50 ഡോളർ സംഭാവനയ്ക്ക് 12 വർഷം ജയിൽ; കാരളീനയ്ക്ക് മോചനം
Friday, April 11, 2025 1:06 AM IST
അബുദാബി: അമേരിക്കയും റഷ്യയും തടവുകാരെ കൈമാറി. യുക്രെയ്നുവേണ്ടി സംഭാവന നല്കി എന്നാരോപിച്ച് 12 വർഷത്തെ ശിക്ഷ വിധിക്കപ്പെട്ട അമേരിക്കൻ-റഷ്യ പൗരയായ കസേനിയ കാരളീനയെ ആണ് റഷ്യ മോചിപ്പിച്ചത്.
റഷ്യൻ ആയുധമേഖലയ്ക്കുവേണ്ടി ഇലക്ട്രോണിക് ഉപകരണങ്ങൾ കള്ളക്കടത്തു നടത്തിയിരുന്ന റഷ്യൻ- ജർമൻ പൗരനായ ആർതർ പെട്രോവിനെ അമേരിക്കയും മോചിപ്പിച്ചു.
അബുദാബിയിൽവച്ചാണ് ഇരുവരെയും കൈമാറ്റം ചെയ്തത്. കാരളീന അമേരിക്കയിലേക്കു വിമാനം കയറിയതായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.
യുക്രെയ്നിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അമേരിക്കൻ സന്നദ്ധസംഘടനയ്ക്ക് 50 ഡോളർ സംഭാവന നല്കിയെന്ന കുറ്റത്തിനാണു കാരളീനയെ ജയിലിൽ അടച്ചത്. ബാലെ നർത്തകിയായ ഇവർ കഴിഞ്ഞവർഷം റഷ്യ സന്ദർശിക്കവേ അറസ്റ്റിലാകുകയായിരുന്നു. രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങളാണു കോടതിയിൽ തെളിഞ്ഞത്.
ആർതർ പെട്രോവിനെ അമേരിക്കയുടെ അഭ്യർഥന പ്രകാരം 2023ൽ സൈപ്രസ് അറസ്റ്റ് ചെയ്തു കൈമാറുകയായിരുന്നു. സുപ്രധാന സാങ്കേതിവിദ്യകളും മൈക്രോ ഇലക്ട്രോണിക് ഉപകരണങ്ങളും റഷ്യയിലേക്കു കടത്തുന്ന കള്ളക്കടത്തു സംഘത്തിന് ഇയാൾ രൂപം നല്കിയിരുന്നു.
അബുദാബിയിൽ സിഐഎ മേധാവി ജോൺ റാറ്റ്ക്ലിഫും റഷ്യൻ ഫോറിൻ ഇന്റലിജൻസ് സർവീസ് മേധാവി സെർഗി നര്യാഷ്കിനുമാണ് കൈമാറ്റത്തിനുള്ള ചർച്ചകൾ നടത്തിയതും നേതൃത്വം വഹിച്ചതും.