യുഎസിന്റെ അധികതീരുവ പ്രാബല്യത്തിൽ; അമേരിക്കയ്ക്ക് ചൈനയുടെ തിരിച്ചടി 84% തീരുവ ചുമത്തി
Thursday, April 10, 2025 2:51 AM IST
ബെയ്ജിംഗ്/ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധികതീരുവയ്ക്ക് ചുട്ട മറുപടി നല്കി ചൈന. യുഎസ് ഉത്പന്നങ്ങൾക്ക് 84 ശതമാനം തീരുവ പ്രഖ്യാപിച്ചാണ് ചൈനയുടെ തിരിച്ചടി. ഇതോടെ ആഗോള വ്യാപാരയുദ്ധം കനക്കുമെന്ന് ഉറപ്പായി.
104 ശതമാനം തീരുവയാണ് ചൈനയ്ക്കെതിരേ അമേരിക്ക ചുമത്തിയത്. തങ്ങൾക്കെതിരേ നേരത്തേ ചൈന ചുമത്തിയ 34 ശതമാനം തീരുവ പിൻവലിച്ചില്ലെങ്കിൽ 50 ശതമാനം തീരുവകൂടി അധികമായി ചുമത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അമേരിക്കൻ ഭീഷണിക്കു വഴങ്ങില്ലെന്നായിരുന്നു ചൈനയുടെ ഉറച്ച നിലപാട്.
തുടർന്നാണ് ട്രംപ് 104 ശതമാനം തീരുവ ഏർപ്പെടുത്തിയത്. അമേരിക്കയ്ക്കെതിരേ ചൈന ഡബ്ല്യുടിഒയിൽ പരാതി നല്കിയിട്ടുണ്ട്. ചൈനയുടെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയാണ് അമേരിക്ക.
ഇന്ത്യയടക്കം അറുപതോളം രാജ്യങ്ങൾക്കുമേൽ അമേരിക്ക ചുമത്തിയ അധികതീരുവ അമേരിക്കൻ സമയം ബുധനാഴ്ച അർധരാത്രി നിലവിൽ വന്നു. 26 ശതമാനം തീരുവയാണ് ഇന്ത്യക്കുമേൽ അമേരിക്ക ചുമത്തുക.
ചൈനയ്ക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ തീരുവ വർധന ഇന്നലെ ആഗോള ഓഹരിവിപണിയിൽ തകർച്ചയ്ക്കു കാരണമായി. ഇന്ത്യൻ വിപണിയിലും നഷ്ടം രേഖപ്പെടുത്തി. സെൻസെക്സ് 380 പോയിന്റും നിഫ്റ്റി 136 പോയിന്റും ഇടിഞ്ഞു.