീകരണ സമയത്തായിരുന്നു മാർപാപ്പയുടെ കടന്നുവരവ്. അപ്രതീക്ഷിതമായി മാർപാപ്പയെ കണ്ടതോടെ വിശ്വാസികൾ കരഘോഷത്തോടെയും ആർപ്പുവിളികളോടെയും വരവേറ്റു. വിശുദ്ധ കുർബാനയ്ക്കുശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിനു വിശ്വാസികൾക്കു മധ്യത്തിലൂടെ ചക്രക്കസേരയിൽ നീങ്ങിയ മാർപാപ്പ ജനങ്ങളെ ആശീർവദിച്ചു. നല്ല ഞായറാഴ്ച ആശംസിക്കുന്നുവെന്നും എല്ലാവർക്കും നന്ദിയെന്നും മാർപാപ്പ പറഞ്ഞു.
രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും ജൂബിലി സമാപനത്തോടനുബന്ധിച്ച് രാവിലെ 10.30ന് നടന്ന വിശുദ്ധ കുർബാനയിൽ, സുവിശേഷവത്കരണത്തിനായുള്ള കാര്യാലയത്തിന്റെ പ്രോ-പ്രീഫെക്ട് ആർച്ച്ബിഷപ് റീനൊ ഫിസിഷെല്ല മുഖ്യകാർമികനായിരുന്നു. വിശുദ്ധ കുർബാനയിൽ നാല് കർദിനാൾമാരും 15 മെത്രാന്മാരും 200 വൈദികരും സഹകാർമികരായിരുന്നു. വിശുദ്ധകുർബാനമധ്യേ മാർപാപ്പ തയാറാക്കിയ സുവിശേഷസന്ദേശം മുഖ്യകാർമികനായ ആർച്ച്ബിഷപ് ഫിസിഷെല്ല വായിച്ചു.
ശനിയാഴ്ചയും ഇന്നലെയുമായി വത്തിക്കാനിൽ നടന്ന രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും ജൂബിലിയാഘോഷത്തിൽ വിവിധ രാജ്യങ്ങളിൽനിന്നായി രോഗികളും ഡോക്ടർമാരും വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുമുൾപ്പടെ 25,000 ത്തോളം പേർ പങ്കെടുത്തു.
ശനിയാഴ്ച രാവിലെ വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധവാതിൽ കടക്കൽ ചടങ്ങോടെയായിരുന്നു ജൂബിലിയാഘോഷത്തിനു തുടക്കമായത്. തുടർന്ന് സാംസ്കാരിക, ആധ്യാത്മിക, കലാപരിപാടികൾ അരങ്ങേറി. അതേസമയം, ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും അടുത്തയാഴ്ചത്തെ വിശുദ്ധവാര തിരുക്കർമങ്ങളിൽ മാർപാപ്പ കാർമികത്വം വഹിക്കുമോയെന്ന കാര്യത്തിൽ ഇനിയും വത്തിക്കാൻ വ്യക്തത വരുത്തിയിട്ടില്ല.