ഫിലിപ്പീൻസിൽ ഭൂകന്പം; വ്യാപക നാശം
മനില: തെക്കൻ ഫിലിപ്പീൻസിലെ മിൻഡനാവോ ദ്വീപിൽ ഇന്നലെയുണ്ടായ അതിശക്തമായ ഭൂചലനത്തിൽ വ്യാപക നാശനഷ്ടം. കെട്ടിടം തകർന്നുവീണ് ഒരു ശിശു അടക്കം നാലു പേർ കൊല്ലപ്പെട്ടു. 62 പേർക്കു പരിക്കേറ്റു.
ദെവാവോ നഗരത്തിലായിരു ന്ന പ്രസിഡന്റ് ഡുട്ടെർട്ടേ അപകടത്തിൽനിന്നു രക്ഷപ്പെട്ടു. ഡുട്ടേർട്ടേയും പത്നിയും ആ സമയത്ത് കാറിൽ സഞ്ചരിക്കുകയായിരുന്നുവെന്നും ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്നും പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു. പ്രസിഡന്റിന്റെ പത്നിയാണു കാറോടിച്ചിരുന്നത്.
ഭൂകന്പമാപിനിയിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ചലനത്തിൽ നിരവധി കെട്ടിടങ്ങൾക്കു കേടുപാടുണ്ടായി. പഡാഡയിലെ മാർക്കറ്റിൽ തകർന്നുവീണ കെട്ടിടത്തിനടയിൽ ആളുകൾ കുടുങ്ങിയതായി കരുതുന്നു. രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഭൂകന്പത്തിനു പിന്നാലെ സുനാമിസാധ്യത ഇല്ലെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ഒക്ടോബറിൽ മൂന്നു ഭൂകന്പങ്ങൾ മിനനാവോയിൽ അനുഭവപ്പെട്ടിരുന്നു. ഒരു ഡസനിലധികം പേർ കൊല്ലപ്പെടുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തു.
ലേബർ പാർട്ടിയുടെ നേതൃപദവിയിലേക്ക് മത്സരിക്കാൻ ഇന്ത്യൻ വംശജ
ലണ്ടൻ: ബ്രിട്ടീഷ് ലേബർ പാർട്ടി നേതൃത്വത്തിലേക്കു മത്സരിക്കാൻ ഇന്ത്യൻ വംശജയായ എംപി ലിസാ നന്ദി തയാറെടുക്കുന്നു. ഇത്തവണത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിനെത്തുടർന്നു ജറമി കോർബിൻ നേതൃപദവി ഒഴിയുകയാണന്നു പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ലിസാ രംഗത്തെത്തിയത്. കോർബിൻ അടുത്തവർഷമാദ്യം രാജിവയ്ക്കുമെന്നു കരുതുന്നു.
വടക്കുപടിഞ്ഞാറൻ ഇംഗ്ളണ്ടിലെ വിഗാൻ സീറ്റിൽനിന്നാണ് നാല്പതുകാരിയായ ലിസാ ജയിച്ചത്. ലേബറിന്റെ പല സുശക്ത സീറ്റുകളും ജോൺസന്റെ പാർട്ടിയുടെ പടയോട്ടത്തിൽ തകർന്ന സാഹചര്യത്തിൽ ലിസായുടെ വിജയത്തിന് ഏറെ തിളക്കമുണ്ട്.ലേബർ പാർട്ടിക്ക് ഈ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ഏറെ ദയനീയമാണെന്ന് ലിസാ പറഞ്ഞു.
ലേബറിനെ കൈവിട്ട് കൺസർവേറ്റീവുകൾക്ക് വോട്ടു ചെയ്തവരെ എങ്ങനെ തിരിച്ചുകൊണ്ടുവരാമെന്നാണ് ആലോചിക്കേണ്ടത്. ഈ സാഹചര്യത്തിൽ നേതൃപദവിയിലേക്കു മത്സരിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് ലിസാ ബിബിസിയോടു പറഞ്ഞു. ലിസായുടെ പിതാവ് ഇന്ത്യക്കാരനും മാതാവ് ബ്രിട്ടീഷുകാരിയുമാണ്.
കീർ സ്റ്റാർമർ, ജെസ് ഫിലിപ്സ് എന്നിവരുടെ പേരും നേതൃത്വത്തിലേക്കു പറഞ്ഞു കേൾക്കുന്നുണ്ട്. കോർബിനിസ്റ്റുകളുടെ സ്ഥാനാർഥി സാൽഫോർഡ് എംപി റെബേക്കാ ലോംഗ് ബെയിലിയാണ്.
സൺഡേ മിററിലും ഒബ്സർവറിലും എഴുതിയ ലേഖനങ്ങളിൽ ലേബർ പാർട്ടിയുടെ തോൽവിയുടെ പേരിൽ ജറമി കോർബിൻ മാപ്പു പറഞ്ഞു. പാർട്ടിക്ക് ഇത്തവണ 59 എംപിമാരാണു കുറഞ്ഞത്. 1935നുശേഷം ഇത്രയും വലിയ തോൽവി ആദ്യമാണ്. ബ്രെക്സിറ്റിന്റെ പേരിൽ ഭിന്നതയുണ്ടായതും മാധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തിയതുമാണു തോൽവിക്കിടയാക്കിയതെന്നും കോർബിൻ ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ ഉച്ചകോടി: പ്രതീക്ഷ വെറുതെയായി
മാഡ്രിഡ്: കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിന് ഉതകുന്ന ഉടന്പടികളൊന്നുമില്ലാതെ യുഎൻ കാലാവസ്ഥാ ഉച്ചകോടി മാഡ്രിഡിൽ സമാപിച്ചു. ഹരിതഗ്രഹ വാതകങ്ങളുടെ പുറംതള്ളൽ കുറയ്ക്കുന്നതിനുള്ള തീരുമാനങ്ങളൊന്നും ഉണ്ടായില്ല. സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ അടുത്തവർഷം ചേരുന്ന ഉച്ചകോടിയിലേ ഇനി ഇക്കാര്യത്തിൽ ചർച്ചയുണ്ടാകൂ എന്നാണു സൂചന.
ആഗോളതാപനം കുറയ്ക്കാൻ ഹരിതഗ്രഹ വാതകങ്ങളുടെ പുറംതള്ളൽ കുറയ്ക്കണമെന്ന് ഒട്ടുമിക്ക രാജ്യങ്ങളും അഭിപ്രായപ്പെട്ടു. എന്നാൽ, 200 രാജ്യങ്ങളിലെ പ്രതിനിധികൾ രണ്ടാഴ്ച മാരത്തൺ ചർച്ചകളിൽ ഏർപ്പെട്ടെങ്കിലും തീരുമാനങ്ങളൊന്നും ഉണ്ടായില്ല.
ഹരിതഗ്രഹ വാതകങ്ങളുടെ പുറംതള്ളൽ കുറയ്ക്കാൻ രാജ്യങ്ങൾ നടപടി എടുക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ചിലി-മാഡ്രിഡ് ടൈം ആക്ഷൻ പ്രഖ്യാപനം ഉച്ചകോടിയിൽ ഉണ്ടായി. നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതാപനം കുറയ്ക്കാൻ ലക്ഷ്യമിടുന്ന പാരീസ് ഉടന്പടി സംബന്ധിച്ച അന്തിമധാരണ ഉണ്ടാകുമെന്ന പ്രതീക്ഷ വിഫലമായി. ആഗോളതാപനത്തിന്റെ കെടുതികൾ നേരിടേണ്ടിവരുന്ന ചെറുദ്വീപ് രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നല്കണമെന്നതിൽ പൊതു ധാരണയുണ്ടായി.സന്പന്ന രാജ്യങ്ങൾ ഉത്തരാവാദിത്വരഹിതമായി പെരുമാറുകയാണെന്ന് പരിസ്ഥിതിവാദികൾ ആരോപിച്ചു.
ചിലിയാണ് ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ചത്. ചിലിയിലെ ജനകീയ പ്രക്ഷോഭം മൂലം ഉച്ചകോടി മാഡ്രിഡിലേക്കു മാറ്റുകയായിരുന്നു.
ലോകമഹായുദ്ധത്തിലെ ബോംബ്: ഇറ്റലിയിൽ 54,000 പേരെ ഒഴിപ്പിച്ചു
മിലാൻ: തെക്കൻ ഇറ്റലിയിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തിയതിനെത്തുടർന്ന് ജനങ്ങളെ കൂട്ടമായി ഒഴിപ്പിച്ചു. ബ്രിൻഡിസി നഗരത്തിൽനിന്ന് 54,000 പേരേയാണ് ഒഴിപ്പിച്ചത്. നഗര ജനസംഖ്യയുടെ 60 ശതമാനം വരുമിത്. സമാധാനകാലത്തു നടത്തുന്ന ഏറ്റവും വലിയ ഒഴിപ്പിക്കലാണിതെന്ന് പറയുന്നു.
ഒരു സിനിമാ തിയറ്ററിൽ പുനരുദ്ധാരണ ജോലികൾ നടക്കുന്നതിനിടെയാണ് ബോംബ് കണ്ടെത്തിയത്. 1941 ൽ ബ്രിട്ടൻ വർഷിച്ച ബോംബിന് ഒരു മീറ്റർ നീളമുണ്ട്. 40 കിലോഗ്രാം ഡൈനാമൈറ്റ് ഇതിനുള്ളിലുണ്ട്. ബോംബ് നിർവീര്യമാക്കുന്നതിനു മുന്നോടിയായിട്ടാണ് ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിച്ചു മാറ്റിയത്. നഗരത്തിലെ വിമാനത്താവളം, ട്രെയിൻ സ്റ്റേഷൻ, രണ്ട് ആശുപത്രികൾ, ഒരു ജയിൽ എന്നിവ അടച്ചുപൂട്ടി.
അഫ്ഗാനിസ്ഥാനിൽനിന്ന് 4000 യുഎസ് സൈനികരെ പിൻവലിക്കും; പ്രഖ്യാപനം ഉടൻ
വാഷിംഗ്ടൺ ഡിസി: അഫ്ഗാനിസ്ഥാനിൽനിന്ന് 4000 യുഎസ് സൈനികരെ പിൻവലിക്കാനുള്ള പദ്ധതി ട്രംപ് ഭരണകൂടം അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസും താലിബാനും തമ്മിൽ സമാധാന ചർച്ച പുനരാരംഭിച്ച് ഒരാഴ്ച പിന്നിടുന്പോഴാണ് റിപ്പോർട്ട്.
13,000 യുഎസ് സൈനികരെയാണ് അഫ്ഗാനിസ്ഥാനിൽ വിന്യസിച്ചിരിക്കുന്നത്. ഇതിൽ 4000 പേരെ സ്ഥലം മാറ്റുകയോ പിൻവലിക്കുകയോ ചെയ്യുമെന്ന് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞതായി എൻബിസി റിപ്പോർട്ട് ചെയ്തു. പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സിഎൻഎന്നും പറഞ്ഞു.
യുഎസ് സൈനികരെ പൂർണമായി പിൻവലിക്കണമെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഗ്രഹം. ഇതിനായി താലിബാനുമായി മുന്പു നടത്തിയ ചർച്ചകൾ കരാറിന്റെ വക്കിൽവരെ എത്തിയിരുന്നു. എന്നാൽ സെപ്റ്റംബറിൽ ചർച്ചകൾ നിർത്തുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇതാണ് കഴിഞ്ഞയാഴ്ച പുനരാരംഭിച്ചത്.
ജോൺസൻ അഴിച്ചുപണിക്ക്
ലണ്ടൻ: ബ്രിട്ടനിൽ എൺപതു സീറ്റിന്റെ ഭൂരിപക്ഷത്തോടെ ഭരണമുന്നണിയെ വീണ്ടും അധികാരത്തിലെത്തിച്ച പ്രധാനമന്ത്രി ബോറീസ് ജോൺസൻ മന്ത്രിസഭയിലും സിവിൽ സർവീസിലും വൻ അഴിച്ചുപണിക്കു തുനിയുമെന്നു റിപ്പോർട്ട്.
ജനുവരി 31നു ബ്രെക്സിറ്റ് നടപ്പാക്കുന്നതിനാണ് ആദ്യ മുൻഗണന. അതിനുശേഷമായിരിക്കും വൻതോതിലുള്ള അഴിച്ചുപണി. പ്രതിപക്ഷ ലേബറിനെ കൈവിട്ട് കൺസർവേറ്റീവ് പാർട്ടിക്ക് വോട്ടു ചെയ്തവർക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കും. ചൊവ്വാഴ്ച സർ ലിൻഡ്സേ ഹോയിൽ സ്പീക്കറായി ചുമതലയേൽക്കും. എംപിമാരുടെ സത്യപ്രതിജ്ഞയ്ക്ക് അദ്ദേഹം നേതൃത്വം നല്കും. വ്യാഴാഴ്ച എലിസബത്ത് രാജ്ഞി എംപിമാരെ അഭിസംബോധന ചെയ്തു പ്രസംഗിക്കും.
മുൻ സുഡാൻ പ്രസിഡന്റിനു രണ്ടു വർഷം തടവ്
ഖാർത്തും: പുറത്താക്കപ്പെട്ട സുഡാൻ പ്രസിഡന്റ് ഒമർ അൽ ബഷീറിന് അഴിമതിക്കേസിൽ കോടതി രണ്ടു വർഷം തടവുശിക്ഷ വിധിച്ചു. അധികാര ഭ്രഷ്ടനായ സമയത്ത് അദ്ദേഹത്തിന്റെ വസതിയിൽനിന്ന് ലക്ഷക്കണക്കിനു യൂറോയുടെയും സുഡാനീസ് പൗണ്ടിന്റെയും കറൻസികളും മറ്റും പിടിച്ചെടുത്തിരുന്നു. ഇവ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ബഷീർ അനുകൂലികൾ ഖാർത്തൂമിൽ വൻ റാലി നടത്തി. വിധിക്കെതിരേ അപ്പീൽ നൽകുമെന്നു ബഷീറിന്റെ അഭിഭാഷകൻ അറിയിച്ചു. മുപ്പതുവർഷത്തോളം സുഡാനെ അടക്കി ഭരിച്ച ബഷീറിനെ ജനകീയ പ്രക്ഷോഭത്തെത്തുടർന്നു സൈന്യം ഇടപെട്ട് ഏപ്രിലിലാണു പുറത്താക്കിയത്.
ബംഗ്ളാ ഫാക്ടറിയിൽ തീപിടിത്തം; പത്തു മരണം
ധാക്ക: ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയ്ക്കു സമീപം ഗാസിപ്പൂർ ഡിസ്ട്രിക്ടിൽ ഫാൻ നിർമാണ ഫാക്ടറിക്കു തീപിടിച്ച് പത്തുപേർ മരിച്ചു. ഫാക്ടറി പൂർണമായി കത്തിനശിച്ചു.
യുഎസ് - ചൈന കരാർ ജനുവരി ആദ്യവാരം
വാഷിംഗ്ടൺ/ബെയ്ജിംഗ്: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം അവസാനിപ്പിക്കുന്ന ഒന്നാംഘട്ടം കരാർ ജനുവരി ആദ്യവാരത്തിൽ ഒപ്പുവയ്ക്കും. അമേരിക്കൻ വാണിജ്യ പ്രതിനിധി റോബർട്ട് ലൈതൈസ്റും ചൈനീസ് ഉപപ്രധാനമന്ത്രി ലിയു ഹേയുമാകും ഒപ്പുവയ്ക്കുക.
കരാർ വൻവിജയമാണെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ അവകാശപ്പെട്ടെങ്കിലും നിരീക്ഷകർ അതിനോടു യോജിക്കുന്നില്ല. അമേരിക്ക നേരത്തേ പ്രഖ്യാപിച്ച ചുങ്കം വർധന റദ്ദാക്കി. നേരത്തേ ഉണ്ടായിരുന്ന പല ഉയർന്ന ചുങ്കം നിരക്കുകളും കുറയ്ക്കാനും സമ്മതിച്ചു.
ചൈന പ്രഖ്യാപിച്ച ചുങ്കം വർധന പിൻവലിക്കുമെന്ന ഉറപ്പു നൽകിയിട്ടില്ല. ഈ നിലയ്ക്ക് ചൈനയാണ് ധാരണയിൽ വലിയ നേട്ടമുണ്ടാക്കിയതെന്നു നിരീക്ഷകർ കരുതുന്നു.
രണ്ടുവർഷംകൊണ്ട് ചൈന അമേരിക്കയിൽനിന്നുള്ള ഇറക്കുമതി 20,000 കോടി ഡോളർകണ്ട് വർധിപ്പിക്കാമെന്നു സമ്മതിച്ചതാണ് അവരുടെ പ്രധാന വിട്ടുവീഴ്ച.
ഏതായാലും ചർച്ച വിജയിച്ചെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. ചൈനയിൽനിന്നുള്ള ഇലക്ട്രോണിക് സാധനങ്ങൾക്ക് ഇന്നുമുതൽ ചുമത്തുമെന്നു പ്രഖ്യാപിച്ചിരുന്ന 15 ശതമാനം ചുങ്കം ഒഴിവാക്കി.
രണ്ടുവർഷം നീണ്ട പോര് അവസാനിച്ചതിന്റെ സന്തോഷത്തിലാണ് അമേരിക്കയിലെ കർഷകസംഘടനകൾ. വ്യാപാരയുദ്ധം തുടങ്ങുംമുന്പ് അമേരിക്കൻ കാർഷികോത്പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയായിരുന്നു ചൈന. ചോളവും മറ്റു ധാന്യങ്ങളും മാംസവുമൊക്കെ ചൈനയെ ലക്ഷ്യമിട്ടാണ് ഉത്പാദിപ്പിച്ചിരുന്നത്. രണ്ടുവർഷം അവയുടെ കയറ്റുമതി കുറഞ്ഞു. ഇനി വീണ്ടും പഴയ നിലവാരത്തിലേക്കു കയറ്റുമതി എത്തുമെന്നാണു പ്രതീക്ഷ.
ഇംപീച്ച്മെന്റിനെതിരേ 123 ട്വീറ്റുകളുമായി ട്രംപ്
വാഷിംഗ്ടൺ ഡിസി: മണിക്കൂറുകൾക്കിടെ 123 ട്വീറ്റുകൾ ചെയ്ത് യുഎസ് പ്രസിഡന്റ് ഡോൺഡ് ട്രംപ് റിക്കാർഡിട്ടു. യുഎസ് ജനപ്രതിനിധി സഭയിലെ ജുഡീഷറി കമ്മിറ്റി ട്രംപിനെതിരേ ഇംപീച്ച്മെന്റ് കുറ്റങ്ങൾ ചുമത്താൻ അനുമതി നല്കിയതിനു പിന്നാലെയായിരുന്നിത്.
ഒരു കുറ്റവും ചെയ്യാത്ത തന്നെ ഇംപീച്ച് ചെയ്യുന്നതു ശരിയല്ലെന്നായിരുന്നു ട്രംപ് ട്വീറ്റുകളിലൂടെ ആവർത്തിച്ചത്. സാന്പത്തിക മേഖല മെച്ചപ്പെടുത്തി, പട്ടാളത്തെ പുനരുദ്ധരിച്ചു, നികുതി കുറച്ചു, കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കി തുടങ്ങി തന്റെ ഭരണത്തിൽ നിരവധി നേട്ടങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം അവകാശപ്പെട്ടു. സിഎൻഎൻ പോലുള്ള മാധ്യമസ്ഥാപനങ്ങൾ തനിക്കെതിരേ വ്യാജവാർത്ത നല്കുകയാണെന്നും ആരോപിച്ചു.
മുൻ യുഎസ് വൈസ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ ജോ ബൈഡനെതിരേ അന്വേഷണം നടത്താൻ ട്രംപ് യുക്രെയിൻ പ്രസിഡന്റ് സെലൻസ്കിയോട് ആവശ്യപ്പെട്ടുവെന്ന ആരോപണത്തിലാണ് ഇംപീച്ച്മെന്റ് നീക്കം. ജുഡീഷറി കമ്മിറ്റി കുറ്റം ചുമത്താൻ അനുമതി നല്കിയ സാഹചര്യത്തിൽ ഇനി ജനപ്രതിനിധി സഭയിൽ വോട്ടെടുപ്പു നടക്കും. പാസായാൽ സെനറ്റ് സഭയിൽ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിക്കേണ്ടിവരും.
പ്രതിപക്ഷ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയിൽ വോട്ടെടുപ്പ് പാസാകും. എന്നാൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റിൽ ഇംപീച്ച്മെന്റ് വിചാരണ പരാജയപ്പെട്ടേക്കും.
വീണ്ടും സുപ്രധാന പരീക്ഷണം നടത്തിയെന്ന് ഉത്തരകൊറിയ
പ്യോംഗ്യാംഗ്: അണ്വായുധവുമായി ബന്ധപ്പെട്ട മറ്റൊരു സുപ്രധാന പരീക്ഷണം കൂടി നടത്തിയെന്ന് ഉത്തരകൊറിയ അറിയിച്ചു. സൊഹായി ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തിൽ വെള്ളിയാഴ്ച രാത്രി ആയിരുന്നു പരീക്ഷണം. കഴിഞ്ഞ ശനിയാഴ്ച ഇവിടെ മറ്റൊരു പരീക്ഷണം നടന്നിരുന്നു.
ആണവനിർവ്യാപനം സംബന്ധിച്ച് അമേരിക്കയുമായുള്ള ചർച്ചകൾ മുടങ്ങിയതിനു പിന്നാലെയാണ് ഉത്തരകൊറിയ ഒരാഴ്ചയ്ക്കിടെ രണ്ടു പരീക്ഷണങ്ങൾക്കു മുതിർന്നിരിക്കുന്നത്. ഇന്നലെ നടന്ന പരീക്ഷണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ബാലിസ്റ്റിക് മിസൈലിന്റെ എൻജിൻ പരീക്ഷിച്ചതായിരിക്കാമെന്ന് കരുതുന്നു.
അമേരിക്കയ്ക്ക് ഒരു ക്രിസ്മസ് സമ്മാനം നല്കുമെന്ന് ഉത്തരകൊറിയ നേരത്തേ ഭീഷണി മുഴക്കിയിരുന്നു. ഇതിനുള്ള ഒരുക്കങ്ങളാണോ ഇപ്പോള് നടക്കുന്നതെന്ന് സംശയമുണ്ട്.
അണ്വായുധ പദ്ധതികൾ പൂർണമായി ഉപേക്ഷിക്കാതെ ഉത്തരകൊറിയയ്ക്കെതിരായ ഉപരോധങ്ങൾ നീക്കില്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നിലപാട്.
ആശുപത്രി ആക്രമണം; ഇമ്രാന്റെ അനന്തിരവനെ തെരഞ്ഞ് പോലീസ്
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അനന്തിരവനും അഭിഭാഷകനുമായ ഹസൻ നിയാസിയെ ആശുപത്രി ആക്രമണക്കേസിൽ അറസ്റ്റ് ചെയ്യാനൊരുങ്ങി ലാഹോർ പോലീസ്. ബുധനാഴ്ച ഇദ്ദേഹം ഉൾപ്പടെ നൂറു കണക്കിന് അഭിഭാഷകർ ലാഹോറിലെ പഞ്ചാബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആശുപത്രിയിൽ വൻ അക്രമമാണ് അഴിച്ചുവിട്ടത്.
ആക്രമണസമയത്ത് ചികിത്സ കിട്ടാതെ മൂന്നു രോഗികൾ മരിച്ചു. പോലീസെത്തി കണ്ണീർവാതകം പ്രയോഗിച്ചാണ് അക്രമികളെ ഒതുക്കിയത്. ഹസന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താനായില്ല.
ചില സഹപ്രവർത്തകർക്ക് ആശുപത്രിയിൽ മതിയായ പരിഗണന ലഭിച്ചില്ലെന്ന് അഭിഭാഷകർ ആരോപിച്ചിരുന്നു. ഇതിനെത്തുടർന്ന് ചൊവ്വാഴ്ച ഒരു ഡോക്ടർ അഭിഭാഷകരെ കളിയാക്കുന്ന വീഡിയോ പുറത്തുവിട്ടു. ഇതിന്റെ പിറ്റേന്ന് അഭിഭാഷകർ ആശുപത്രിയിൽ നടത്തിയ പ്രതിഷേധം അക്രമത്തിൽ കലാശിക്കുകയായിരുന്നു. കയ്യേറ്റം നടത്തുന്നതിലും ഒരു പോലീസ് വാഹനത്തിനു തീയിടുന്നതിലും ഹസൻ നിയാസി പങ്കെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
അബ്ദുൾമജീദ് ടെബൗണ് അൾജീരിയൻ പ്രസിഡന്റ്
അൾജിയേഴ്സ്: അൾജീരിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അബ്ദുൾമജീദ് ടെബൗണിനു വിജയം. ജനകീയ പ്രക്ഷോഭത്തിൽ രാജിവയ്ക്കേണ്ടിവന്ന മുൻ പ്രസിഡന്റ് അബ്ദൽഅസീസ് ബൂട്ട്ഫ്ലിക്കയുടെ കീഴിൽ പ്രധാനമന്ത്രിയായിരുന്നു ഇദ്ദേഹം.
വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ടെബൗണിന് 58 ശതമാനം വോട്ടു ലഭിച്ചു. നാല് എതിരാളികളാണ് ഉണ്ടായിരുന്നത്. എല്ലാവരും ബൂട്ട്ഫ്ലിക്കയുടെ കീഴിൽ പ്രവർത്തിച്ചിരുന്നവരാണ്.
പോളിംഗ് ശതമാനം വളരെ കുറവായിരുന്നു.
ഫലപ്രഖ്യാപനത്തിനു പിന്നാലെ ടെബൗണിനെതിരേ ജനം തെരുവിലിറങ്ങി.
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം: യുഎസ്
വാഷിംഗ്ടൺ: ഇന്ത്യ പുതിയ പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കുന്പോൾ ഭരണഘടനയും ജനാധിപത്യവും അനുസരിച്ച് രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് യുഎസ്.
ബില്ലുമായി ബന്ധപ്പെട്ട ഇന്ത്യയിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നുണ്ട്. മതസ്വാതന്ത്ര്യവും നിയമത്തിനു മുന്നിൽ എല്ലാവരും സമൻമാരാണ് എന്നുള്ളതുമാണ് ഇരു ജനാധിപത്യ രാജ്യങ്ങളുടെയും മൗലീക തത്വങ്ങളെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വ്യാഴാഴ്ച പറഞ്ഞു.
പൗരത്വബിൽ നടപ്പിലാക്കുന്നതു മൂലം മതന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത് ത്വരിതപ്പെടുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ന്യൂഡൽഹിയിൽ പറഞ്ഞിരുന്നു.
ചരിത്രവിജയം നേടി ബോറീസ് ജോൺസൻ
ലണ്ടൻ: ബ്രെക്സിറ്റ് ആധിപത്യം പുലർത്തിയ ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ലേബർ പാർട്ടിക്കു കനത്ത പ്രഹരമേല്പിച്ച് പ്രധാനമന്ത്രി ബോറീസ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടി ഉജ്വലവിജയം നേടി. ആകെയുള്ള 650 സീറ്റുകളിൽ 365 എണ്ണത്തിൽ കൺസർവേറ്റീവുകൾ വിജയിച്ചപ്പോൾ ലേബറിന് 203 സീറ്റിൽ ഒതുങ്ങേണ്ടിവന്നു.
കൺസർവേറ്റീവുകൾക്ക് 80 സീറ്റുകളുടെ ഭൂരിപക്ഷമുണ്ട്.
ഇന്നലെ ബക്കിംഗാം കൊട്ടാരത്തിലെത്തി എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയ ജോൺസനോടു പുതിയ സർക്കാർ രൂപീകരിക്കാൻ രാജ്ഞി ആവശ്യപ്പെട്ടു.
മാർഗരറ്റ് താച്ചറുടെ കാലഘട്ടത്തിനുശേഷം കൺസർവേറ്റീവുകൾ ഇത്രവലിയ വിജയം നേടുന്നത് ആദ്യമാണ്. ലേബർ പാർട്ടിയുടെ കുത്തകസീറ്റുകൾ പോലും ജോൺസന്റെ പാർട്ടി പിടിച്ചെടുത്തു. 2017ലേതിനേക്കാൾ ലേബറിന് 59 എംപിമാർ കുറഞ്ഞു. 1935-നു ശേഷം ലേബറിന് ഇത്ര കനത്ത നഷ്ടം ആദ്യമാണ്.
തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിനെത്തുടർന്നു ലേബർ പാർട്ടി നേതൃത്വത്തിൽനിന്ന് ഒഴിയുകയാണെന്നു ജെറമി കോർബിൻ പ്രഖ്യാപിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുക താനായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്താനാവാത്തതിനെത്തുടർന്ന് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതൃപദവിയിൽനിന്ന് ജോ സിൻസൺ രാജിവച്ചു. സ്കോട്ടിഷ് നാഷണൽ പാർട്ടിക്ക് മത്സരിച്ച 59 സീറ്റിൽ 48ലും വിജയിക്കാനായി.
സ്കോട്ലൻഡിന്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് വീണ്ടും ഹിതപരിശോധന ആവശ്യപ്പെടാൻ ഈ വിജയം സ്കോട്ട് ഫസ്റ്റ് മിനിസ്റ്റർ നിക്കോളാ സർജനെ പ്രേരിപ്പിക്കുമെന്ന് ആശങ്കയുണ്ട്.
ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസത്തിനു നന്ദി പറയുകയാണെന്നും ജനുവരി 31നു തന്നെ ബ്രെക്സിറ്റ് നടപ്പാക്കുമെന്നും ജോൺസൻ വ്യക്തമാക്കി. എല്ലാ തടസങ്ങളും നീക്കി. ഇനി ഒരു പക്ഷേയുമില്ല. ബ്രെക്സിറ്റ് നടപ്പാക്കും- അദ്ദേഹം പറഞ്ഞു. നിലവിലുള്ള പാർലമെന്റിൽ ഭൂരിപക്ഷമില്ലാത്തതിനാൽ ജോൺസന് ബ്രെക്സിറ്റ് വിഷയത്തിൽ പലവട്ടം തോൽവി രുചിക്കേണ്ടിവന്നു. നിശ്ചിത സമയത്തിനു മുന്പേ തെരഞ്ഞെടുപ്പു നടത്താനുള്ള തീരുമാനത്തിൽ ജോൺസൻ എത്തിയത് ഇതുമൂലമാണ്. ഏതായാലും ആ നിലപാട് വിജയിച്ചു.
യുഎസ് പ്രസിഡന്റ് ട്രംപ് ജോൺസനെ അഭിനന്ദിച്ചു. ബ്രെക്സിറ്റ് അനന്തര കാലത്ത് യുഎസും ബ്രിട്ടനും പുതിയ വാണിജ്യ കരാറുണ്ടാക്കാൻ ഇനി സാധിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സഹായിച്ചത് യൂറോപ്യൻ വിരുദ്ധത
ലണ്ടൻ: ബോറീസ് ജോൺസൻ കരിയർ ആരംഭിച്ചത് മാധ്യമപ്രവർത്തകനായിട്ടാണ്. അന്നും യൂറോപ്യൻ വിരുദ്ധനായിരുന്നു. ഡെയ്ലി ടെലഗ്രാഫിന്റെ ബ്രസൽസ് (യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം) കറസ്പോണ്ടന്റ് ആയിരിക്കേ അദ്ദേഹം എഴുതിയ ലേഖനങ്ങളിൽ ഇതു നിഴലിച്ചുകാണാം.
ബ്രിട്ടീഷ് ജനതയെ യൂറോപ്യൻ യൂണിയൻ ചൂഷണം ചെയ്യുന്നുവെന്നാണ് ജോൺസൻ ആരോപിക്കുന്നത്. ജോൺസന് പ്രധാനമന്ത്രിപദത്തിലേക്ക് വഴിയൊരുക്കിയതും ഈ നിലപാടു തന്നെ.
അപ്പർ മിഡിൽ ക്ലാസ് ബ്രിട്ടീഷ് ദന്പതികളുടെ മകനായി ന്യൂയോർക്കിൽ ജനിച്ച ജോൺസൻ 2016 വരെ തന്റെ യുഎസ് പൗരത്വം ഉപേക്ഷിച്ചിരുന്നില്ല. ഈറ്റണിലെ പ്രശസ്തമായ ഇംഗ്ലീഷ് സ്കൂളിലും ഓക്സ്ഫഡ് സർവകലാശാലയിലുമായിരുന്നു വിദ്യാഭ്യാസം. കൺസർവേറ്റീവ് പാർട്ടിയിൽനിന്ന് 2001ൽ ആദ്യമായി പാർലമെന്റ് അംഗമായി. 2008 മുതൽ 2016 വരെ രണ്ടു വട്ടം ലണ്ടൻ മേയർ പദവി വഹിച്ചു. 2012ലെ ലണ്ടൻ ഒളിന്പിക്സിന്റെ സാരഥിയായിരുന്നു.
ലണ്ടൻ: ഹൗസ് ഓഫ് കോമൺസിലേക്കു ജയിച്ചുകയറിയത് 15 ഇന്ത്യൻ വംശജർ. ബോറീസ് ജോൺസന്റെ നേതൃത്വത്തിൽ കൺസർവേറ്റീവുകൾ തകർപ്പൻ ജയം നേടിയ ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പിൽ ഇതു മറ്റൊരു ചരിത്രമായി. ഇതിനുമുന്പ് ഇത്രയും ഇന്ത്യൻ വംശജർ പാർലമെന്റിലെത്തിയിട്ടില്ല.
വീണ്ടും മത്സരിച്ച ഇന്ത്യൻ വംശജരെല്ലാം സീറ്റ് നിലനിർത്തിയെന്നതും പ്രത്യേകതയാണ്. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിൽനിന്നും പ്രതിപക്ഷ ലേബർ പാർട്ടിയിൽനിന്നും ഏഴു വീതം പേരും ലിബറൽ ഡെമോക്രാറ്റ്സ് പാർട്ടിയിൽനിന്ന് ഒരാളും വിജയിച്ചു.
കൺസർവേറ്റീവുകളിൽ മുൻ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ, ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകൻ റിഷി സുനാക്, അലോക് ശർമ, ശൈലേഷ് വേര, സുവെല്ല ബ്രേവർമാൻ എന്നിവരാണ് സീറ്റ് നിലനിർത്തിയത്. ഗഗൻ മൊഹീന്ദ്ര, ക്ലെയർ കുടീഞ്ഞോ എന്നിവർ പുതുമുഖങ്ങളായി പാർലമെന്റിലെത്തി.
പ്രതിപക്ഷ ലേബർ പാർട്ടിയിൽനിന്ന് മുതിർന്ന അംഗം വീരേന്ദ്ര ശർമ, സിക്ക് സമുദായത്തിലെ ആദ്യ വനിതാ എംപിമായി ചരിത്രം കുറിച്ച പ്രീത് കൗർ ഗിർ, ആദ്യ സിക് എംപി തൻമൻജീത് സിംഗ് ദേശി, ലിസ നന്ദി, സീമ മൽഹോത്ര, വലേറി വാസ് എന്നിവർ സീറ്റ് നിലനിർത്തി. നവേന്ദ്രു മിശ്ര ആദ്യമായി പാർലമെന്റിലെത്തി.
ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിൽനിന്നു ജയിച്ച മുനീര വിൽസൺ പുതുമുഖമാണ്.
ഫ്രാൻസിസ് പാപ്പായുടെ പിറന്നാളാഘോഷ ഗായകസംഘത്തിൽ രണ്ടു മലയാളികളും
ലണ്ടൻ: ഫ്രാൻസിസ് മാർപാപ്പയുടെ 83-ാം ജന്മദിനം ഡിസംബർ പതിനേഴിന് ആഘോഷിക്കപ്പെടുമ്പോൾ ഗായകസംഘത്തിൽ രണ്ടു മലയാളികളും. ഹോങ്കോംഗിലും മക്കാവുവിലും നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ലോകമെമ്പാടുമുള്ള സംഗീതജ്ഞരെ പങ്കെടു പ്പിച്ചുകൊണ്ടു നടത്തുന്ന സംഗീതനിശയിലാണ് രണ്ടു മലയാളികളും ഇടംപിടിച്ചിരിക്കുന്നത്.
ഓസ്ട്രിയയിൽ സംഗീതത്തിൽ ഉപരിപഠനം നടത്തുന്ന ദിവ്യ കാരുണ്യ മിഷനറി (എംസിബിഎസ്) സഭാംഗമായ ഫാ. വിൽസൺ മേച്ചേരിക്കും വയലിനിസ്റ്റും ഗ്രാമി അവാർഡ് ജേതാവുമായ മനോജ് ജോർജിനുമാണ് ഈ ഭാഗ്യം കൈവന്നിരിക്കുന്നത്.
ചൈനയിൽ മിഷനറിയായ ക്ലരീഷ്യൻ വൈദികൻ ജിജോ കണ്ടംകുളത്തി വഴിയാണ് ഫാ. വിൽസന്റെ അധ്യാപികയും അംഗമായ ഓസ്ട്രിയയിലെ ചേംബർ ഓർക്കസ്ട്രയിലേക്കു ക്ഷണം ലഭിച്ചത്. ഈ ഓർക്കസ്ട്രയുടെ ഭാഗമായിട്ടാണ് ഇരുവരും മാർപാപ്പയ്ക്ക് ആശംസാഗാനങ്ങൾ ഒരുക്കുന്നത്.
പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്റ്റെഡല്ലാ എന്ന യൂറോപ്യൻ സംഗീതജ്ഞന്റെ ‘പിയെത്താ സിഞ്ഞോരെ’ എന്ന ഇറ്റാലിയൻ ഗാനമാണ് ഫാ. വിൽസൺ ആലപിക്കുന്നത്. സംഗീതജ്ഞനായ മനോജ് ജോർജ് ‘ബേണിംഗ് ലാഫ്’ എന്ന പ്രത്യേകമായ ഒരു കൃതി, ഭാരതീയ സംസ്കാരവുമായി ഇഴചേർത്ത് ‘ജോഗ്’ എന്ന രാഗത്തിൽ ക്രമീകരിച്ച് അവതരിപ്പിക്കും. അപൂർവഭാഗ്യം തേടിയെത്തിയതിന്റെ ആവേശത്തിലാണ് ഫാ. വിൽസനും മനോജ് ജോർജും.
ഷൈമോൻ തോട്ടുങ്കൽ
ബംഗ്ലാദേശ് മന്ത്രിയുടെ ഇന്ത്യാ സന്ദർശനം മാറ്റി
ധാക്ക/ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ബിൽ ബംഗ്ലാദേശും ഇന്ത്യയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ വരുത്തി. ഇന്നലെ ഇന്ത്യയിൽ സന്ദർശനത്തിനു വരേണ്ടിയിരുന്ന ബംഗ്ലാ വിദേശകാര്യമന്ത്രി എ.കെ. അബ്ദുൾ മോമൻ യാത്ര റദ്ദാക്കി. അസാമിൽ നടക്കുന്ന രൂക്ഷമായ പ്രക്ഷോഭം ഞായറാഴ്ച ഗോഹട്ടിയിൽ നടക്കേണ്ട ഇന്ത്യ - ജപ്പാൻ പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച അനിശ്ചിതത്വത്തിലാക്കി. ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസമാൻ ഖാൻ മേഘാലയത്തിലേക്കു നടത്താനിരുന്ന സ്വകാര്യ സന്ദർശനവും റദ്ദാക്കി.
ബംഗ്ലാമന്ത്രി വരാത്തത് അവിടെ വിജയദിവസ ആഘോഷത്തിൽ സംബന്ധിക്കേണ്ടതു കൊണ്ടാണെന്നും ബില്ലിൽ പ്രതിഷേധിച്ചല്ലെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ്കുമാർ പറഞ്ഞു.
ഗോഹട്ടിയിലെ മോദി-ആബെ കൂടിക്കാഴ്ച മാറ്റുമെന്ന റിപ്പോർട്ടുകളെപ്പറ്റി പ്രതികരിക്കാൻ മന്ത്രാലയം തയാറായില്ല. ഞായർ മുതൽ ചൊവ്വാവരെയായിരുന്നു നേതാക്കളുടെ ഉച്ചകോടി. നിശാനിയമം പോലും ലംഘിച്ചു ഗോഹട്ടിയിലും മറ്റും ജനങ്ങൾ അക്രമം തുടരുകയാണ്. കൂടിക്കാഴ്ച മറ്റേതെങ്കിലും സ്ഥലത്തേക്കു മാറ്റുമെന്നു ചില മാധ്യമങ്ങൾ സൂചിപ്പിച്ചു.
പൗരത്വ ബില്ലിനെപ്പറ്റിയുള്ള ചർച്ചയ്ക്കിടയിൽ ബംഗ്ലാദേശിൽ മതപീഡനം നടക്കുന്നെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതായ റിപ്പോർട്ടുകളിൽ മന്ത്രി മോമൻ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. അനാവശ്യവും സത്യവിരുദ്ധവുമാണു പ്രസ്താവന എന്നാണ് അദ്ദേഹം ധാക്കാ ട്രിബ്യൂൺ പത്രത്തോടു പറഞ്ഞത്. എന്നാൽ, അമിത് ഷാ അങ്ങനെയല്ല പറഞ്ഞതെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഷേക്ക് മുജിബുർ റഹ്മാനുശേഷം ബംഗ്ലാദേശിൽ ഭരിച്ച പട്ടാളഭരണാധികാരികൾ ന്യൂനപക്ഷങ്ങളെ പീഡിപ്പിച്ചു എന്നാണ് ഷാ ഉദ്ദേശിച്ചതെന്നു മന്ത്രാലയം വിശദീകരിച്ചു.
പൗരത്വ ബില്ലിനെപ്പറ്റി ബംഗ്ലാദേശ് ഇതുവരെ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. മന്ത്രി യാത്ര മാറ്റിയതു മറ്റു പരിപാടികൾ ഉള്ളതുകൊണ്ടാണെന്നാണു വിശദീകരണം. ജനുവരിയിൽ ഇന്ത്യയിൽ വരുമെന്നും മന്ത്രി മോമൻ പറഞ്ഞു. എന്നാൽ, ബിൽ പാസാക്കിയ പശ്ചാത്തലത്തിലാണു യാത്ര റദ്ദാക്കിയതെന്നു നയതന്ത്രവൃത്തങ്ങളെ ഉദ്ധരിച്ചു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ആസാമിലെ പൗരത്വ രജിസ്റ്ററിൽനിന്നു 19 ലക്ഷം പേർ ഒഴിവാക്കപ്പെട്ട വിഷയം ബംഗ്ലാ പ്രധാനമന്ത്രി ഷേക്ക് ഹസീന ഒക്ടോബറിൽ ഡൽഹിയിൽ വന്നപ്പോൾ ചർച്ചചെയ്തതാണ്. വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നു ബംഗ്ലാദേശ് പിന്നീടു പറഞ്ഞു. അനധികൃതമായി വന്നവരെയെല്ലാം തിരിച്ചയയ്ക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയെപ്പറ്റിയും ബംഗ്ലാദേശ് പ്രതികരിച്ചിട്ടില്ല.
ഇസ്രയേലിൽ മൂന്നാംവട്ട തെരഞ്ഞെടുപ്പ് മാർച്ചിൽ
ടെൽഅവീവ്: ഒരു വർഷക്കാലത്തിനിടെ മൂന്നാമത്തെ പൊതുതെരഞ്ഞെടുപ്പിനൊരുങ്ങി ഇസ്രയേൽ. സെപ്റ്റംബറിൽ നടന്ന രണ്ടാം തെരഞ്ഞെടുപ്പിനുശേഷവും ആർക്കും സർക്കാർ രൂപീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാർച്ച് രണ്ടിന് മൂന്നാത്തെ തെരഞ്ഞെടുപ്പു നടത്താനുള്ള പ്രമേയം ഇന്നലെ പാർലമെന്റ് പാസാക്കി. പൂജ്യത്തിനെതിരേ 90 വോട്ടുകൾക്കാണ് പ്രമേയം പാസായത്. സർക്കാർ രൂപീകരിക്കാനുള്ള സമയപരിധി അവസാനിച്ചതിനു പിന്നാലെയാണ് പുതിയ തെരഞ്ഞെടുപ്പിനു നടപടികൾ എടുത്തത്.
ഏപ്രിലിലും സെപ്റ്റംബറിലും നടന്ന തെരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടിക്കും എതിരാളി ബെന്നി ഗാന്റ്സിന്റെ ബ്ലൂ വൈറ്റ് പാർട്ടിക്കും ഭൂരിപക്ഷം ലഭിച്ചില്ല. ഗാന്റ്സുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ നെതന്യാഹു നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. നിരവധി അഴിമതിക്കേസുകളിൽ ആരോപണ വിധേയനായ നെതന്യാഹു പ്രധാനമന്ത്രിയാകുന്നതിനെ പിന്തുണയ്ക്കാനാവില്ലെന്നാണ് ഗാന്റ്സിന്റെ നിലപാട്.
ലിക്വിഡ് പാർട്ടിയിൽ നെതന്യാഹുവിന് എതിരാളികൾ കുറവായതിനാൽ അദ്ദേഹം തന്നെയായിരിക്കും അടുത്ത തെരഞ്ഞെടുപ്പിലും പാർട്ടിയെ നയിക്കുക. ഗിദയോൻ സാർ എന്ന ലിക്വിഡ് നേതാവ് നെതന്യാഹുവിനെ ചോദ്യം ചെയ്തു രംഗത്തു വന്നിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് കാര്യമായ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നില്ല.
മൂന്നാമത്തെ തെരഞ്ഞെടുപ്പിനോട് ഇസ്രേലി വോട്ടർമാർ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. തെരഞ്ഞെടുപ്പു വിഷയങ്ങളിലോ രാഷ്ട്രീയ സാഹചര്യങ്ങളിലോ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. അതിനാൽ, മുന്പത്തെ തെരഞ്ഞെടുപ്പുകളിലേത് പോലെ ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥ ഉണ്ടായേക്കും.
ഇതിനിടെ അഴിമതി ആരോപണവിധേയനായ നെതന്യാഹു വിവിധ വകുപ്പുകളുടെ ചുമതല വഹിക്കുന്നതിനെ ചോദ്യം ചെയ്ത് കോടതിയിൽ കേസ് എത്തി. വകുപ്പുകളുടെ ചുമതല ജനുവരിയിൽ ഒഴിയുമെന്നും എന്നാൽ തെരഞ്ഞെടുപ്പുവരെ കാവൽ പ്രധാനമന്ത്രിപദത്തിൽ നെതന്യാഹു തുടരുമെന്നും അറ്റോർണി ജനറൽ അറിയിച്ചു.
ക്രിസ്മസ് ബോണസ് ഒരു കോടി ഡോളർ
വാഷിംഗ്ടൺ ഡിസി: ജീവനക്കാർക്ക് ഒരു കോടി ഡോളറിന്റെ ക്രിസ്മസ് ബോണസ് നല്കി അമേരിക്കൻ സ്ഥാപനം. മേരിലാൻഡിലെ സെന്റ് ജോൺസ് പ്രോപ്പർട്ടീസ് എന്ന റിയൽ എസ്റ്റേറ്റ് ബിസിനസ് സ്ഥാപനമാണ് ഇരുന്നൂറോളം ജീവനക്കാരെ ഞെട്ടിച്ചത്.
ടാർഗറ്റ് അച്ചീവ്മെന്റിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം നടത്തിയ ക്രിസ്മസ് ഡിന്നറിനിടെ കന്പനിയുടെ സ്ഥാപക ചെയർമാൻ എഡ്വാർഡ് സെന്റ് ജോൺ എല്ലാവർക്കും ഓരോ കവർ നല്കി. 38,000 പൗണ്ട്(35 ലക്ഷം രൂപ ) വരുന്ന തുകയാണ് കവറിൽ ഉണ്ടായിരുന്നത്. ജീവനക്കാരുടെ ആത്മാർപ്പണത്തിന് ഇതിലും നല്ല രീതിയിൽ നന്ദി കാണിക്കാനാവില്ലെന്ന് 81കാരനായ എഡ്വാർഡ് പറഞ്ഞു.
നൈജറിൽ ഭീകരാക്രമണം; 70 സൈനികർ മരിച്ചു
നിയാമി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിലെ സൈനിക കേന്ദ്രത്തിൽ ഭീകരർ ചൊവ്വാഴ്ച നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 70 പട്ടാളക്കാർ കൊല്ലപ്പെട്ടു. 12 പേർക്കു പരിക്കേറ്റിട്ടുമുണ്ട്. സമീപകാലത്ത് നൈജറിലുണ്ടാവുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിതെന്ന് അധികൃതർ പറഞ്ഞു.
ഒരു ഗ്രൂപ്പും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. അൽക്വയ്ദ, ഐഎസ് ഗ്രൂപ്പുകളുമായി ബന്ധമുള്ള ഭീകരർക്ക് സ്വാധീനമുള്ള പ്രദേശമാണിവിടം. മാലിയുടെ അതിർത്തിക്കു സമീപമുള്ള ഇനാറ്റസ് പട്ടണത്തിലെ സൈനിക കേന്ദ്രത്തിലാണ് ആക്രമണം നടന്നത്.
ഈജിപ്ത് പര്യടനം വെട്ടിച്ചുരുക്കി നൈജർ പ്രസിഡന്റ് മഹമ്മ് ഇസോഫു നാട്ടിലേക്കു മടങ്ങി.
എർദോഗനെതിരേ പുതിയ പാർട്ടിയുമായി മുൻ പ്രധാനമന്ത്രി
അങ്കാറ: തുർക്കി പ്രസിഡന്റ് എർദോഗന്റെ എകെ പാർട്ടിക്കു തലവേദന സൃഷ്ടിച്ച് മുൻ പ്രധാനമന്ത്രി അഹമ്മദ് ഡവ്ടോഗ്ളു ഫ്യൂച്ചർ പാർട്ടി എന്ന പുതിയ രാഷ്ട്രീയ കക്ഷിക്കു രൂപം നൽകി. ഒൗദ്യോഗിക പ്രഖ്യാപനം ഇന്നു നടത്തും. നേരത്തെ എർദോഗന്റെ വിശ്വസ്തനായിരുന്ന ഡവ്ടോഗ്ളു പിന്നീട് അദ്ദേഹത്തിനെതിരേ തിരിയുകയായിരുന്നു.
ഇസ്ലാമിസ്റ്റ് വേരുകളുള്ള എകെ പാർട്ടിയിൽനിന്ന് സെപ്റ്റംബറിൽ ഡവ്ടോഗ്ളു രാജിവച്ചിരുന്നു. സംവാദം അനുവദിക്കുന്നില്ല, തുർക്കിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു എന്നീ ആരോപണങ്ങളാണ് എകെ പാർട്ടിക്കെതിരേ അദ്ദേഹം ഉന്നയിച്ചത്.
സയിദിന്റെ വിചാരണ വേഗം തീർക്കണമെന്ന് അമേരിക്ക
വാഷിംഗ്ടൺ ഡിസി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരകൻ ഹാഫീസ് സയിദിന്റെ വിചാരണ ത്വരിതഗതിയിൽ പൂർത്തിയാക്കണമെന്ന് അമേരിക്ക പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.
ഭീകരപ്രവർത്തനത്തിനു ധനസഹായം ലഭ്യമാക്കിയതിന് ലാഹോർ ഭീകരവിരുദ്ധ കോടതി കഴിഞ്ഞദിവസം സയിദിനും കൂട്ടുപ്രതികൾക്കും കുറ്റപത്രം നൽകിയിരുന്നു.
ഹാഫീസിനും കൂട്ടാളികൾക്കും എതിരേ കുറ്റം ചുമത്തിയ നടപടിയെ സ്വാഗതം ചെയ്യുകയാണെന്ന് യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ആലീസ് ജി വെൽസ് ട്വീറ്റു ചെയ്തു.
റഷ്യൻ വിമാനവാഹിനിയിൽ തീപിടിത്തം
മോസ്കോ: റഷ്യയുടെ ഏക വിമാനവാഹിനി കപ്പലായ അഡ്മിറൽ കുസ്നെറ്റ്സോവിൽ തീപിടിത്തം. മർമാൻസ്ക് തുറമുഖത്ത് അറ്റകുറ്റപ്പണിക്കു കയറ്റിയിരിക്കുന്ന കപ്പലിൽ വെൽഡിംഗ് ജോലികൾക്കിടെയാണ് തീപിടിത്തം ഉണ്ടായത്. 600 ചതുരശ്ര മീറ്റർ സ്ഥലത്ത് തീപടർന്നു. 400 പേർ ഈ സമയം കപ്പലിലുണ്ടായിരുന്നു.
1985ൽ കമ്മീഷൻ ചെയ്ത ഈ കപ്പൽ രണ്ടു വർഷം മുന്പാണ് അറ്റകുറ്റപ്പണിക്കു കയറ്റിയത്. സിറിയൻ ആഭ്യന്തരയുദ്ധത്തിലടക്കം നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് ഫാക്ടറിക്കു തീപിടിച്ച് 13 മരണം
ധാക്ക: ബംഗ്ലാദേശിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 13 പേർ മരിച്ചു. 21 പേർക്കു പരിക്കേറ്റു.
സയിദിനെതിരേ കുറ്റം ചുമത്തി
ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയിദിനെതിരേ ലാഹോറിലെ ഭീകരവിരുദ്ധ കോടതി കുറ്റം ചുമത്തി. ഭീകരപ്രവർത്തനത്തിനു ധനസഹായം നൽകിയെന്നാണ് ആരോപണം. സയിദിനു പുറമേ അദ്ദേഹത്തിന്റെ സഹായികളായ ഹാഫീസ് അബ്ദുൾ സലാം ബിൻ മുഹമ്മദ്, മുഹമ്മദ് അഷ്റഫ്, സഫാർ ഇക്ബാൽ എന്നിവർക്കെതിരേയും കുറ്റം ചുമത്തിയിട്ടുണ്ട്.
എല്ലാവർക്കും കുറ്റപത്രത്തിന്റെ കോപ്പി നൽകിയെന്ന് കോടതി ഉദ്യോഗസ്ഥൻ അറിയിച്ചു.
നിരോധിത ജെയുഡി സംഘടനയുടെ നേതാവായ ഹാഫീസ് സയിദിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് അന്തർദേശീയ തലത്തിൽ സമ്മർദമുണ്ടായിരുന്നു.
സയിദിനും കൂട്ടർക്കും എതിരേയുള്ള കേസിൽ സാക്ഷികളെ ഹാജരാക്കാൻ പ്രോസിക്യൂഷനോട് ഭീകരവിരുദ്ധ കോടതി ജഡ്ജി അർഷാദ് ഹുസൈൻ ഭൂട്ടാ നിർദേശിച്ചു.
ഇന്നലെ സയിദിനെയും ഇതര പ്രതികളെയും വൻസുരക്ഷ ഒരുക്കിയാണു കോടതിയിൽ എത്തിച്ചത്. കേസ് ഇന്നത്തേക്കു മാറ്റിവച്ചതായി ജഡ്ജി പിന്നീട് അറിയിച്ചു. പത്രലേഖകർക്ക് കോടതിയിൽ പ്രവേശനം നിഷേധിച്ചിരുന്നു.
കോടതി നടപടികൾക്കു ശേഷം സയിദിനെ അതീവസുരക്ഷയുള്ള കോട് ലാഖ്പത് ജയിലിലേക്ക് തിരിച്ചയച്ചു.
ഇലക്ട്രിക് യാത്രാ വിമാനം പറന്നു
വാൻകൂവർ: പൂർണമായും വൈദ്യുതോർജത്തിൽ പ്രവർത്തിക്കുന്ന വാണിജ്യ യാത്രാവിമാനത്തിന്റെ ആദ്യ പരീക്ഷണം വിജയകരം. 750 കുതിരശക്തിയുടെ മോട്ടോർ ഘടിപ്പിച്ച സീപ്ലെയിൻ മൂന്നു മിനിട്ട് പറന്നു.
കാനഡയിലെ വാൻകൂവർ ആസ്ഥാനമാക്കി സീപ്ലെയിൻ സർവീസ് നടത്തുന്ന ഹാർബർ എയറും അമേരിക്കയിലെ പ്രൊപ്പൽഷൻ നിർമാണ കന്പനിയായ മാഗ്നിഎക്സും ചേർന്നാണു പരീക്ഷണം നടത്തിയത്. 63 വർഷം പഴക്കമുള്ള ഹവില്ലാൻഡ് ബീവർ സീപ്ലെയിനിൽ ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ച് ഉപയോഗിക്കുകയായിരുന്നു. ഹാർബർ എയറിന്റെ സ്ഥാപകനും സിഇഒയുമായ ഗ്രെഗ് മഗ്ഡഗൽ ആണ് പറത്തിയത്. വ്യോമയാന ചരിത്രത്തിൽ പുതുയുഗത്തിനു തുടക്കം കുറിച്ച സംഭവമാണിതെന്ന് മഗ്ഡഗൽ പറഞ്ഞു.
വൈദ്യുതി ചാർജ് ചെയ്യാൻ ലിഥിയം അയൺ ബാറ്ററിയാണ് ഉപയോഗിച്ചത്. 160 കിലോമീറ്റർ പറക്കാൻ വേണ്ട ഊർജമേ ഈ ബാറ്ററികൾക്കു നല്കാൻ കഴിയൂ എന്ന പോരായ്മയുണ്ട്. അതേസമയം ഹാർബർ എയറിന്റെ ഹ്രസ്വദൂര സർവീസുകൾക്ക് ഇതു ധാരാളമാണ്.
വിധിയെഴുത്ത് ഇന്ന്; ജോൺസനു പിന്തുണ കുറഞ്ഞു
ലണ്ടൻ: ബ്രിട്ടൻ ഇന്നു പോളിംഗ് ബൂത്തിലേക്ക്. പ്രധാനമന്ത്രി ബോറീസ് ജോൺസനും പ്രതിപക്ഷ ലേബർ നേതാവ് ജറമി കോർബിനും ഉൾപ്പെടെയുള്ള നേതാക്കൾ അവസാനവട്ട പ്രചാരണവും പൂർത്തിയാക്കി.
ഏറ്റവും ഒടുവിലത്തെ അഭിപ്രായവോട്ടെടുപ്പിൽ ബോറീസ് ജോൺസൻ തന്നെയാണ് മുന്നിലെങ്കിലും ലീഡ് മുന്പത്തെക്കാൾ കുറഞ്ഞു. യുഗവ് പോൾ പ്രകാരം കൺസർവേറ്റീവുകൾക്ക് 28 സീറ്റിന്റെ ഭൂരിപക്ഷം ലഭിക്കും. 68സീറ്റിന്റെ ഭൂരിപക്ഷമുണ്ടാവുമെന്നായിരുന്നു നവംബറിലെ പ്രവചനം.
തൂക്കുപാർലമെന്റിനുള്ള സാധ്യതയും പൂർണമായി തള്ളാനാവില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.
ഹൗസ് ഓഫ് കോമൺസിലെ 650 സീറ്റുകളിലേക്ക് 3322 സ്ഥാനാർഥികളാണ് ഇത്തവണ മത്സരിക്കുന്നത്. കൺസർവേറ്റീവുകൾക്കു ഭൂരിപക്ഷം കിട്ടിയാൽ ജനുവരി 31നു തന്നെ ബ്രെക്സിറ്റ് നടപ്പാക്കുമെന്നു പ്രധാനമന്ത്രി ജോൺസൻ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നു ബ്രിട്ടീഷ് സമയം രാത്രി പത്തിനു പോളിംഗ് പൂർത്തിയായാലുടൻ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവരും.
കൺസർവേറ്റീവ് പക്ഷത്തുനിന്ന് പ്രീതി പട്ടേൽ, അലോക് ശർമ, ശൈലേഷ് വരാ ലേബർ പാർട്ടിയിൽനിന്ന് വലേരി വാസ്, ലിസാ നന്ദി, സീമാ മൽഹോത്ര, വീരേന്ദ്ര ശർമ തുടങ്ങിയ ഇന്ത്യൻ വംശജർ ജനവിധി തേടുന്നുണ്ട്.
കൺസർവേറ്റീവുകൾ 339 സീറ്റും ലേബർ പാർട്ടി 231 സീറ്റും സ്കോട്ടിഷ് നാഷണൽ പാർട്ടി 41 സീറ്റും ലിബറൽ ഡെമോക്രാറ്റുകൾ 15 സീറ്റും നേടുമെന്നാണ് യുഗവ് പോൾ പ്രവചനം. എന്നാൽ സീറ്റുകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾക്കു സാധ്യതയുണ്ടെന്നും തൂക്കുപാർലമെന്റിനുള്ള സാധ്യത പൂർണമായി തള്ളാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഗ്രേറ്റ തുൻബെർഗ് ടൈമിന്റെ പേഴ്സൺ ഓഫ് ദ ഇയർ
ന്യൂയോർക്ക്: കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ശബ്ദമുയർത്തി ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച സ്വീഡിഷ് ബാലിക ഗ്രേറ്റാ തുൻബെർഗിനെ യുഎസിലെ ടൈം വാരിക 2019ലെ പേഴ്സൺ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തു. ആഗോളതലത്തിൽ ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വരുത്താൻ ഗ്രേറ്റയ്ക്കായി എന്ന് ടൈം നിരീക്ഷിച്ചു.
പതിനാറുകാരിയായ ഗ്രേറ്റ ആഗോള താപനത്തിന്റെ പേരിൽ കഴിഞ്ഞ വർഷം സ്വീഡിഷ് പാർലമെന്റിനു പുറത്ത് ഒറ്റയ്ക്കു പ്രതിഷേധിച്ചാണ് വാർത്തകളിൽ ഇടംപിടിച്ചത്. ഈ വർഷത്തെ യുഎൻ പൊതുസമ്മേളനത്തിൽ രാജ്യ നേതാക്കൾക്കു മുന്നറിയിപ്പു നല്കി നടത്തിയ പ്രസംഗത്തിലൂടെ ആഗോള പ്രശസ്തയായി.
നാളെയുടെ സുരക്ഷ ഉറപ്പുവരുത്താൻ രാഷ്ട്ര നേതാക്കളും ശാസ്ത്രജ്ഞരും ഒന്നും ചെയ്യുന്നില്ലെന്ന് ഗ്രേറ്റ ആരോപിക്കുന്നു. യുഎന്നിന്റെ കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന മാഡ്രിഡിലാണ് ബാലിക ഇപ്പോഴുള്ളത്.
യുഎസിൽ വെടിവയ്പ്; ആറു മരണം
വാഷിംഗ്ടൺ ഡിസി: ന്യൂജേഴ്സിയിലെ ജേഴ്സി സിറ്റിയിൽ ചൊവ്വാഴ്ചയുണ്ടായ വെടിവയ്പിൽ ആറു പേർ മരിച്ചു. ഒരു പോലീസ് ഡിറ്റക്ടീവ് ഓഫീസറും മൂന്നു സിവിലിയന്മാരും രണ്ട് അക്രമികളുമാണു കൊല്ലപ്പെട്ടത്.
അക്രമികളും പോലീസും തമ്മിൽ ഇവിടത്തെ സൂപ്പർമാർക്കറ്റിലുണ്ടായ ഏറ്റുമുട്ടൽ ഒരു മണിക്കൂറോളം ദീർഘിച്ചു. യഹൂദരുടെ ഉടമസ്ഥതയിലുള്ള ജെസി കോഷർ സൂപ്പർമാർക്കറ്റിലാണു സംഭവം.
ഇതെത്തുടർന്നു ന്യൂയോർക്ക് മെട്രോപ്പൊളിറ്റൻ മേഖലയിലെ പോലീസിനും ജാഗ്രതാ നിർദേശം നൽകിയെന്നു മേയർബിൽ ഡി ബ്ളാസിയോ അറിയിച്ചു.
യഹൂദവംശജരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനാണിത്.
പൗരത്വ ബില്ലിനെതിരേ എതിർപ്പുമായി യുഎസും യൂറോപ്യൻ യൂണിയനും
വാഷിംഗ്ടൺ ഡിസി: പൗരത്വ ഭേദഗതി ബില്ലിനെതിരേ അമേരിക്കയും യൂറോപ്യൻ യൂണിയനും രംഗത്തെത്തി. തെറ്റായ ദിശയിലേക്കുള്ള അപകടകരമായ നീക്കമെന്നാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുഎസ് ഫെഡറൽ കമ്മീഷൻ (യുഎസ്സിഐആർഎഫ്) ബില്ലിനെ വിശേഷിപ്പിച്ചത്.
മതപരമായ അളവുകോലുള്ള ബിൽ രണ്ടു സഭകളും പാസാക്കിയാൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പ്രമുഖ ഇന്ത്യൻ നേതാക്കൾക്കും എതിരേ ഉപരോധമേർപ്പെടുത്തണമെന്നു കമ്മീഷൻ ആവശ്യപ്പെട്ടു. ഇന്ത്യയുടെ മതേതര ബഹുസ്വരതയ്ക്കും എല്ലാ വിഭാഗങ്ങൾക്കും തുല്യത ഉറപ്പു നല്കുന്ന ഇന്ത്യൻ ഭരണഘടനയ്ക്കും എതിരാണ് പൗരത്വ ഭേദഗതി ബിൽ എന്ന് യുഎസ് ഫെഡറൽ കമ്മീഷൻ പ്രസ്താവിച്ചു.
ബില്ലിൽ അമേരിക്കൻ കോൺഗ്രസിന്റെ വിദേശകാര്യ സമിതിയും ആശങ്ക രേഖപ്പെടുത്തി. മതപരമായ ബഹുത്വം ഇന്ത്യയുടെയും അമേരിക്കയുടെയും അടിസ്ഥാനമാണെന്ന് സമിതി ട്വീറ്റ് ചെയ്തു. ബിൽ സംബന്ധിച്ച് ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനം സമിതി ഷെയർ ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യശേഷം ഇന്ത്യയിലെ ഉന്നത നേതാക്കൾ സൃഷ്ടിച്ച ഇന്ത്യയുടെ മതേതര സ്വഭാവത്തെ ഇല്ലാതാക്കുന്നതാണു പൗരത്വ ബില്ലെന്ന് ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കുന്നു.
ഇന്ത്യൻ ഭരണഘടന വിഭാവ നം ചെയ്യുന്ന തുല്യത, പൗരത്വ ഭേദഗതി ബിൽ ഉറപ്പു നല്കുമെന്നു പ്രതീക്ഷിക്കുന്നതായി യൂറോപ്യൻ യൂണിയന്റെ ഇന്ത്യയിലെ അംബാസഡർ ഉഗോ അസ്തുട്ടോ ഡൽഹിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
കാഷ്മീരിലെ ജനങ്ങളുടെ മൗലികാവകാശങ്ങളിലുള്ള നിയന്ത്രണങ്ങളിൽ യൂറോപ്യൻ യൂണിയൻ ആശങ്ക രേഖപ്പെടുത്തി. കാഷ്മീരിൽ സാധാരണനില കൈവരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഉഗോ അസ്തുട്ടോ ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയൻ പാർലമെന്റേറിയന്മാരുടെ കാഷ്മീർ സന്ദർശനം ഒൗദ്യോഗികമായിരുന്നില്ലെന്നും വ്യക്തിപരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് അധികാര ദുർവിനിയോഗം നടത്തിയെന്ന് ഡെമോക്രാറ്റുകൾ
വാഷിംഗ്ടൺഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇംപീച്ചുചെയ്യുന്നതിനുള്ള ഡെമോക്രാറ്റുകളുടെ നീക്കം നിർണായകഘട്ടത്തിലേക്കു കടന്നു. രാഷ്ട്രീയ നേട്ടത്തിനായി ട്രംപ് അധികാര ദുർവിനിയോഗം നടത്തിയെന്നും ഇംപീച്ച്മെന്റ് അന്വേഷണം തടസപ്പെടുത്താൻ ശ്രമിച്ചെന്നും ജനപ്രതിനിധി സഭയുടെ ജുഡീഷറി കമ്മിറ്റി തയാറാക്കിയ പ്രമേയങ്ങളിൽ കുറ്റപ്പെടുത്തി. ഇതിന്മേൽ മിക്കവാറും നാളെ വോട്ടെടുപ്പ് നടക്കും.
അമേരിക്കയുടെ 243 വർഷത്തെ ചരിത്രത്തിൽ ഇതു നാലാംതവണയാണ് ഒരു പ്രസിഡന്റിനെതിരേ ഇത്തരത്തിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുന്നത്. ഇന്റലിജൻസ് കമ്മിറ്റി തയാറാക്കിയ 300 പേജ് റിപ്പോർട്ടിനെ ആധാരമാക്കിയാണ് ജുഡീഷറി കമ്മിറ്റി പ്രമേയങ്ങൾക്കു രൂപം നൽകിയത്.
ജനപ്രതിനിധി സഭയിൽ പാസായാലും സെനറ്റിൽ റിപ്പബ്ളിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ളതിനാൽ ഇംപീച്ച്മെന്റ് നടപ്പാക്കാൻ സാധ്യത വിരളമാണ്. താൻ വേട്ടയാടുകപ്പെടുകയാണെന്ന് ട്രംപ് ട്വിറ്ററിൽ പ്രതികരിച്ചു.
അടുത്തവർഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എതിരാളിയാവുമെന്നു കരുതപ്പെടുന്ന ഡെമോക്രാറ്റ് പാർട്ടി നേതാവും മുൻ യുഎസ് വൈസ്പ്രസിഡന്റുമായ ബൈഡനെ താറടിച്ച് രാ ഷ്ട്രീയ നേട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിനെതിരേ അന്വേഷണം നടത്താൻ യുക്രെയ്ൻ പ്രസിഡന്റിന്റെ മേൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തെത്തുടർന്നാണ് ട്രംപിനെതിരേ ഇംപീച്ച്മെന്റ് നീക്കം തുടങ്ങിയത്. ബൈഡന്റെ പുത്രൻ ഹണ്ടർക്ക് യുക്രെയിനിൽ ബിസിനസ് താത്പര്യങ്ങളുണ്ടായിരുന്നു.
2020ലെ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ട്രംപ് പ്രവർത്തിച്ചെന്നും ഇത് അധികാരദുർവിനിയോഗമാണെന്നും ജുഡീഷറി കമ്മിറ്റി ചെയർമാൻ ജെറി നാഡ്ലർ പറഞ്ഞു.
രാജ്യതാത്പര്യത്തേക്കാൾ സ്വന്തം താത്പര്യത്തിനാണു പ്രസിഡന്റ് മുൻഗണന നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. ജനപ്രതിനിധി സഭയുടെ ഇന്റലിജൻസ് കമ്മിറ്റി നടത്തിയ തെളിവെടുപ്പിൽ സഹകരിക്കുന്നതിൽ നിന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരെ ട്രംപ് തടസപ്പെടുത്തിയെന്നും ജുഡീഷറി കമ്മിറ്റി പറഞ്ഞു.
ബാർകോഡിന്റെ ഉപജ്ഞാതാവ് ജോർജ് ലൂറർ അന്തരിച്ചു
വാഷിംഗ്ടൺ ഡിസി : ഉത്പന്നങ്ങളെ എളുപ്പത്തിൽ തരംതിരിക്കുന്നതിനുള്ള ബാർകോഡ് വികസിപ്പിച്ചെടുത്ത യുഎസ് എൻജിനിയർ ജോർജ് ലൂറർ (94) അന്തരിച്ചു.
നോർത്ത് കരോളൈനയിലെ വെൻഡെലിലുള്ള വസതിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം. ഐബിഎമ്മിൽ ഇലക്ട്രിക്കൽ എൻജിനിയറായി ജോലി ചെയ്യുന്നതിനിടെ സഹപ്രവർത്തകനായ നോർമൻ വുഡ്ലാൻഡ് ആണ് യൂണിവേഴ്സൽ പ്രോഡക്ട് കോഡ് (യുപിസി) എന്ന ബാർകോഡിന്റെ ആശയം അവതരിപ്പിക്കുന്നത്. എന്നാൽ ബാർകോഡ് വ്യാഖ്യാനിക്കുന്നതിനുള്ള സ്കാനർ ജോർജ് ലൂറെർ വികസിപ്പിച്ചെടുത്തതോടെ ലോകമെന്പാടുമുള്ള റീട്ടെയിൽ വ്യാപാരമേഖലയിൽ പുത്തനുണർവായി. 1974 ൽ ഒഹായിയോയിൽ റിഗ്ലിസ് ച്യൂയിംഗ് ഗമ്മിന്റെ ഒരു പാക്കറ്റിലെ ബാർകോഡാണ് ആദ്യമായി സ്കാൻചെയ്തത്.
ആദ്യഘട്ടത്തിൽ ഉപയോഗിച്ചിരുന്ന വൃത്തം മാറ്റി ചെറിയ വരകൾ ബാർകോഡിൽ ഉൾപ്പെടുത്തിയതും ലൂറെർ ആണ്. 1970 കളുടെ തുടക്കത്തിൽ ഉത്പന്നങ്ങളിൽ വിലവിവരപ്പട്ടിക എഴുതിച്ചേർക്കുന്നതിനു വലിയ തോതിൽ മനുഷ്യാധ്വാനവും സമയവും വിനിയോഗിച്ചിരുന്നു. ബാർകോഡിന്റെ വരവോടെ ഇതിനു മാറ്റം സംഭവിച്ചു. കണക്കുകൂട്ടുന്നതിനുള്ള എളുപ്പവും തെറ്റുസംഭവിക്കാനുള്ള സാധ്യത ഇല്ലാതായതും മറ്റൊരു മേന്മയായി.
കപ്പലുകളിലും മറ്റും സന്ദേശം നൽകാൻ മുന്പ് ഉപയോഗിച്ചിരുന്ന മോഴ്സ് കോഡിന്റെ ചുവടുപിടിച്ചാണ് നോർമൻ വുഡ്ലാൻഡ് ആദ്യമായി ബാർകോഡ് എന്ന ആശയം അവതരിപ്പിക്കുന്നത്. 2012 ലാണ് വുഡ്ലാൻഡ് അന്തരിച്ചത്.
‘പാക്കിസ്ഥാൻ വിചാരിച്ചാൽ അഫ്ഗാൻ യുദ്ധം തീരാൻ ആഴ്ചകൾ മതി’
വാഷിംഗ്ടൺഡിസി: അഫ്ഗാനിസ്ഥാനിലെ താലിബാൻകാർക്ക് സുരക്ഷിത താവളം ഒരുക്കുന്ന നടപടി ഉപേക്ഷിക്കാൻ പാക്കിസ്ഥാൻ തയാറായാൽ അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരയുദ്ധം ആഴ്ചകൾക്കുള്ളിൽ തീരുമെന്നു യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം അഭിപ്രായപ്പെട്ടു.
ഖത്തറിൽ താലിബാനുമായി അമേരിക്ക ചർച്ച പുനരാരംഭിച്ചെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് റിപ്പബ്ളിക്കൻ സെനറ്ററായ ഗ്രഹാം ഫോക്സ് ന്യൂസ് ചാനലിനോട് ഇക്കാര്യം പറഞ്ഞത്.
താലിബാനുമായി ചർച്ച നടത്തിയിട്ടു കാര്യമില്ല. പാക്കിസ്ഥാനുമായാണ് ചർച്ച വേണ്ടത്. താലിബാൻകാർക്ക് താവളം അനുവദിക്കുന്നതു നിർത്താൻ പാക്കിസ്ഥാൻ തയാറായാൽ അഫ്ഗാൻ യുദ്ധം ആഴ്ചകൾക്കകം അവസാനിക്കുമെന്ന് ഗ്രഹാം പറഞ്ഞു.
പതിനെട്ടുവർഷമായി തുടരുന്ന അഫ്ഗാൻ യുദ്ധത്തിൽ ഇതിനകം നൂറുകണക്കിന് അമേരിക്കൻ സൈനികർക്കു ജീവഹാനി നേരിട്ടു. അഫ്ഗാനിസ്ഥാനിൽനിന്ന് എങ്ങനെയും തലയൂരാനാണ് ട്രംപിന്റെ ശ്രമം.
താലിബാൻ നേതാക്കളെ ക്യാന്പ് ഡേവിഡിൽ വിളിപ്പിച്ച് ചർച്ച നടത്താൻ വരെ ഒരുഘട്ടത്തിൽ ട്രംപ് ശ്രമിച്ചെങ്കിലും പിന്നീട് അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഈയിടെ ട്രംപ് അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമത്താവളത്തിലെത്തി യുഎസ് സൈനികരെ അഭിസംബോധന ചെയ്തിരുന്നു. താലിബാൻ സമാധാനക്കരാറിന് ആഗ്രഹിക്കുന്നതായി ട്രംപ് ഈ സന്ദർശനവേളയിൽ പറയുകയുണ്ടായി.
രണ്ടു മുൻ പ്രധാനമന്ത്രിമാർക്ക് അൾജീരിയയിൽ തടവുശിക്ഷ
അൾജിയേഴ്സ്:അൾജീരിയയിലെ രണ്ടു മുൻ പ്രധാനമന്ത്രിമാർക്ക് അഴിമതിക്കേസിൽ തടവുശിക്ഷ. പുറത്താക്കപ്പെട്ട പ്രസിഡന്റ് ബോട്ടിഫ്ളിക്കയുടെ അനുയായികളായിരുന്ന അഹമ്മദ് അവുയാഹിയ, അബ്ദൽമലേക് സെല്ലാൽ എന്നീ മുൻ പ്രധാനമന്ത്രിമാരെയാണ് യഥാക്രമം പതിനഞ്ചും പന്ത്രണ്ടും വർഷം തടവിനു ശിക്ഷിച്ചത്.
പുറത്താക്കപ്പെട്ട പ്രസിഡന്റ് ബോട്ടിഫ്ലിക്കയുടെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് നടക്കാൻ രണ്ടു ദിവസം മാത്രം ശേഷിക്കേയാണു രണ്ടു മുൻ പ്രധാനമന്ത്രിമാരെ ദീർഘകാല ജയിൽശിക്ഷയ്ക്കു വിധിച്ചതെന്നതു ശ്രദ്ധേയമാണ്.
1962ൽ ഫ്രാൻസിൽ നിന്നു സ്വാതന്ത്ര്യം നേടിയ അൾജീരിയയിൽ ആദ്യമായാണ് ഇത്രയും ഉന്നതപദവിയിലുള്ളവരെ അഴിമതിക്കേസിൽ വിചാരണ നടത്തി ശിക്ഷിക്കുന്നത്. ഇവരോടൊപ്പം മറ്റു 19 പേരും വിചാരണ ചെയ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കൽ, അധികാര ദുർവിനിയോഗം, അനധികൃതമായി ആനുകൂല്യങ്ങൾ നൽകൽ തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയത്. രണ്ടു മുൻ വ്യവസായ മന്ത്രിമാർക്ക് പത്തുവർഷം വീതം തടവുശിക്ഷ കിട്ടി.
നാലു ബിസിനസുകാരെ ഏഴുവർഷം വീതം തടവിനു ശിക്ഷിച്ചു. പകരം വീട്ടുന്നതിനായി രാഷ്ട്രീയ ലാക്കോടെ കെട്ടിച്ചമച്ച കേസുകളാണിവയെന്ന് ആരോപിച്ച് പ്രതിഭാഗം അഭിഭാഷകർ വിചാരണ ബഹിഷ്കരിച്ചു.
അന്റാർട്ടിക്കയ്ക്കു പോയ ചിലിയുടെ വിമാനം തകർന്നു
സാന്റിയാഗോ: മുപ്പത്തെട്ടുപേരുമായി അന്റാർട്ടിക്കയ്ക്കു തിരിച്ച ചിലിയുടെ സൈനികവിമാനം തകർന്നെന്നു സംശയിക്കുന്നു. നാല് എൻജിനുള്ള സി-130 ചരക്കുവിമാനം ചിലിയൻ പാറ്റഗോണിയിലെ പന്റാ അരീനാസ് സിറ്റിയിലെ എയർപോർട്ടിൽനിന്ന് തിങ്കളാഴ്ച വൈകുന്നേരം 4.55നു പുറപ്പെട്ടതാണ്.
6.13നുശേഷം വിമാനത്തിൽനിന്നു സന്ദേശങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും വിമാനം തകർന്നെന്നാണു കരുതുന്നതെന്നും ചിലി അധികൃതർ പറഞ്ഞു. വിമാനയാത്രികരിൽ ആരെങ്കിലും രക്ഷപ്പെട്ടുവോ എന്നു വ്യക്തമല്ല.
17 ജീവനക്കാരും 21 യാത്രക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്.
ചെക്ക് ആശുപത്രിയിൽ അക്രമി ആറുപേരെ വെടിവച്ചുകൊന്നു
പ്രാഗ്:ചെക്ക് റിപ്പബ്ളിക്കിലെ ഒസ്ട്രാവ നഗരത്തിലെ ആശുപത്രിയിൽ ഇന്നലെ അക്രമി നടത്തിയ വെടിവയ്പിൽ ആറു രോഗികൾ കൊല്ലപ്പെട്ടു. പലായനം ചെയ്ത അക്രമി പോലീസ് പിടികൂടുമെന്ന ഘട്ടം വന്നപ്പോൾ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി.
പോളിഷ് അതിർത്തിക്കു സമീപമാണ് ഒസ്ട്രാവ നഗരം. ഇവിടത്തെ ഫാക്കൽറ്റി ഹോസ്പിറ്റലിൽ വാർഡിൽ പരിശോധനയ്ക്കു കാത്തിരുന്ന രോഗികളുടെ നേർക്ക് പ്രകോപനം കൂടാതെ അക്രമി നിറയൊഴിക്കുകയായിരുന്നു. നാലു പുരുഷന്മാരും രണ്ടു സ്ത്രീകളുമാണു കൊല്ലപ്പെട്ടത്. രണ്ടു പേർക്കു ഗുരുതരമായി പരിക്കേറ്റു.
ഇരകളുടെ തലയ്ക്കും കഴുത്തിലുമാണു വെടിയേറ്റതെന്നും റെനോ കാറിൽ രക്ഷപ്പെട്ട പ്രതിക്കായി പോലീസ് വ്യാപക തെരച്ചിൽ നടത്തിയെന്നും പ്രധാനമന്ത്രി ആൻദ്രേജ് ബാബിസ് റിപ്പോർട്ടർമാരോടു പറഞ്ഞു. രണ്ടു ഹെലികോപ്റ്ററുകളും തെരച്ചിലിനുപയോഗിച്ചു. സമീപത്തെ ഗ്രാമത്തിൽ ഇയാളുടെ കാർ കണ്ടെത്തി.
ഒരു പോലീസ് ഹെലികോപ്റ്റർ കാറിന് സമീപം എത്തിയപ്പോഴേക്കും ഇയാൾ സ്വയം വെടിവച്ചു മരിച്ചെന്ന് പോലീസ് മേധാവി തോമസ് കൂസെൽ പറഞ്ഞു. ഒപ്പാവ ഡിസ്ട്രിക്ടിൽ നിന്നുള്ള നിർമാണത്തൊഴിലാളിയായിരുന്നു അക്രമിയെന്ന് പബ്ളിക് ചെക്ക് റേഡിയോ പറഞ്ഞു.
പൗരത്വഭേദഗതി ബിൽ; രൂക്ഷവിമർശനവുമായി പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: പൗരത്വഭേദഗതി ബില്ലിനെ രൂക്ഷമായി വിമർശിച്ച് പാക്കിസ്ഥാൻ. മതത്തിന്റെ അടിസ്ഥാനത്തിൽ അയൽരാജ്യങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാനു ള്ള ശ്രമമാണു ബില്ലെന്നും ഏറെ പ്രതിലോമകരവും വിവേചനപരവുമാണ് ഇതിലെ നിർദേശങ്ങളെന്നും പാക്കിസ്ഥാൻ കുറ്റപ്പെടുത്തി. നിർദിഷ്ട ബില്ലിനെ ശക്തിയുക്തം എതിർക്കുകയാണെന്നും പാക്കിസ്ഥാൻ വിദേശകാര്യ ഓഫീസ് പറഞ്ഞു.
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെയെല്ലാം ലംഘിക്കുന്ന ബിൽ പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി കരാറിന്റെ ലംഘനംകൂടിയാണെന്നായിരുന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ട്വീറ്റ്. ആർഎസ്എസ് അനുശാസിക്കുന്ന തരത്തിലുള്ള സാമ്രാജ്യത്വ വികസനമാണു ബില്ലിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നു മതപീഡനത്തിന്റെ പേരിൽ 2014 ഡിസംബർ 31 നുമുന്പ് ഇന്ത്യയിലെത്തിയ ഹൈന്ദവ, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രൈസ്തവ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് പൗരത്വം നൽകുന്നതാണ് ബിൽ.
ന്യൂസിലൻഡിൽ അഗ്നിപർവതം പൊട്ടി 24 പേർ മരിച്ചു
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ വൈറ്റ് ഐലൻഡിലെ അഗ്നിപർവതം പൊട്ടിത്തെറിച്ച് രണ്ടു ഡസൻ പേരെങ്കിലും മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു ദുരന്തം. ആ സമയത്ത് അന്പതോളം ടൂറിസ്റ്റുകൾ അവിടെയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. 23 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരിൽ അഞ്ചുപേർ പിന്നീട് മരിച്ചു. രാത്രിയായതിനാൽ തെരച്ചിൽ അവസാനിപ്പിക്കുകയാണെന്നും ഇനി ആരെങ്കിലും ജീവനോടെ അവശേഷിക്കാൻ സാധ്യതയില്ലെന്നും അധികൃതർ പറഞ്ഞു. രക്ഷപ്പെട്ടവരിൽ പലർക്കും പൊള്ളലേറ്റിട്ടുണ്ട്.
അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് പുകയും ചാരവും 12000 അടി ഉയരത്തിലേക്ക് തെറിച്ചു. സ്ഫോടനത്തിനു നിമിഷങ്ങൾക്കു മുന്പ് ടൂറിസ്റ്റുകൾ ഈ മേഖലയിലൂടെ നടക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
റോയൽ കരീബിയൻ ഏർപ്പാടു ചെയ്ത വൈറ്റ് ഐലൻഡ് ടൂറിൽ പങ്കെടുത്ത നിരവധി ഓസ്ട്രേലിയൻ ടൂറിസ്റ്റുകൾ അപകടത്തിൽപ്പെട്ടതായി സംശയിക്കുന്നു. സിഡ്നിയിൽനിന്നു പ്രത്യേക കപ്പലിലാണ് ഇവർ വന്നത്. പരിഭ്രാന്തരായ ടൂറിസ്റ്റുകളിൽ ചിലർ രക്ഷാപ്രവർത്തകർ എത്തുന്നതു കാത്ത് തീരത്ത് കൂട്ടം കൂടി നിൽക്കുന്നതിന്റെ വീഡിയോ മൈക്കൽ ഷേഡ് എന്ന ടൂറിസ്റ്റ് പുറത്തുവിട്ടു. ചാരവും പുകയും മുകളിലേക്ക് ഉയരുന്നതും ഒരു ഹെലികോപ്റ്റർ തകർന്നു കിടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വാക്കാരി എന്നുകൂടി അറിയപ്പെടുന്ന വൈറ്റ് ഐലൻഡ് ബേ ഓഫ് പ്ളെന്റിയിൽനിന്ന് 50 കിലോമീറ്റർ അകലെയാണ്. ന്യൂസിലൻഡിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നാണിത്. പ്രതിവർഷം പതിനായിരത്തോളം ടൂറിസ്റ്റുകളാണ് ഇവിടെ സന്ദർശനത്തിനെത്തുന്നത്. 2016ലും ഈ അഗ്നിപർവതം പൊട്ടുകയുണ്ടായി.
കർദിനാൾ ടാഗിൾ സുവിശേഷവത്കരണത്തിനു വേണ്ടിയുള്ള തിരുസംഘം അധ്യക്ഷൻ
വത്തിക്കാൻസിറ്റി: സുവിശേഷവത്കരണത്തിനു വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ തലവനായി കർദിനാൾ ലൂയിസ് അന്റോണിയോ ടാഗിളിനെ(62) ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കർദിനാൾ ഫെർണാൻഡോ ഫിലോനിയുടെ പിൻഗാമിയായാണ് നിയമനം.
ഫിലിപ്പൈൻസിലെ മനില അതിരൂപതയുടെ അധ്യക്ഷനാണ് കർദിനാൾ ടാഗിൾ.1957 ൽ മനിലയിൽ ജനിച്ച ലൂയിസ് അന്റോണിയോ ടാഗിൾ 1982ൽ പൗരോഹിത്യം സ്വീകരിച്ചു. 1997 മുതൽ 2002 വരെ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷനിൽ അംഗമായിരുന്നു.
2011 ഡിസംബറിൽ മനില ആർച്ച്ബിഷപ്പായി ചുമതലയേറ്റ അദ്ദേഹത്തെ പിറ്റേവർഷം ബനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് കർദിനാൾ പദവിയിലേക്ക് ഉയർത്തിയത്. കത്തോലിക്കാ സഭയുടെ ജീവകാരുണ്യ സംഘടനയായ കാരിത്താസ് ഇന്റർനാഷണലിന്റെ അധ്യക്ഷനുമാണ് കർദിനാൾ ടാഗിൾ.
കത്തോലിക്കാ സഭയുടെ മിഷണറി പ്രവർത്തനം ഏകോപിപ്പിക്കുന്നത് സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള തിരുസംഘമാണ്. വത്തിക്കാൻ കൂരിയയിലെ ഏറ്റവും വലിയ വിഭാഗം കൂടിയാണ് സുവിശേഷവത്കരണ തിരുസംഘം.
ഫിൻലൻഡിന്റെ നിയുക്ത പ്രധാനമന്ത്രിക്ക് 34 വയസുമാത്രം
ഹെൽസിങ്കി: ഫിൻലൻഡ് പ്രധാനമന്ത്രിയായി മുപ്പത്തിനാലുകാരി സനാ മരീനെ സോഷ്യൽ ഡെമോക്രാറ്റ് പാർട്ടി തെരഞ്ഞെടുത്തു. അഞ്ച് ഇടതുപക്ഷ പാർട്ടികളുടെ മുന്നണിയാണ് ഫിൻലൻഡ് ഭരിക്കുന്നത്. അഞ്ച് പാർട്ടികളുടെയും തലപ്പത്ത് വനിതകളാണ്. ഇവരിൽ നാലുപേരും മുപ്പത്തഞ്ചു വയസിൽ താഴെയുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്.
അടുത്തദിവസം തന്നെ മരീൻ പ്രധാനമന്ത്രിയായി ചുമതലയേൽക്കും. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന പദവിയും അതോടെ അവർക്കു ലഭിക്കും. യുക്രെയ്ൻ പ്രധാനമന്ത്രി ഒലെസ്കി ഹോൺഷരുക്കിനു 35 വയസുണ്ട്. ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണിന് 39 വയസും.
ഇടതുപക്ഷ ലിബറൽ ചിന്താഗതിക്കാരിയായ മരീൻ 2015ലാണ് ആദ്യം പാർലമെന്റംഗമായത്. പ്രായത്തെക്കുറിച്ചു താൻ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നു നിയുക്ത പ്രധാനമന്ത്രി പറഞ്ഞു. നിരവധി കാര്യങ്ങൾ അടിയന്തരമായി ചെയ്തു തീർക്കേണ്ടതുണ്ട്. ആദ്യമായി എല്ലാ ഘടകകക്ഷികളുടെയും യോഗം വിളിച്ച് സർക്കാർ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചു ചർച്ച നടത്തുമെന്ന് അവർ പറഞ്ഞു.
ചർച്ചയ്ക്കില്ല, തടവുകാരെ കൈമാറാമെന്ന് ഇറാൻ
ടെഹ്റാൻ: അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്നും എന്നാൽ കൂടുതൽ തടവുകാരെ പരസ്പരം കൈമാറുന്ന കാര്യം ആലോചിക്കാവുന്നതാണെന്നും ഇറാൻ. മൂന്നുവർഷമായി ഇറാന്റെ കസ്റ്റഡിയിലുണ്ടായിരുന്ന പ്രിൻസ്ടൺ യൂണിവേഴ്സിറ്റി വിദ്യാർഥി സിയു വാങ്ങിനെ ഈയിടെ ഇറാൻ വിട്ടയച്ചിരുന്നു.
ഉപരോധം മറികടക്കാൻ ശ്രമിച്ചതിന് അമേരിക്കയിൽ വിചാരണ നേരിട്ടിരുന്ന ഇറാൻ ശാസ്ത്രജ്ഞൻ മസൂദ് സൂലൈമാനിയെ വിട്ടയച്ചതിനു പകരമായാണ് ചൈനീസ് വംശജനായ യുഎസ് പൗരൻ വാങ്ങിനെ മോചിപ്പിച്ചത്. സ്വിറ്റ്സർലൻഡിൽ വച്ചായിരുന്നു തടവുകാരുടെ കൈമാറ്റം.
യുഎസ് കസ്റ്റഡിയിലുള്ള മുഴുവൻ ഇറാൻകാരുടെയും മോചനത്തിനായി അമേരിക്കയുമായി ഇനിയും സഹകരിക്കാൻ തയാറാണെന്ന് ഇറാന്റെ വക്താവ് അലി റബിയെ പറഞ്ഞു.
റൂഹാനി ജപ്പാൻ സന്ദർശിക്കും
ടോക്കിയോ: ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ഈ മാസം ഇറാൻ സന്ദർശിക്കുമെന്നു റിപ്പോർട്ട്. റൂഹാനിയുടെ സന്ദർശനത്തിനുവേണ്ട ഏർപ്പാടുകളുമായി മുന്നോട്ടുപോകുകയാണെന്ന് പ്രധാനമന്ത്രി ഷിൻസോ ആബെ അറിയിച്ചു. ഇറാനും യുഎസും തമ്മിൽ ആണവക്കരാർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ ജപ്പാന് ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയ്ക്ക് പുതിയ ഇന്റലിജൻസ് മേധാവി
കൊളംബോ: ശ്രീലങ്കയിലെ സ്റ്റേറ്റ് ഇന്റലിജൻസ് ഡയറക്ടറായി മുൻ സൈനിക ഇന്റലിജൻസ് ചീഫ് ബ്രിഗേഡിയർ സുരേഷ് സല്ലയെ നിയമിച്ചു. ആദ്യമായാണ് ഒരു സൈനിക ഓഫീസറെ ഈ പദവിയിൽ നിയമിക്കുന്നത്.
പുസ്തകം മോഷ്ടിക്കാൻ ശ്രമിച്ച സ്ഥാനപതിയെ തിരിച്ചുവിളിച്ചു
മെക്സിക്കോസിറ്റി: പുസ്തകം മോഷ്ടിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിന്റെ പേരിൽ അർജന്റീനയിലെ മെക്സിക്കൻ സ്ഥാനപതി ഓസ്കർ റിക്കാർഡോ വലേറോ റെസിയോ ബെസെറായെ തിരിച്ചുവിളിച്ചതായി മെക്സിക്കൻ വിദേശമന്ത്രി മാർസലോ എബ്രാർഡ് അറിയിച്ചു.
ബുവേനോസ് ആരീസിലെ പുസ്തകശാലയിൽനിന്നാണ് കാസനോവയുടെ ജീവചരിത്രം പണംകൊടുക്കാതെ തട്ടിയെടുക്കാൻ സ്ഥാനപതി ശ്രമിച്ചത്. പത്തു ഡോളറാണു പുസ്തകത്തിന്റെ വില. മാർച്ചിലാണ് ഓസ്കർ റിക്കാർഡോ അർജന്റീനയിൽ സ്ഥാനപതിയാവുന്നത്. നേരത്തെ ചിലിയിലെ സ്ഥാനപതിയായിരുന്നു. ബുവേനോസ് ആരീസ് പുസ്തകഡിപ്പോയിലെ മോഷണശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ടെന്നും അതു പരിശോധിച്ചശേഷം കുറ്റം തെളിഞ്ഞാൽ സ്ഥാനപതിയെ സസ്പെൻഡ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
അർധവാർഷികത്തിൽ ഹോങ്കോംഗ് സമരം
ഹോങ്കോംഗ്: ഹോങ്കോംഗിലെ ജനാധിപത്യവാദികളുടെ പ്രക്ഷോഭം ഇന്നലെ ആറു മാസം പിന്നിട്ടു. സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പതിനായിരങ്ങൾ ഇന്നലെ തെരുവിലിറങ്ങി.
ഹോങ്കോംഗിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള അവസാന അവസരമാണിതെന്നു പ്രക്ഷോഭകർ സർക്കാരിനു മുന്നറിയിപ്പു നല്കി. തങ്ങൾ പാഠം പഠിച്ചുവെന്നും വിമർശനങ്ങളെ എളിമയോടെ സ്വീകരിക്കുമെന്നും സർക്കാർ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഹോങ്കോംഗ് സർക്കാർ ചൈനയുമായി കുറ്റവാളി കൈമാറ്റക്കരാർ ഉണ്ടാക്കാൻ തുനിഞ്ഞതോടെ ജൂണിലാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഹോങ്കോംഗ് ചൈനയുടെ നിയന്ത്രണത്തിലുള്ള സ്വയംഭരണ പ്രദേശമാണ്. രണ്ടിടത്തും രണ്ടു ഭരണസംവിധാനമാണ്.
കുറ്റവാളി കൈമാറ്റക്കാർ സ്വാതന്ത്ര്യം പണയം വയ്ക്കലാണെന്ന് ആരോപിച്ചുള്ള പ്രക്ഷോഭത്തിൽ ഹോങ്കോംഗിലെ ചൈനാ അനുകൂല സർക്കാരിനു കാലിടറി. കരാർ ഉപേക്ഷിക്കാൻ ഹോങ്കോംഗ് ഭരണാധികാരി(സിഇഒ) കാരി ലാം നിർബന്ധിതയായി.
എന്നാൽ സമരം അവസാനിച്ചില്ല. സ്വതന്ത്ര തെരഞ്ഞെടുപ്പ് അടക്കമുള്ള ജനാധിപത്യ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് സമരം തുടരുന്നു. ആഴ്ചയുടെ അവസാന ദിവസങ്ങളിൽ പതിനായിരങ്ങൾ തെരുവിലിറങ്ങി നഗരം സ്തംഭിപ്പിച്ചതോടെ നഗരത്തിൽ അരാജകത്വം പിടിമുറുക്കി. പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷങ്ങൾ പതിവായി. ചൈനാ അനുകൂലികൾ പ്രക്ഷോഭകരെ തല്ലിച്ചതച്ച സംഭവങ്ങളുണ്ടായി.
1997ൽ ബ്രിട്ടനിൽനിന്നു ഹോങ്കോങ്ങിന്റെ നിയന്ത്രണം ലഭിച്ചശേഷം ചൈന നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികൂടിയാണിത്. ചൈനീസ് സർക്കാർ നിരവധിത്തവണ പ്രക്ഷോഭകർക്കു മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
ഓഗസ്റ്റിനുശേഷം ആദ്യമായി പോലീസ് അനുമതിയോടെ നടന്ന റാലിയായിരുന്നു ഇന്നലത്തേത് എന്ന പ്രത്യേകതയുണ്ട്. സമരക്കാർക്കു നേർക്കുള്ള പോലീസിന്റെ അതിക്രമത്തിൽ സ്വതന്ത്ര അന്വേഷണം നടത്തുക, അറസ്റ്റിലായവർക്ക് മാപ്പു നല്കുക, സ്വതന്ത്ര തെരഞ്ഞെടുപ്പു നടത്തുക എന്നീ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്ന് സമരത്തിനു നേതൃത്വം നല്കുന്ന സിവിൽ ഹ്യൂമൻ റൈറ്റ്സ് ഫ്രണ്ട് ആവശ്യപ്പെട്ടു. ഇന്നലെ റാലിക്കു മുന്നോടിയായി പോലീസ് നടത്തിയ റെയ്ഡിൽ 11 പേർ അറസ്റ്റിലായി. ഒരു കൈത്തോക്കും 105 വെടിയുണ്ടകളും കണ്ടെടുത്തു.
സുപ്രധാന പരീക്ഷണം നടത്തിയെന്ന് ഉത്തരകൊറിയ
പ്യോംഗ്യാംഗ്: വളരെ പ്രധാനപ്പെട്ട ഒരു പരീക്ഷണം ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തിൽ നടത്തിയെന്ന് ഉത്തരകൊറിയയിലെ കെസിഎൻഎ വാർത്താ ഏജൻസി അറിയിച്ചു. എന്നാൽ ഇതിന്റെ വിശദാംശങ്ങളൊന്നും നല്കിയില്ല. ഉപഗ്രഹവിക്ഷേപണ റോക്കറ്റിന്റെയോ, ബാലിസ്റ്റിക് മിസൈലിന്റെയോ എൻജിൻ പരീക്ഷിച്ചതാകാമെന്ന് അനുമാനിക്കപ്പെടുന്നു.
ആണവനിർവ്യാപനം സംബന്ധിച്ച് യുഎസുമായുള്ള ചർച്ചകൾ അവസാനിച്ചുവെന്ന് ഉത്തരകൊറിയുടെ യുഎൻ പ്രതിനിധി കിം സോംഗ് ഇന്നലെ പ്രഖ്യാപിച്ചതിനു പിന്നാലെയാണു പരീക്ഷണത്തെക്കുറിച്ചുള്ള അറിയിപ്പ് വന്നത്.
സൊഹായി ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തിലായിരുന്നു പരീക്ഷണം. ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചകളിൽ ഈ വിക്ഷേപണകേന്ദ്രം പൂട്ടുമെന്ന് വാഗ്ദാനം ചെയ്തിരുന്നതാണ്.
ഉപഗ്രഹവിക്ഷേപണമെന്ന പേരിൽ ഉത്തരകൊറിയ മുന്പ് നടത്തിയിട്ടുള്ളതെല്ലാം ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളാണ്.
മെക്സിക്കൻ പ്രസിഡന്റിന്റെ വസതിക്കു സമീപം വെടിവയ്പ്; നാലു മരണം
മെക്സിക്കോ സിറ്റി: മെക്സിക്കോ പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ നാഷണൽ പാലസിനു സമീപമുണ്ടായ വെടിവയ്പിൽ നാലു പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ആയുധധാരിയായ ഒരാൾ പാലസിനു സമീപമുള്ള അപാർട്ട്മെന്റിൽ മൂത്രശങ്ക തീർക്കാനായി കയറാൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. അപാർട്ട്മെന്റിലെ താമസക്കാർ ഇയാളെ തടഞ്ഞു. ഇയാൾ ഉടൻ മൂന്നുപേരെ വെടിവച്ചുകൊന്നു. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു. സംഭവസമയത്ത് പ്രസിഡന്റ് ഒബ്രഡോർ പാലസിൽ ഇല്ലായിരുന്നു.
ബെയ്ജിംഗ്: ചൈനയിലെ യുനാൻ പ്രവിശ്യയിൽ ട്രക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ഏഴു പേർ മരിച്ചു. വെഷ്നാൻ സിറ്റിയിലെ ഹൈവേയിൽക്കൂടി വരികയായിരുന്ന ട്രക്ക്, ഒരു കാറിനും മോട്ടോർസൈക്കിളിനും മുകളിലേക്കാണു മറിഞ്ഞത്. രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു.