ബെൽഗരോദിൽ യുക്രെയ്ൻ സൈന്യം: പരസ്യമായി സമ്മതിച്ച് സെലൻസ്കി
Wednesday, April 9, 2025 1:05 AM IST
കീവ്: റഷ്യൻ പ്രദേശത്ത് യുക്രെയ്ൻ സൈന്യം കടന്നുകയറിയതായി പരസ്യമായി സമ്മതിച്ച് പ്രസിഡന്റ് വോളോദിമിർ സെലൻസ്കി. അതിർത്തിയോടു ചേർന്ന റഷ്യൻ പ്രദേശമായ ബെൽഗറോദിൽ യുക്രെയ്ൻ സൈന്യം സജീവമാണെന്നു സെലൻസ്കി പറഞ്ഞു.
ശത്രുവിന്റെ ഭൂമിയിൽ തങ്ങൾ കടന്നുകയറുകയും സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഇത് തികച്ചും ന്യായമാണെന്നും സെലൻസ്കി പറഞ്ഞു. യുക്രെയ്ന്റെ സുമി, ഖാർകീവ് അതിർത്തി പ്രദേശങ്ങളെ സംരക്ഷിക്കുക, കിഴക്കൻ ഡൊണെറ്റ്സ്ക് മേഖലയിൽ സമ്മർദം ലഘൂകരിക്കുക എന്നിവയാണു പ്രധാന ലക്ഷ്യമെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു.
കുർസ്ക്, ബെൽഗറോദ് മേഖലകളിലെ സൈനിക സാന്നിധ്യം ഉൾപ്പെടെയുള്ള സാഹചര്യത്തെക്കുറിച്ച് തനിക്ക് കമാൻഡർ ജനറൽ ഒലെക്സാണ്ടർ സിർസ്കി വിശദീകരിച്ചു നൽകിയതായി സെലെൻസ്കി പറഞ്ഞു. ബെൽഗറോദ് മേഖലയിൽ വിന്യസിച്ചിരിക്കുന്ന അസോൾട്ട് റെജിമെന്റ് ഉൾപ്പെടെ സൈനിക യൂണിറ്റുകൾക്ക് സെലെൻസ്കി നന്ദിയും പറഞ്ഞു.
ബെൽഗരോദിലേക്കു യുക്രെയ്ൻ സൈന്യം കടന്നുകയറാൻ ശ്രമിച്ചതായും ഇത് പരാജയപ്പെടുത്തിയതായും റഷ്യൻ സൈന്യം കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. യുദ്ധം ആരംഭിച്ചതിനു ശേഷം റഷ്യ ഇതുവരെ യുക്രെയ്ന്റെ ഏകദേശം 20 ശതമാനത്തോളം പ്രദേശത്തിന്റെ നിയന്ത്രണം കൈവശപ്പെടുത്തിക്കഴിഞ്ഞു.
ഇതിനിടെ, വെടിനിർത്തൽ കരാറിനു തയാറാകാത്ത റഷ്യൻ നടപടിയെ വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തുവന്നു. നിലവിൽ നടന്നുവരുന്ന കാര്യങ്ങളിൽ താൻ സന്തോഷവാനല്ലെന്നു ട്രംപ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞു. റഷ്യ ഭ്രാന്തമായി ബോംബിംഗ് നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.