ചാൾസും കാമില്ലയും മാർപാപ്പയെ സന്ദർശിച്ചു
Friday, April 11, 2025 1:06 AM IST
വത്തിക്കാൻ സിറ്റി: ബ്രിട്ടനിലെ രാജാവ് ചാൾസും പത്നി കാമില്ലയും വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു കൂടിക്കാഴ്ച നടത്തി.
ചാൾസിന്റെയും കാമില്ലയുടെയും 20-ാം വിവാഹവാർഷികത്തോടനുബന്ധിച്ചായിരുന്നു സന്ദർശനം. മാർപാപ്പ ഇരുവർക്കും വിവാഹവാർഷിക ആശംസകൾ നേർന്നു.
ദീർഘനാളത്തെ ആശുപത്രിവാസത്തിനുശേഷം ആരോഗ്യം വീണ്ടെടുക്കാനായി പൊതുപരിപാടികൾ ഒഴിവാക്കിയിരിക്കുന്ന മാർപാപ്പയെ ബുധനാഴ്ച ഉച്ചയ്ക്കാണു ദന്പതികൾ സന്ദർശിച്ചത്. മാർപാപ്പ താമസിക്കുന്ന സാന്താ മാർത്ത ഗസ്റ്റ്ഹൗസിൽ നടന്ന സ്വകാര്യ കൂടിക്കാഴ്ച 20 മിനിറ്റ് നീണ്ടു.
സുഖംപ്രാപിച്ചുവരുന്ന ഫ്രാൻസിസ് മാർപാപ്പ അതിവേഗം ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് ചാൾസ് ആശംസിച്ചു. കാൻസർ ചികിത്സയുടെ അനന്തരഫലങ്ങൾ നേരിടുന്ന ചാൾസും വേഗം സുഖം പ്രാപിക്കട്ടെയെന്നു മാർപാപ്പ പ്രതികരിച്ചു. ഇരുവരും സമ്മാനങ്ങൾ കൈമാറി.
മൂന്നു ദിവസത്തെ ഇറ്റാലിയൻ സന്ദർശനത്തിനിടെയാണു ചാൾസും കാമില്ലയും വത്തിക്കാനിലെത്തിയത്.