തകർന്നടിഞ്ഞ് ആഗോള ഓഹരി വിപണി
Tuesday, April 8, 2025 2:34 AM IST
ന്യൂയോർക്ക്/മുംബൈ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവവർധനയും ചൈനയുടെ തിരിച്ചടിയും മൂലം കൂപ്പുകുത്തി ആഗോള ഓഹരിവിപണി.
അമേരിക്കയിൽ സാന്പത്തികമാന്ദ്യവും പണപ്പെരുപ്പവും ഉണ്ടാകുമെന്ന ഭീതിയും ഓഹരിവിപണികളെ സ്വാധീനിച്ചു. കോവിഡിനുശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് ഓഹരിവിപണി നേരിടുന്നത്.
ഇന്ത്യൻ ഓഹരിവിപണിയും ഇന്നലെ വൻ തകർച്ച നേരിട്ടു. സെൻസെക്സ് 2226.79 പോയിന്റ് താഴ്ന്നു. നിഫ്റ്റിയിൽ 742.85 പോയിന്റ് ഇടിവാണുണ്ടായത്. പത്തു മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രതിദിന നഷ്ടമാണിത്.
ഒരു ഘട്ടത്തിൽ സെൻസെക്സിൽ 3939 പോയിന്റ് താഴ്ന്നിരുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സെൻസെക്സ് നഷ്ടത്തിൽ ക്ലോസ് ചെയ്തത്. 2020 മാർച്ച് 23നു സെൻസെക്സും നിഫ്റ്റിയും 13 ശതമാനം ഇടിഞ്ഞിരുന്നു. കോവിഡ് മഹാമാരിയെത്തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തിയതാണ് അന്ന് ഓഹരിവിപണി കൂപ്പുകുത്താൻ കാരണമായത്.
ഇന്നലെ ഇന്ത്യൻ നിക്ഷേപകർക്കു നഷ്ടമായത് 14 ലക്ഷം കോടി രൂപയാണ്. ഒരു ഘട്ടത്തിൽ നഷ്ടം 20 ലക്ഷം കോടി വരെ ഉയർന്നിരുന്നു. ഹിന്ദുസ്ഥാൻ യൂണിലിവർ ഒഴികെ സെൻസെക്സിലെ എല്ലാ ഓഹരികൾക്കും നഷ്ടം നേരിട്ടു.
മാന്ദ്യഭീതിയെത്തുടർന്നുണ്ടായ വില്പനസമ്മർദം യുഎസ് വിപണിയെ ബാധിച്ചു. യുഎസ് ഓഹരികൾ മൂന്നു ശതമാനം ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്.
ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കു പ്രഖ്യാപിച്ച അധികതീരുവ മൂന്നു മാസം നീട്ടിവയ്ക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉദ്ദേശിക്കുന്നതായി വന്ന റിപ്പോർട്ട് യുഎസ് വിപണിയെ അല്പസമയം ചാഞ്ചാട്ടത്തിലാക്കി. വിപണി രണ്ടു ശതമാനം നേട്ടത്തിലായി. ആ റിപ്പോർട്ട് വ്യാജമാണെന്നു വൈറ്റ് ഹൗസ് അറിയിച്ചതോടെ വിപണി വീണ്ടും രണ്ടര ശതമാനം ഇടിഞ്ഞു.
ബ്രിട്ടൻ ഓഹരിസൂചികയിൽ ഒരു വർഷത്തിനിടെ ഏറ്റവും വലിയ പ്രതിദിന ഇടിവാണുണ്ടായത്. ഫ്രാങ്ക്ഫർട്ട് വിപണിയിൽ 10 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഹോങ്കോംഗിലെ ഓഹരിസൂചികയിൽ 13.2 ശതമാനം നഷ്ടമുണ്ടായി.
1997നുശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണിത്. ടോക്കിയോയിലെ നിക്കി സൂചികയിൽ എട്ടു ശതമാനം ഇടിവുണ്ടായി. ദക്ഷിണകൊറിയൻ, ചൈനീസ് ഓഹരിവിപണികളും നഷ്ടത്തിൽ ക്ലോസ് ചെയ്തു.
ചൈനയെ വിരട്ടി ട്രംപ്
ചൈനയ്ക്കു മേൽ കൂടുതൽ തീരുവ ഏർപ്പെടുത്തുമെന്ന് ഇന്നലെ ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി. ചൈന ഏർപ്പെടുത്തിയ 34 ശതമാനം തീരുവ ഇന്നു പിൻവലിച്ചില്ലെങ്കിൽ തൊട്ടടുത്ത ദിവസം മുതൽ യുഎസ് 50 ശതമാനം തീരുവകൂടി ഏർപ്പെടുത്തുമെന്ന് ട്രംപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. വിപണികളുടെ തകർച്ച താൻ കരുതിക്കൂട്ടി ആസൂത്രണം ചെയ്യുകയായിരുന്നില്ലെന്നാണ് ഡോണൾഡ് ട്രംപ് നേരത്തേ പറഞ്ഞത്.