വ്യാപാരയുദ്ധം: ചൈനയ്ക്കു കൈകൊടുക്കാനില്ലെന്ന് ഓസ്ട്രേലിയ
Friday, April 11, 2025 1:06 AM IST
കാൻബറ: യുഎസ് പ്രസിഡന്റ് ട്രംപിന്റെ വ്യാപാരയുദ്ധത്തെ ഒരുമിച്ചുനിന്നു നേരിടാനുള്ള ചൈനയുടെ ക്ഷണം ഓസ്ട്രേലിയ നിരസിച്ചു.
ചൈനയുമായി കൈകോർക്കാനില്ലെന്നും വാണിജ്യത്തിൽ ചൈനയോടുള്ള ആശ്രിതത്വം കുറയ്ക്കുമെന്നും ഓസ്ട്രേലിയൻ ഡെപ്യൂട്ടി പ്രധാനമന്ത്രി റിച്ചാർഡ് മാൾസ് വ്യക്തമാക്കി.
ഇന്ത്യ, ബ്രിട്ടൻ, ഇന്തോനേഷ്യ, യൂറോപ്യൻ യൂണിയൻ, പശ്ചിമേഷ്യൻ രാജ്യങ്ങളുമായി വ്യാപാരബന്ധം മെച്ചപ്പെടുത്തി ഓസ്ട്രേലിയൻ സാന്പത്തികമേഖലയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓസ്ട്രേലിയയിലെ ചൈനീസ് അംബാസഡർ ഷിയാവോ ക്വിയാൻ എഴുതിയ പത്രലേഖനത്തിലാണ് വ്യാപാരയുദ്ധം നേരിടാൻ ഓസ്ട്രേലിയ ചൈനയുമായി കൈകോർക്കണമെന്നാവശ്യപ്പെട്ടത്.
ട്രംപ് ഓസ്ട്രേലിയയ്ക്കെതിരേ ചുമത്തിയ ചുങ്കത്തിനു യുക്തിയില്ലെന്നും എന്നാൽ അതിന്റെ പേരിൽ അമേരിക്കയ്ക്കെതിരേ പ്രതികാരച്ചുങ്കം ചുമത്തില്ലെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് നേരത്തേ വ്യക്തമാക്കിയിരുന്നു.